തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്തിന് ഒഴിയേണ്ടി വരും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിലാണ് ഇത്. ഹേമാ കമ്മറ്റിയിലെ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പരസ്യമായി പറയുന്ന സാഹചര്യത്തില്‍ രഞ്ജിത്തിനെ എങ്ങനെ സംരക്ഷിക്കുമെന്ന ചോദ്യം സിപിഎമ്മില്‍ സജീവമാണ്. ഇരകള്‍ക്കൊപ്പമെന്ന് പറയുന്ന സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ഇന്നത്തെ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. അതിനിടെ തനിക്കെതിരായ മോശം അനുഭവത്തില്‍ രഞ്ജിത്ത് മാപ്പു പറയണമെന്ന് ശ്രീലേഖാ മിത്ര ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രഞ്ജിത് രാജിവയ്ക്കണമെന്ന അഭിപ്രായക്കാരനാണ്. ഇതും സര്‍ക്കാരിന് അവഗണിക്കാന്‍ കഴിയില്ല.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ സംരക്ഷിച്ച് മന്ത്രി സജി ചെറിയാന്‍ രംഗത്ത് വന്നത് ഇടതുപക്ഷത്തേയും ഞെട്ടിച്ചു. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ്. വസ്തുത പരിശോധിക്കേണ്ടതുണ്ട്. ആക്ഷേപത്തില്‍ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കില്‍ കേസെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണ് വേട്ടക്കാര്‍ക്കൊപ്പമല്ല. പരാതി തരുന്ന മുറയ്ക്ക് സര്‍ക്കാര്‍ പരിശോധിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. കുറ്റം ചെയ്യുന്നവര്‍ക്കെതിരെ വിട്ടു വീഴ്ച ഉണ്ടാകില്ല. എന്നാല്‍. നടപടി എടുക്കാന്‍ രേഖമൂലം പരാതി വേണം. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചേ തീരുമാനത്തില്‍ എത്താന്‍ ആകൂവെന്ന് മന്ത്രി പ്രതികരിച്ചു. മീഡിയ വഴി ഉന്നയിച്ച മൊഴിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ സജി ചെറിയാന്‍, രഞ്ജിത്ത് അത് നിഷേധിച്ചില്ലെ എന്നും ചോദിച്ചു. ഇതെല്ലാം ഇടതുപക്ഷത്തിന് വിനയായി മാറും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്.

ഹേമ കമ്മറ്റിയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ സംബന്ധിച്ച് കേസ് എടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കിയാല്‍ ഏത് ഉന്നത ആണെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പരാതിയിലെ വസ്തുത അന്വേഷിക്കേണ്ടത് പൊലീസാണ്. ആരോപണം ഉയര്‍ന്നപ്പോള്‍ രഞ്ജിത്ത് മറുപടി പറഞ്ഞു. ആരോപണവും രഞ്ജിത്തിന്റെ മറുപടിയുമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. ഇക്കാര്യത്തില്‍ പരാതി വന്നാല്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി പറയുന്നു. ആരോപണത്തില്‍ കേസെടുത്താല്‍ അത് നിലനില്‍ക്കില്ലെന്നും പരാതി തന്നാല്‍ മാത്രമേ നടപടി സ്വീകരിക്കൂ എന്നുമാണ് മന്ത്രിയുടെ നിലപാട്. രഞ്ജിത്തുമായി താന്‍ സംസാരിച്ചോ എന്ന് പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

സര്‍ക്കാര്‍ സ്ത്രീകള്‍ക്കൊപ്പമാണ്. വേട്ടക്കാരനൊപ്പമല്ല ഇരയോടൊപ്പമാണ് സര്‍ക്കാര്‍. ആരോപണങ്ങളില്‍ കേസെടുക്കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആരോപണം ഉന്നയിച്ചാല്‍ വസ്തുത ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം. പക്ഷേ പരാതി കൊടുക്കേണ്ടത് അയാളുടെ ഉത്തരവാദിത്വമാണ്. ആക്ഷേപങ്ങളിലും ആരോപണങ്ങളിലും നടപടിയെടുക്കാന്‍ ആവില്ലെന്ന് മന്ത്രി സജി ചെറിയാന്‍ ആവര്‍ത്തിച്ചു. രഞ്ജിത്ത് ചുമതല നിര്‍വ്വഹിക്കുന്നത് രാഷ്ട്രീയ തീരുമാനത്തിന്റെ പുറത്താണ്. പാര്‍ട്ടിയാണ് പരിശോധിക്കുക. സിപിഎം എന്ന പാര്‍ട്ടി പരിശോധിക്കാതെ ഇരിക്കില്ലലോ. അക്കാര്യത്തില്‍ തീരുമാനം അപ്പോള്‍ ഉണ്ടാകുമെന്നായിരുന്നു രഞ്ജിത്തിനെ മാറ്റിനിര്‍ത്തുമോ എന്ന ചോദ്യത്തിന് സജി ചെറിയാന്റെ മറുപടി. ഇതെല്ലാം പരസ്യമായി രഞ്ജിത്തിനെ പിന്തുണയ്ക്കലായിരുന്നു. ഇടതുപക്ഷ മന്ത്രിക്ക് ചേര്‍ന്നതല്ല സജി ചെറിയാന്റെ പ്രതികരണമെന്ന് സിപിഐയ്ക്ക് അഭിപ്രായമുണ്ട്.

സംവിധായകന്‍ രഞ്ജിത്തിനെതിരായ ആരോപണത്തില്‍ ഉറച്ച് നടി ശ്രീലേഖ. 2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തില്‍ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിനോടാണ്. എന്നാല്‍ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു.

പാലേരിമാണിക്കം സിനിമയുടെ ഓഡിഷന് വേണ്ടി വിളിച്ചിരുന്നുവെന്നും കഥാപാത്രത്തിന് ചേരാത്തതിനാല്‍ മടക്കിയയച്ചുവെന്നുമുളള രജ്ഞിത്തിന്റെ വാദം നടി തളളി. കേരളത്തില്‍ വന്നത് സിനിമ ഓഡിഷന് വേണ്ടിയായിരുന്നില്ലെന്നും ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെയാണ് തന്നെ ക്ഷണിച്ചിരുന്നതെന്നും ശ്രീലേഖ ആവര്‍ത്തിച്ചു. ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. പക്ഷേ പരാതി നല്‍കാനും നടപടികള്‍ക്കുമായി കേരളത്തിലേക്ക് വരാനാകില്ല. ഞാന്‍ ജോലി ചെയ്യുന്നത് ബംഗാളിലാണ്. ആരെങ്കിലും പിന്തുണയ്ക്കാന്‍ തയാറായാല്‍ പരാതിയുമായി മുന്നോട്ട് പോകുമെന്നും നടി അറിയിച്ചു.

സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറയുന്ന കാലമാണ്. മമത ബാനര്‍ജി സര്‍ക്കാരിനെതിരെ അടക്കം ശക്തമായ ശബ്ദമുയര്‍ത്തിയ വ്യക്തിയാണ് ഞാന്‍. ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. എനിക്ക് ഉണ്ടായ മോശം അനുഭവം തുറന്ന് പറയാനുളള അവകാശം എനിക്കുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന് ഞാന്‍ പറയുന്നില്ല. തെറ്റിപറ്റിയെന്ന് സമ്മതിക്കണം. മാപ്പ് പറയണം. സംഭവിച്ചത് തെറ്റായി എന്നെങ്കിലും പറയണമെന്നും അവര്‍ ആവര്‍ത്തിച്ചു.