- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വെടിവയ്പ്പിന് പ്രധാന കാരണക്കാരനെന്ന് ജുഡിഷ്യല്‍ കമീഷന്‍ കണ്ടെത്തിയ ഡിവൈഎസ്പി അബ്ദുല്‍ ഹക്കീം ബത്തേരിക്ക് പിന്നീട് സര്‍വീസില്‍ കയറാന്‍ കഴിഞ്ഞില്ല; അന്നത്തെ കണ്ണൂര്‍ എസ് പി കെ പത്മകുമാറിനെ 1998ല്‍ അറസ്റ്റു ചെയ്തിരുന്നു; കൂത്തുപറമ്പ് വാദികള്‍ക്ക് ആശ്വസിക്കാം; റവാഡയെ കുറ്റവിമുക്തനാക്കിയത് കമീഷന്‍; ആ മൊഴിയില്‍ സിപിഎം മൗനം തുടരും
കണ്ണൂര്‍: കൂത്തുപറമ്പ് വെടിവയ്പ്പ് അന്വേഷിച്ച തലശേരി ജില്ലാ സെഷന്‍സ് ജഡ്ജി കെ പത്മനാഭന്‍നായര്‍ കമീഷന്‍ അന്നത്തെ എഎസ്പി റവാഡ ചന്ദ്രശേഖറെ പൂര്‍ണമായും കുറ്റവിമുക്തനാക്കിയിരുന്നുവെന്ന വാദം ചര്‍ച്ചയാക്കുന്ന സിപിഎം കേസില്‍ റവാഡ ചന്ദ്രശേഖറിന്റെ മൊഴിയില്‍ കാട്ടന്നത് മൗനം.
എം.വി. രാഘവനെ വധിക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണു കൂത്തുപറമ്പ് വെടിവയ്പുണ്ടായതെന്നു തലശ്ശേരി പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കിയ ആളാണ് തലശ്ശേരി എഎസ്പിയായിരുന്ന റാവാഡ. എം.വി. രാഘവനെ വിടില്ലെന്നു ഡിവൈഎഫ്‌ഐ നേതാക്കള്‍ തന്നോടു പറഞ്ഞിരുന്നുവെന്നും അക്കൂട്ടത്തില്‍ തിരിച്ചറിഞ്ഞ ഡിവൈഎഫ്‌ഐ നേതാക്കളായ എം.സുരേന്ദ്രന്‍, പനോളി വല്‍സന്‍, എം.വി.ജയരാജന്‍ തുടങ്ങി 8 പേരുടെ വിവരങ്ങളാണ് എഫ്ഐആറില്‍ ചേര്‍ത്തതെന്നും മൊഴിയിലുണ്ടായിരുന്നു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ നിര്‍ദേശ പ്രകാരമാണു വെടിവച്ചതെന്നും മൊഴി നല്‍കി. അതിന്റെ പേരില്‍ ഡിവൈഎഫ്‌ഐയും സിപിഎമ്മും പ്രതിസ്ഥാനത്തു നിര്‍ത്തിയ റാവാഡയെയാണു ദേശാഭിമാനി അടക്കം ന്യായീകരിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും റവാഡയെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് കുറ്റവിമുക്തനുമാക്കി. അപ്പോഴും മൊഴി മൗനമായിരുന്നു. ഇതേ രീതിയില്‍ തന്നെയാണ് ദേശാഭിമാനിയും പ്രതിരോധം തീര്‍ക്കുന്നത്.
സംസ്ഥാന പൊലീസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിച്ച കഥകളെല്ലാം പൊളിഞ്ഞതോടെ കൂത്തുപറമ്പ് വെടിവയ്പിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കല്‍. 5 യുവാക്കള്‍ അതിദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ ഒന്ന് അനുശോചിക്കുകപോലും ചെയ്യാത്തവരാണ് ഇപ്പോള്‍ 'പൊട്ടിക്കരയുന്നത്' എന്ന് ദേശാഭിമാനി വിശദീകരിക്കുന്നു. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാറിനെ കുറ്റവിമുക്തനാക്കുന്നുവെന്നായിരുന്നു ഏറെക്കാലം മാധ്യമങ്ങളുടെ ആഘോഷം. ഒടുവിലെഴുതിയത് അജിത്കുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയെന്നാണ്. ഇതേ എഡിജപിയെ സംസ്ഥാന പൊലീസ് മേധാവിയാക്കാന്‍ വഴിവിട്ട നീക്കമെന്ന പരമ അബദ്ധമായി പിന്നീട്.
