തിരുവനന്തപുരം: പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ ബംഗാളി നടി ശ്രീലേഖ മിത്രയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്. ശ്രീലേഖ മിത്രയെ ഓഡിഷന് വിളിച്ചിരുന്നു. കഥാപാത്രത്തിന് അനുയോജ്യ അല്ലാത്തതിനാല്‍ പരിഗണിച്ചില്ലെന്നും ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും രഞ്ജിത് ടെലിവിഷന്‍ ചാനലിനോട് വ്യക്തമാക്കി. അതേസമയം, ശ്രീലേഖ മിത്ര ഈ വിഷയം തന്നോട് സംസാരിച്ചിരുന്നതായി ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫ് പ്രതികരിച്ചു. സംഭവം നടന്ന അന്ന് തന്നെ അവര്‍ തന്നെ വിവരം അറിയിച്ചു. എവിടെ വേണമെങ്കിലും സാക്ഷ്യം പറയാന്‍ തയ്യാറെന്നും ജോഷി ജോസഫ് പറഞ്ഞു.

2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് നടി വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണെന്നും നടി പറഞ്ഞു.

'മലയാള സിനിമാ ഇന്‍ഡ്സട്രിയില്‍ നിന്നും എനിക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എനിക്കൊരു ഇ-മെയിലോ ഫോണ്‍ കോളോ വന്നു. കൊച്ചിയിലേക്ക് എത്തിച്ചേരണമെന്നാണ് പറഞ്ഞത്. മമ്മൂട്ടിയോടൊപ്പം ഒരു മലയാള സിനിമയില്‍ അഭിനയിക്കാനായിരുന്നു വിളിച്ചത്. ആ സമയത്ത് ഞാന്‍ ചില വ്യക്തിപരമായ പ്രശ്നങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. അതില്‍ നിന്നും പുറത്ത് കടക്കുക എന്നതും, മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്നത് വലിയ കാര്യമായതിനാലും ഞാന്‍ തയ്യാറായി.

കൊച്ചിയിലെത്തിയ ഞാന്‍ രാവിലെ തന്നെ സംവിധായകനെ കണ്ടു. രാവിലെ ഫോട്ടോഷൂട്ടുണ്ടായിരുന്നു. വസ്ത്രത്തെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും ഡേറ്റിനെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഇവിടെ നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റും നല്ല താമസസൗകര്യവും ഒരുക്കിയിരുന്നു അവര്‍. വൈകുന്നേരം എന്നെ വീണ്ടും വിളിച്ചു. നിര്‍മ്മാതാവ് ഉള്‍പ്പടെയുള്ളവര്‍ വരുന്നതിനാല്‍ പരസ്പരം പരിചയപ്പെടാനാണ് വിളിച്ചത് എന്നാണ് പറഞ്ഞത്.

ഞാന്‍ അവിടെ ചെന്നു. സംവിധായകന്‍ ഫോണിലൂടെ ഛായാഗ്രാഹകനുമായി സംസാരിക്കുകയായിരുന്നു. അദ്ദേഹത്തിനൊപ്പം ഞാന്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ആളാണെന്ന് സംവിധായകന്‍ പറഞ്ഞു. ഞാന്‍ അകത്തേക്ക് ചെന്നു. ബാല്‍ക്കണിയിലായിരുന്നു ഞങ്ങള്‍. ആദ്യം അദ്ദേഹം എന്റെ വളകളിലൂടെ കയ്യോടിച്ചു. ചിലപ്പോള്‍ വളകള്‍ കണ്ട കൗതുകം കൊണ്ടാകാം എന്ന് ഞാന്‍ കരുതി. ശാന്തയാകാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. ഇത് എവിടെ വരെ പോകും എന്ന് നോക്കാമെന്ന് കരുതി. ഒരുപക്ഷെ വളരെ നിഷ്‌കളങ്കമായ പ്രവര്‍ത്തിയാണെങ്കിലോ?

സംശയത്തിന്റെ ആനുകൂല്യം നല്‍കുകയായിരുന്നു അയാള്‍ക്ക് ഞാന്‍. എന്നാല്‍ ഞാന്‍ പ്രതിഷേധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ എന്റെ മുടിയില്‍ തലോടാന്‍ തുടങ്ങി. സ്പര്‍ശനം എന്റെ കഴുത്തിലേക്ക് നീണ്ടു. ഞാന്‍ പെട്ടെന്ന് ആ മുറിയില്‍ നിന്നിറങ്ങി. തുടക്കത്തില്‍ എന്നെ സിനിമയിലേക്ക് ക്ഷണിച്ചു കൊണ്ട് വിളിച്ച സഹസംവിധായകനെ വിളിച്ച് ഞാന്‍ ഈ സിനിമ ചെയ്യുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. ടാക്സി വിളിച്ചാണ് ഹോട്ടലിലേക്ക് പോയത്. ആ രാത്രി ഞാന്‍ ഒരിക്കലും മറക്കില്ല.

