കൊച്ചി: ഓപ്പറേഷന്‍ സിന്ദൂറിനെ സാമൂഹികമാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന കേസില്‍ നാഗ്പുരില്‍ അറസ്റ്റിലായ എളമക്കര കീര്‍ത്തിനഗര്‍ സ്വദേശിയുടെ വീട്ടില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) നടത്തിയത് വിശദ പരിശോധന. കീര്‍ത്തിനഗര്‍ സ്വദേശി റിജാസി (26)ന്റെ വീട്ടിലാണ് എടിഎസ് സംഘമെത്തിയത്. കേസില്‍ നാഗ്പുര്‍ ലകദ്ഗഞ്ച് പോലീസാണ് റെജാസിനെ അറസ്റ്റ് ചെയ്തത്.

കാശ്മീരില്‍ ഭീകരാക്രമണം നടത്തിയവരുടെ വീടുകള്‍ പൊളിച്ചതിനെതിരേ കഴിഞ്ഞമാസം 29-ന് പനമ്പിള്ളിനഗര്‍ സെന്റര്‍ പാര്‍ക്കിനുസമീപം റിജാസിന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. സംഭവത്തില്‍ ഇയാളെയടക്കം എട്ടുപേരെ അന്ന് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ഈ കേസിന്റെ വിവരങ്ങളും എടിഎസ് സംഘം ശേഖരിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചെന്ന് ആരോപിച്ചാണ് നാഗ്പുരില്‍നിന്ന് മഹാരാഷ്ട്ര പൊലീസ് റിജാസിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മലയാളി യുവാവിനെ കോടതി 13 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ആക്ടിവിസ്റ്റും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ കൊച്ചി ഇടപ്പള്ളി സ്വദേശി റിജാസ് എം. ഷീബാ സൈദീകിനെയാണ് (26) സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യല്‍, കലാപ ആഹ്വാനം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ച് നാഗ്പുര്‍ പൊലീസ് ഹോട്ടലില്‍നിന്നു പിടികൂടിയത്. പിന്നാലെ, റിജാസിന്റെ സുഹൃത്ത് നാഗ്പുര്‍ നിവാസിയായ ഇഷ കുമാരിയെയും (22) അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടയച്ചുവെന്നാണ് സൂചന. സിപിഐ മാവോയിസ്റ്റ് സംഘടനയുമായി റിജാസ് ബന്ധം പുലര്‍ത്തിയെന്ന ആരോപണവും എഫ്‌ഐആറിലുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിലെത്തി മഹാരാഷ്ട്ര പോലീസ് റെയ്ഡ് നടത്തിയത്.

ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 149 (ഇന്ത്യന്‍ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറെടുക്കല്‍), 192 (കലാപമുണ്ടാക്കാന്‍ ഉദ്ദേശിച്ച് പ്രകോപനം സൃഷ്ടിക്കല്‍), 351 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 353 (പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകള്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സിദീഖിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ, നിരോധിത മാവോയിസ്റ്റ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട മൂന്ന് പുസ്തകങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു. എളമക്കര കീര്‍ത്തിനഗറിലെ വീട്ടിലാണ് മഹാരാഷ്ട്ര എടിഎസിനൊപ്പം നാഗ്പൂര്‍ പോലീസും ഐബി ഉദ്യോഗസ്ഥരും കേരള പോലീസും ഞായറാഴ്ച രാത്രി 7.45 ഓടെ പരിശോധനക്ക് എത്തിയത്.

റിജാസിന്റെ മാതാവ്, പിതാവ്, സഹോദരന്‍ എന്നിവരില്‍നിന്ന് സംഘം മൊഴിയെടുത്തു. റിജാസിനെ ബന്ധങ്ങള്‍ സംബന്ധിച്ച്, കൊച്ചി കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടക്കുമെന്നാണ് വിവരം. സുഹൃത്തിനെ പിന്നീട് വിട്ടയച്ചെങ്കിലും റിജാസ് നിലവില്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് റിജാസിനെതിരെ ശക്തമായ നടപടികള്‍ പോലീസ് എടുത്തേക്കും.

പൂനെയില്‍ പഠിക്കുന്ന നാഗ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയായ ഇഷ കുമാരിക്കൊപ്പം ലകദ്ഗഞ്ച് പ്രദേശത്തെ ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു റിജാസ്. കേന്ദ്രസര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറെടുക്കുന്നു' എന്ന രീതിയിലായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റ് . പാകിസ്ഥാന്‍, പാകിസ്ഥാന്‍ അധിനിവേശ ജമ്മു & കാശ്മീര്‍ എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകള്‍ക്കെതിരെ ഇന്ത്യന്‍ സായുധ സേന നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിനെ സിദീഖ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ അപലപിച്ചിരുന്നു. അതോടൊപ്പം, നക്‌സലൈറ്റുകള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളെയും വിമര്‍ശിച്ചിരുന്നുവെന്ന് നഗരത്തിലെ ലകദ്ഗഞ്ച് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ പറയുന്നു. കളമശ്ശേരി സ്ഫോടനത്തില്‍ നല്‍കിയ കസ്റ്റഡി വാര്‍ത്തയുടെ പേരിലും റിജാസ് എം. ഷീബ സിദ്ദീഖിനെതിരെ വടകര പൊലീസ് മുമ്പ് കേസെടുത്തിരുന്നു. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മുസ്ലിം ചെറുപ്പക്കാരെ പൊലീസ് മണിക്കൂറുകളോളം തടഞ്ഞു വെച്ചുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനാണ് കേസെടുത്തത്. അന്ന് കലാപാഹ്വാനത്തിനുള്ള ഐപിസി 153 കുറ്റം ചുമത്തിയാണ് കേസെടുത്തത്.

പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ കോടതി വെറുതെവിട്ട നിസാമിനെയാണ് കളമശ്ശേരി സ്ഫോടനത്തെ തുടര്‍ന്ന് പൊലീസ് തടഞ്ഞുവെച്ചത് എന്നായിരുന്നു വാര്‍ത്ത. സംഭവത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ടിന്റെ അകമ്പടിയോടെ സായുധ പൊലീസ് സംഘമെത്തിയാണ് നിസാമിനെ കൊണ്ടുപോയിരുന്നത്. മാര്‍ട്ടിന്‍ കുറ്റം സമ്മതിച്ചിട്ടും ഏറെ കഴിഞ്ഞ ശേഷമാണ് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചത്. മാര്‍ട്ടിന്‍ കുറ്റം ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ അതില്‍ പ്രതിചേര്‍ക്കപ്പെടുമായിരുന്നുവെന്നും നിസാം പറഞ്ഞിരുന്നു. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ടല്ല സ്റ്റേഷനില്‍ കൊണ്ടുവന്നതെന്നാണ് എസ്.പി പറഞ്ഞിരുന്നത്.