പൊലീസ് മേധാവി നിയമനത്തിലെ നടപടിക്രമങ്ങളും ചട്ടങ്ങളും അറിയാവുന്ന ആര്‍ക്കും ഒറ്റനോട്ടത്തില്‍ തന്നെ ഇത് കള്ളക്കഥയാണെന്ന് ബോധ്യമാകും. സംസ്ഥാനം അയക്കുന്ന പട്ടികയില്‍ നിന്ന് മാനദണ്ഡം, സീനിയോറിറ്റി, പ്രവര്‍ത്തന മികവ് എന്നിവ കണക്കാക്കിയാണ് യുപിഎസ്സി അന്തിമ പട്ടിക തയ്യാറാക്കുക. അതില്‍ നിന്ന് മികച്ചയാളെയാണ് നിയമിക്കുന്നത്. 30വര്‍ഷം സര്‍വീസുള്ള ഡിജിപിമാര്‍ ഇല്ലെങ്കിലേ അതിനു താഴെയുള്ള എഡിജിപിമാരെ പരിഗണിക്കാനാകൂ. ഇതെല്ലാം മറച്ചാണ് കഥകളെഴുതിയത്. തെറ്റിദ്ധാരണ പരത്താനുള്ള ഈനീക്കം വിലപ്പോവാതായപ്പോള്‍, ചര്‍ച്ച കൂത്തുപറമ്പായി. അതിനും മണിക്കൂറുകളുടെ ആയുസ്സേയുണ്ടായുള്ളുവെന്ന് സിപിഎം പത്രം പറയുന്നു. എന്നാല്‍ ഈ കേസില്‍ റവാഡ നല്‍കിയ മൊഴി ഡിവൈഎഫ് ഐയ്ക്ക് എതിരായിരുന്നു. അതേ കുറിച്ച് ദേശാഭിമാനിയും പറയുന്നില്ല.
റവാഡയെ കുറ്റവിമുക്തനാക്കുന്ന ദേശാഭിമാനി റിപ്പോര്‍ട്ട് ഇങ്ങനെ
സംഭവം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് എഎസ്പിയായി എത്തിയ റവാഡ ചന്ദ്രശേഖറിന് കൂത്തുപറമ്പ് വെടിവയ്പ്പില്‍ പങ്കില്ലെന്ന് ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ തന്നെ വ്യക്തമാക്കിയിരുന്നു. കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിയായിരുന്ന അന്നത്തെ ജില്ലാ പൊലീസ് മേധാവി പത്മകുമാറിന് പിന്നീട് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. അന്ന് കൂത്തുപറമ്പിന്റെ പേരിലുള്ള ഈ കള്ളപ്രചാരണമുണ്ടായില്ല. സുതാര്യതയും യോഗ്യതയും മാത്രമാണ് സര്‍ക്കാര്‍ മാനദണ്ഡമാക്കാറുള്ളതെന്നാണ് ഇവിടെയും തെളിഞ്ഞത്. റവാഡ ചന്ദ്രശേഖറെ മേധാവി ആക്കിയില്ലായിരുന്നെങ്കിലോ, രാഷ്ട്രീയ പകപോക്കല്‍, യോഗ്യനെ വെട്ടി എന്നാകും പ്രചാരണം. ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുകയെന്ന ഏക ലക്ഷ്യമേ ഇത്തരം വാര്‍ത്തകള്‍ക്കുള്ളൂവെന്നും ദേശാഭിമാനി പറയുന്നു.
റിപ്പോര്‍ട്ടിന്റെ 41-ാം പേജില്‍ ഇങ്ങനെ പറയുന്നുവെന്ന തരത്തില്‍ ദേശാഭിമാനിയും വാര്‍ത്ത നല്‍കുന്നു. ''വെടിവയ്പ്പ് സംഭവത്തിന് രണ്ടുദിവസംമുമ്പുമാത്രം ചുമതലയേറ്റ പരിചയസമ്പന്നനല്ലാത്ത ജൂനിയര്‍ ഐപിഎസ് ഓഫീസറാണ് റവാഡ. അദ്ദേഹത്തിന്റെമേല്‍ എന്തെങ്കിലും കുറ്റംചുമത്താന്‍ ഒരു കാരണവും ഞാന്‍ കാണുന്നില്ല.'' കമീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശപ്രകാരം, പൊലീസ് എടുത്ത ക്രിമിനല്‍ കേസില്‍നിന്ന് 2000 ഫെബ്രുവരി 29-ന് ഹൈക്കോടതി റവാഡ ചന്ദ്രശേഖറെ ഒഴിവാക്കി.
