കോഴിക്കോട്: മാസങ്ങള്‍ക്ക് മുമ്പ്, കണ്ണൂര്‍ ന്യൂമാഹിയിലെ വ്യവസായിയും, പുഴ എന്ന മമ്മൂട്ടി സിനിമയുടെ സംവിധായിക രത്തീനയുടെ മുന്‍ ഭര്‍ത്താവുമായ മുഹമ്മദ് ഷര്‍ഷാദുമായി മറുനാടന്‍ മലയാളി ഒരു അഭിമുഖം സംപ്രേഷണം ചെയ്തിരുന്നു. മലയാള സിനിമയിലേക്കും രാഷ്ട്രീയത്തിലേക്കും ഒരുപോലെ വ്യാപിക്കുന്ന ദല്ലാള്‍ മാഫിയയെക്കുറിച്ച് ശക്തമായ വെളിപ്പെടുത്തലായിരുന്നു, ഷര്‍ഷാദ് നടത്തിയത്. അത് വെറുമൊരു വഞ്ചനാ കഥയോ, കടുംബ പ്രശ്നമോ ആയിരുന്നില്ല.

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകനും, രാജേഷ് കൃഷ്ണയെന്ന യുകെയിലുള്ള ദല്ലാളും, സിപിപിഎമ്മിന്റെ സമുന്നത നേതാക്കളായ തോമസ് ഐസക്കും, യുവ നേതാവ് പി കെ ബിജുവും, ചില ഇടനിലക്കാരുമൊക്കെ ഉള്‍പ്പെട്ട വലിയൊരു തട്ടിപ്പിന്റെ അനുഭവസാക്ഷ്യമായിരുന്നു. ഇപ്പോള്‍ ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് സ്ഥാനമൊഴിയുമ്പോള്‍, ഷര്‍ഷാദ് ആ അഭിമുഖത്തില്‍ പറയുന്ന പല കാര്യങ്ങളും ചര്‍ച്ചയാവുകയാണ്.

സിനിമയും രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഒരു ദല്ലാള്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്, മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് അനുവദിച്ച അഭിമുഖത്തില്‍ ഷര്‍ഹാദ് ചൂണ്ടിക്കാട്ടിയത്. സംവിധായകന്‍ രഞ്ജിത്തിന്റെ ചീഫ് അസോസിറ്റോയ ശ്യാംജിത്ത് ജിഎസ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകനാണ്. ഈ ശ്യാം പല സാമ്പത്തിക വിഷയങ്ങളിലും ഇടനിലക്കാരനായും പ്രവര്‍ത്തിക്കുന്നുവെന്ന് സ്വന്തം അനുഭവം വെച്ച് ഷര്‍ഷാദ് പറയുന്നുണ്ട്.

മുമ്പ്, പാര്‍ലിമെന്റ് മന്ദിരം കാണാനുള്ള പാസിനുവേണ്ടിയാണ് ഞാന്‍ എം വി ശ്യാമിനെ വിളിച്ചതും, യുകെയില്‍നിന്ന് രാജേഷ് കൃഷ്ണ വഴി അയാള്‍ അത് ശരിയാക്കിതന്നതും ഷര്‍ഷാദ് അഭിമുഖത്തില്‍ പറയുന്നുണ്ട്. അതുപോലെ അതിഗുരതരമായ സാമ്പത്തിക ആരോപണങ്ങളും ഷര്‍ഷാദ് ഉന്നയിച്ചിരുന്നു. എം വി ഗോവിന്ദന്‍ മാസ്റ്റുടെ മകന്‍ ശ്യാമും, കേരളത്തിലെ ഒരു സീനിയര്‍ ഐപിഎസ് ഓഫീസറും, വേറൊരു വ്യക്തിയും ചേര്‍ന്നായിരുന്നു, സാമ്പത്തിക ഇടപാട് നടത്തിയതിന്റെ വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്.