അപരിചിതരായവര്‍ക്കിടയില്‍ ഞാന്‍ നേരിട്ട അനുഭവം എന്നെ ഭയപ്പെടുത്തി. എന്റെ ഹോട്ടല്‍ റൂമിന്റെ മാസ്റ്റര്‍ കീ ആരുടെയെങ്കിലും കയ്യിലുണ്ടോ എന്നും, ആരെങ്കിലും രാത്രി വന്ന് വാതിലില്‍ മുട്ടുമോ എന്നും ഞാന്‍ ഭയന്നു. ആ രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. പിറ്റേന്ന് എന്നെ ആ സിനിമയിലേക്ക് വിളിച്ചയാളെ വിളിച്ച് ഞാന്‍ നടന്നതെല്ലാം പറഞ്ഞു. എനിക്ക് റിട്ടേണ്‍ ടിക്കറ്റ് വേണമെന്ന് ഞാന്‍ പറഞ്ഞു. അവര്‍ പണമൊന്നും തന്നില്ല. സ്വന്തം ചെലവിലാണ് ഞാന്‍ തിരിച്ചു വന്നത്.

കതകു തുറക്കാത്തതിലെ വിരോധം കാരണം സിനിമയിലെ രംഗങ്ങള്‍ വെട്ടിച്ചുരുക്കി. ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും നടി ചൂണ്ടിക്കാട്ടുന്നു. ലൈംഗികാതിക്രമ ശ്രമവും പ്രതിഫലവും നല്‍കാത്തതും സൂചിപ്പിച്ച് നടി 2018 ല്‍ താരസംഘടനയായ അമ്മയില്‍ പരാതി നല്‍കി.

.ഈ സംഭവത്തിന് പുറമെ, താന്‍ അഭിനയിച്ച രണ്ടു ചിത്രങ്ങള്‍ക്ക് പ്രതിഫലം ലഭിച്ചില്ലെന്നും നടി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആദ്യ സിനിമയില്‍ പുതുമുഖമായതിനാല്‍, അമ്മയെ പരാതിയുമായി സമീപിച്ചപ്പോള്‍, ഇപ്പോള്‍ പരാതിയുമായി പോയാല്‍ കരിയറിനെ ബാധിക്കുമെന്നും അതിനാല്‍ സിനിമയുമായി സഹകരിക്കാനാണ് നിര്‍ദേശം ലഭിച്ചതെന്നും നടി പറയുന്നു.

ഇതേ തുടര്‍ന്ന് പരാതിയുമായി മുന്നോട്ടുപോയില്ല. അടുത്ത സിനിമയിലും പറഞ്ഞുറപ്പിച്ച പ്രതിഫലം തരാന്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് ഇടയ്ക്ക് വെച്ച് ഷൂട്ടിങ്ങിന് പോയില്ല. ഇതോടെ ചിത്രീകരണം മുടങ്ങുമെന്നായതോടെ പകുതി പ്രതിഫലം നല്‍കി. ബാക്കി പണം ഇതുവരെ കിട്ടിയില്ലെന്നും നടി പറയുന്നു. ആദ്യ സിനിമയിലെ അഭിനയിച്ചതിന്ചില്ലിക്കാശ് പോലും നല്‍കിയിട്ടില്ല എന്നും നടി പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ, നടി ഈ മാസം 20 ന് താന്‍ മുമ്പു നല്‍കിയ പരാതിയുടെ കാര്യം ഒര്‍മ്മിപ്പിച്ച് വീണ്ടും കുറിപ്പു നല്‍കി. ശക്തരായ നടീനടന്മാര്‍ക്ക് വേണ്ടി മാത്രമാണോ അമ്മ സംഘടന നിലകൊള്ളുന്നതെന്നും പരാതിയില്‍ നടി ചോദിക്കുന്നു.

'സംഭവത്തില്‍ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫാണ്. എന്നാല്‍ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ല", ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീലേഖ പറഞ്ഞു. പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. ഒറ്റയ്ക്ക് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങിയെന്നും നടി പറഞ്ഞു.

അതിക്രമം നേരിട്ടവര്‍ പരാതിയുമായി മുന്നോട്ട് വരണം, കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണം, ഹേമ കമ്മറ്റി പോലുള്ള കമ്മിറ്റികള്‍ മറ്റു ഭാഷകളിലും വേണമെന്നും നടി ശ്രീലേഖ മിത്ര പറഞ്ഞു. അകലെ എന്ന സിനിമയില്‍ ശ്രീലേഖ ചെറിയ റോളില്‍ അഭിനയിച്ചിട്ടുണ്ട്.