അഴിമതിക്കും വിദ്യാഭ്യാസക്കച്ചവടത്തിനുമെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സമരത്തിനുനേരെ കൂത്തുപറമ്പില്‍ 1994 നവംബര്‍ 25നാണ് വെടിവയ്പ്പും ലാത്തിച്ചാര്‍ജും ഉണ്ടായത്. അഞ്ചുപേര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് വെടിയുണ്ടയേറ്റു. 133 പേര്‍ക്ക് ലാത്തിച്ചാചാര്‍ജിലും പരിക്കേല്‍ക്കുകയുംചെയ്തു. 1995 ജനുവരി 20-നാണ് പത്മനാഭന്‍നായര്‍ കമീഷന്‍ നിലവില്‍വന്നത്. 1997 മാര്‍ച്ച് 27-ന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. വെടിവയ്പ്പിലേക്ക് നയിച്ച സാഹചര്യങ്ങള്‍, വെടിവയ്പ്പ് നീതീകരിക്കാവുന്നതാണോ, ഉത്തരവാദികളായ വ്യക്തികളാര്, സാന്ദര്‍ഭികമായി അതില്‍നിന്ന് ഉരുത്തിരിയുന്ന മറ്റു കാര്യങ്ങള്‍ എന്നിവയാണ് കമീഷന്‍ അന്വേഷിച്ചത്.
കണ്ണൂര്‍ ഡിവൈഎസ്പിയായിരുന്ന അബ്ദുല്‍ ഹക്കീം ബത്തേരിയുടെ നേതൃത്വത്തില്‍ നടന്ന, ഒഴിവാക്കാമായിരുന്ന ലാത്തിച്ചാര്‍ജാണ് വെടിവയ്പ്പിന് വഴിവച്ചതെന്ന് കമീഷന്‍ കണ്ടെത്തി. സ്ഥിതി വിലയിരുത്തുന്നതില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടും ഡെപ്യൂട്ടി കലക്ടറുമായിരുന്ന ടി ടി ആന്റണിക്കുണ്ടായ വീഴ്ചയും വെടിവയ്പ്പിലേക്ക് നയിച്ചുവെന്നാണ് നിഗമനം.
റിപ്പോര്‍ട്ടിന്റെ 40--ാം പേജില്‍ റവാഡയെക്കുറിച്ച് 'എഎസ്പി എത്രമാത്രം ഉത്തരവാദി' എന്ന ഉപതലക്കെട്ടില്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ''ആന്ധ്രയില്‍നിന്നുള്ള ജൂനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ 1994 നവംബര്‍ 23-ന് വൈകിട്ടാണ് ആദ്യമായി തലശേരിയില്‍ വരുന്നത്. കൂത്തുപറമ്പിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ചോ, രാഷ്ട്രീയ കൂട്ടുകെട്ടുകളോ അദ്ദേഹത്തിന് അറിയില്ല. വെടിവയ്പ്പ് ഗൂഢാലോചനയില്‍ റവാഡക്കെതിരെ തെളിവായി രേഖകളൊന്നുമില്ല. സംഭവത്തിനുമുമ്പ് റവാഡ, മന്ത്രി എം വി രാഘവനെ കണ്ടതായി പരാതിക്കാര്‍ വാദിച്ചിട്ടില്ല. തെളിവുകള്‍ കാണിക്കുന്നത് ഡിവൈഎസ്പി അബ്ദുല്‍ ഹക്കീം ബത്തേരിയും ഡെപ്യൂട്ടി കലക്ടര്‍ ടി ടി ആന്റണിയുമാണ് ലാത്തിച്ചാര്‍ജിനും വെടിവയ്പ്പിനും ഉത്തരവാദികളെന്നാണ്. എഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമല്ല ലാത്തിച്ചാര്‍ജിന് തുടക്കമിട്ടത്. മന്ത്രിയുടെ എസ്‌കോര്‍ട്ടിലുള്ള ഡിവൈഎസ്പിയാണ് ലാത്തിച്ചാര്‍ജ് തുടങ്ങിയത്.''
ഡിവൈഎസ്പിക്ക് ജോലിയില്ലാതായി
വെടിവയ്പ്പിന് പ്രധാന കാരണക്കാരനെന്ന് ജുഡിഷ്യല്‍ കമീഷന്‍ കണ്ടെത്തിയ ഡിവൈഎസ്പി അബ്ദുല്‍ ഹക്കീം ബത്തേരിക്ക് കമീഷന്‍ ശുപാര്‍ശപ്രകാരം പിന്നീട് സര്‍വീസില്‍ കയറാന്‍ കഴിഞ്ഞില്ല. അന്ന് കണ്ണൂര്‍ എസ്പിയായിരുന്ന കെ പത്മകുമാറിനെ 1998 സെപ്തംബര്‍ 29-ന് അറസ്റ്റുചെയ്തിരുന്നു.