ഷര്‍ഷാദിന്റെ വാക്കുകള്‍ ഇങ്ങനെ-" ശ്യാം ഒരു വ്യവസായിയെ സഹായിക്കാമെന്ന് പറഞ്ഞ് കാശുവാങ്ങി. പക്ഷേ അത് നടന്നില്ല. അപ്പോള്‍ സ്വാഭാവികമായി കാശു തിരികെ ചോദിക്കും. അപ്പോള്‍ കാശുകൊടുത്ത ആളിന്റെ മീഡിയേറ്ററായി ഞാനും, ശ്യാമിന്റെ മീഡിയേറ്ററായി രാജേഷ് കൃഷ്ണയും വരുന്നു. രണ്ടുമൂന്ന് ദിവസത്തെ തുടര്‍ച്ചയായ മീഡിയേഷനാണ്. അതിനിടയില്‍ എംബി രാജേഷ്, പി കെ ബിജു, തോമസ് ഐസക്ക്, ശ്രീരാമകൃഷ്ണന്‍ എന്നിവരൊക്കെ രാജേഷ് കൃഷ്ണക്ക് മെസേജ് അയക്കുന്നുണ്ട്. അതൊക്കെ ഇവന്‍ കാണിക്കും. അത് വലിയൊരു ഗെയിം ആയിരുന്നു. അയാള്‍ക്ക് കുറച്ച് എന്തോ കാശ് കിട്ടി. ഒരുപാട് തൊഴിലാളികള്‍ ഒക്കെയുള്ള ഒരു വ്യവസായിയായിരുന്നു അദ്ദേഹം. സിപിഎമ്മിനോട കളിച്ചാല്‍ തൊഴിലാളി പ്രശ്നവും മറ്റുമായി പണികിട്ടുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം."- ഷര്‍ഷാദ് അഭിമുഖത്തില്‍ പറയുന്നു.

ഈ ബന്ധം വഴിതന്നെയാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമിയില്‍ എത്തിയതെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ഉയരുന്ന ആക്ഷേപം. പുരുഷക്രേന്ദ്രീകൃതവും, സവര്‍ണ്ണബിംബങ്ങളുമുള്ള സിനിമകള്‍ എടുക്കുന്നയാള്‍ എന്ന നിലയില്‍ ഇടതുപക്ഷ ബുദ്ധിജീവികളാല്‍ നിരന്തരം വിമര്‍ശിക്കപ്പെട്ട സംവിധായകനായിരുന്നു, ഒരു കാലത്ത് രഞ്ജിത്ത്. എന്നിട്ടും പൊടുന്നനെ രഞ്ജിത്ത് ചലച്ചിത്ര അക്കാദമയുടെ തലപ്പത്ത് എങ്ങനെ എത്തി എന്ന ചോദ്യം ബാക്കിയാണ്. അമിത മദ്യപാനത്തിന്റെയും, സ്വഭാവദൂഷ്യത്തിന്റെയും പല കഥകള്‍ നേരത്തെയും രഞ്ജിത്തിനെതിരെ ആരോപണങ്ങളായി നേരത്തെയും കേട്ടിരുന്നു. സാധാരണ ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിക്കാറുള്ള സിപിഎം, രഞ്ജിത്തിനായി തങ്ങളുടെ മാനദണ്ഡങ്ങളിലൊക്കെ മായം ചേര്‍ത്തു. ഇതിന്റെയൊക്കെ പിന്നില്‍ ഇതേ ദല്ലാള്‍ ലോബിയാണെന്നാണ് വിമര്‍ശനം ഉയരുന്നത്.

തനിക്കെതിരെ ബംഗാളി നടിയുടെ ലൈംഗികാതിക്രമ ആരോപണം ഉയര്‍ന്നപ്പോള്‍, അതില്‍ ഗൂഢാലോനയുണ്ടെന്നാണ് രഞ്ജിത്തിനെ അനകൂലിച്ചവര്‍ പറഞ്ഞത്. പക്ഷേ താനും സജീവ ഇടതുപക്ഷക്കാരിയാണെന്നും, ഇടതുപക്ഷ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, രഞ്ജിത്ത് മാപ്പുപറഞ്ഞാല്‍ മതിയെന്നുമാണ് ബംഗാളി നടി പറഞ്ഞിരുന്നത്. എന്നാല്‍ മാപ്പുപറയാതെ, ഗുഢാലോചനാ ആരോപണം ആവര്‍ത്തിച്ചതോടെയാണ്, നടി രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതിപ്പെട്ടത്. ഒരു കണക്കിന് രഞ്ജിത്ത് ചോദിച്ച വാങ്ങിയ കേസാണിത്. ഇപ്പോള്‍ വിഷയം പൊലീസ് അന്വേഷിക്കുന്നതിനാല്‍ രഞ്ജിത്ത് മൂന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കയാണെന്നാണ് അറിയുന്നത്.