ആലപ്പുഴ: സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ റാപ്പർ വേടൻ രചിച്ച 'കുതന്ത്രം' എന്ന ഗാനം ചെങ്ങന്നൂർ കാരക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രോത്സവത്തിൽ അവതരിപ്പിക്കുന്നത് സംഘാടകർ തടഞ്ഞു. തങ്ങളുടെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് ആരോപിച്ചാണ് സംഘാടകർ വിലക്കേർപ്പെടുത്തിയത്. സംഭവത്തിൽ വേടന്റെ സഹോദരൻ ഹരിദാസ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തി.

'കൊച്ചിൻ തരംഗ് ബീറ്റ്‌സ്' അവതരിപ്പിച്ച ഗാനമേളയ്ക്കിടെയായിരുന്നു നാടകീയ രംഗങ്ങൾ. ഭക്തിഗാനങ്ങൾക്ക് ശേഷം സിനിമാ ഗാനങ്ങളിലേക്ക് കടന്ന സംഘം 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ 'കുതന്ത്രം' പാടാൻ തുടങ്ങിയ ഉടൻ, സംഘാടകരിൽ ഒരാൾ വേദിയിലെത്തി പാട്ട് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. വേടന്റെ പാട്ടുകൾ തങ്ങളുടെ സംസ്കാരത്തിന് യോജിക്കാത്തതാണെന്നും, ഇത്തരം ഗാനങ്ങൾ ഗാനമേളയിൽ ഉൾപ്പെടുത്തേണ്ടെന്ന് പൊതുയോഗം തീരുമാനിച്ചിട്ടുണ്ടെന്നും സംഘാടകർ വാദിച്ചു. സമാനമായ അനുഭവം മറ്റുചില ക്ഷേത്രങ്ങളിലും ഉണ്ടായിട്ടുണ്ടെന്ന് 'കൊച്ചിൻ തരംഗ് ബീറ്റ്‌സി'ലെ കലാകാരന്മാർ അറിയിച്ചു.

വിലക്കിന് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടി വേടന്റെ സഹോദരൻ ഹരിദാസ് രംഗത്തെത്തി. "ആരൊക്കെയോ അടിച്ചേൽപ്പിച്ച സംസ്കാരത്തിന്റെ അടിമകളായി ജീവിക്കുന്നവർ നമുക്കിടയിലുണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നു.

വേടനെപ്പോലൊരു കലാകാരന് ഇത് അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്താകും? എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് ഞങ്ങൾ മുന്നോട്ടുപോകും. ആരുടെയും ഔദാര്യത്തിലല്ല ഞങ്ങൾ ഇവിടെയെത്തിയത്," ഹരിദാസ് പറഞ്ഞു. വേടന്റെ വരികളെ ഭജനസംഘങ്ങളുമായി അനാവശ്യമായി താരതമ്യം ചെയ്യരുതെന്നും എല്ലാ കലകളും കലാകാരന്മാരും വളരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വേടന് നേടിക്കൊടുത്ത ഗാനമാണ് 'കുതന്ത്രം'. സുഷിൻ ശ്യാം ഈണമിട്ട ഈ പാട്ടിലെ "വിയർപ്പു തുന്നിയിട്ട കുപ്പായം" എന്ന വരികൾ മലയാളികൾ ഒന്നടങ്കം ഏറ്റുപാടിയതാണ്. കലാ സ്വാതന്ത്ര്യത്തെയും സാംസ്കാരിക മൂല്യങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.