തിരുവനന്തപുരം: തലച്ചോറിലെ കാന്‍സറിന് ശ്വാസകോശ കാന്‍സറിനുള്ള മരുന്ന് മാറി നല്‍കിയെന്ന വാര്‍ത്ത വ്യാജമെന്ന് റീജണല്‍ കാന്‍സര്‍ സെന്റര്‍. തലച്ചോറിനെ ബാധിച്ച കാന്‍സറിനുള്ള കീമോതെറപ്പി ഗുളികകള്‍ ശ്വാസകോശ കാന്‍സര്‍ ബാധിതര്‍ക്കു മാറി നല്‍കിയെന്നും, മരുന്നിന്റെ പാക്കിങ്ങില്‍ കമ്പനിക്ക് വന്ന പിഴവാണ് മരുന്നുകള്‍ മാറി നല്‍കാനിടയാക്കിയതെന്നുമായിരുന്നു വാര്‍ത്ത.

2130 കുപ്പികളില്‍ 2125 കുപ്പികളും വിതരണം ചെയ്തതിനു ശേഷമാണ് മരുന്ന് മാറിയ സംഭവം തിരിച്ചറിഞ്ഞതെന്നായിരുന്നു ആരോപണം. ടെമോസോളോമൈഡ് 100 എന്ന മരുന്നിന്റെ പാക്കറ്റില്‍ എറ്റോപോസൈഡ് എന്ന മരുന്നായിരുന്നു ഉണ്ടായിരുന്നത്. മരുന്ന് മാറിയകാര്യം മനസിലായതോടെ വിതരണം പൂര്‍ണമായും നിര്‍ത്തി. മരുന്ന് കമ്പനിയായ ഗുജറാത്തിലെ ഗ്ലോബെല ഫാര്‍മ നിര്‍മ്മിച്ചവയിലാണ് പിഴവ് സംഭവിച്ചതെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

ആര്‍സിസിയുടെ വിശദീകരണം ഇങ്ങനെ:

ആര്‍സിസിയുടെ പര്‍ച്ചേസ് & ടെണ്ടര്‍ നടപടികള്‍ (2024-25) അനുസരിച്ച് ഗ്ലോബല ഫാര്‍മ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ടെമോസോളോമൈഡ് 250mg,100mg, 20mg മരുന്നുകള്‍ ആര്‍സിസിയില്‍ വിതരണം ചെയ്യുന്നത്.

25/03/2025 ല്‍ ആര്‍സിസിയില്‍ എത്തിച്ച 92 പാക്കറ്റ് ടെമോസോളോമൈഡ് 100mg (ബാച്ച് നം. GSC24056, മാന്യുഫാക്ച്ചറിങ് ഡേറ്റ് 08/2024, ഇന്‍വോയിസ് നം; 2451201 ഡേറ്റ് 25/03/2025) എന്നീ ബാച്ചിലാണ് ആശയക്കുഴപ്പം ഉണ്ടായത്. ഓരോ ബാച്ച് മരുന്ന് എത്തുമ്പോഴും മരുന്നിന്റെ ബാച്ച് നമ്പറും മറ്റുരേഖകളും കൃത്യമായി പരിശോധിച്ചാണ് സ്റ്റോക്ക് എടുക്കുന്നത്. നേരത്തെ ലഭിച്ച സ്റ്റോക്ക് ബാക്കി ഉണ്ടായിരുന്നതിനാല്‍ 27/06/2025 നാണ് ഈ പാക്കറ്റില്‍ നിന്നും മരുന്ന് രോഗികള്‍ക്ക് വിതരണം ചെയ്യുന്നതിനായി ഫാര്‍മസിയില്‍ എത്തിച്ചത് എന്നും കാന്‍സര്‍ സെന്റര്‍ വിശദീകരിക്കുന്നു.

ഫാര്‍മസി ജീവനക്കാര്‍ പരിശോധന നടത്തിയശേഷം മാത്രമാണ് പതിവായി രോഗികള്‍ക്ക് മരുന്ന് വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ രോഗികള്‍ക്ക് മരുന്ന് വിതരണം ചെയ്യുന്നതിന് 12/07/2025ല്‍ ബാച്ചിലെ ആദ്യസെറ്റ് എടുക്കുമ്പോള്‍ തന്നെ 10 പാക്കറ്റുകളുടെ ഒരു സെറ്റില്‍ രണ്ടു പാക്കറ്റുകളില്‍ എറ്റോപോസൈഡ് 50 mg എന്ന ലേബല്‍ ഫാര്‍മസി സ്റ്റാഫിന്റെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ തന്നെ പാക്കറ്റുകള്‍ പൊട്ടിച്ച് പരിശോധിക്കുകയും ചെയ്തു.

പാക്കറ്റിനുള്ളിലെ ബോട്ടിലില്‍ ടെമോസോളോമൈഡ് 100mg എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ആശയക്കുഴപ്പം ഉണ്ടായതിനാല്‍ ടെമോസോളോമൈഡിന്റെ വിതരണം ഉടനടി നിര്‍ത്തിവച്ചു. തെറ്റായ മരുന്ന് ഒരു രോഗിക്കും വിതരണം ചെയ്തിട്ടില്ല. രോഗികള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കാന്‍സര്‍ സെന്റര്‍ വിശദീകരിച്ചു.

വിവരം ഉടന്‍ തന്നെ വിതരണക്കാരായ കമ്പനിയേയും അറിയിച്ചു. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആര്‍സിസി ഡ്രഗ് കമ്മിറ്റി 30/07/2025ന് ചേരുകയും ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് കേരളയെ വിവരം അറിയിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കൂടാതെ ഗ്ലോബല ഫാര്‍മ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും ഇനിമുതല്‍ മേല്‍പ്പറഞ്ഞ രണ്ട് മെഡിസിനുകളും എടുക്കേണ്ടതില്ലെന്നും കമ്പനിയുമായി പുതിയ കരാറില്‍ ഏര്‍പ്പെടേണ്ടതില്ലെന്നും തീരുമാനമെടുത്തുവെന്നും ആര്‍സിസി അറിയിച്ചു.

ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് കേരളയെ 16/08/2025 ന് വിവരമറിയിച്ചത് പ്രകാരം 06/10/2025 ന് ആശുപത്രിയിലെത്തി സംശയാസ്പദമായ മുഴുവന്‍ പാക്കറ്റുകളും ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് കേരള കണ്ടെടുത്തു. നിയമപരമായ തുടര്‍ നടപടികള്‍ ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് കേരളയുടെ ഭാഗത്തുനിന്നും സ്വീകരിക്കുമെന്ന് ആര്‍സിസി ചൂണ്ടിക്കാട്ടി.