തിരുവനന്തപുരം; ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചെങ്കിലും രഞ്ജിത്തിന് ആശ്വാസം. ബംഗാളി നടി ശ്രീലേഖാ മിത്രയെ അപമാനിച്ച കേസില്‍ രഞ്ജിത്തിന് കേസിനെ നേരിടേണ്ടി വരില്ല. രഞ്ജിത്തിനെതിരെ നടി പരാതി നല്‍കില്ല. രഞ്ജിത്തിനെ പാഠം പഠിപ്പിച്ച നടി ഇനി നിയമ പോരാട്ടത്തിന് ഇല്ല. ആദ്യമേ രഞ്ജിത്തില്‍ നിന്നൊരു മാപ്പ് മാത്രം ആവശ്യപ്പെട്ടാണ് പ്രശ്‌നം പൊതു സമൂഹത്തില്‍ ഉയര്‍ത്തിയത്. രഞ്ജിത്തിന്റെ രാജിയോടെ തന്നെ അര്‍ഹിക്കുന്ന ശിക്ഷ കിട്ടിയെന്നാണ് നടിയുടെ വിലയിരുത്തല്‍. പൊതു സമൂഹത്തില്‍ രഞ്ജിത്തിനെ തുറന്നു കാട്ടാനായതിന്റെ സന്തോഷത്തിലാണ് അവര്‍.

കേരളത്തിലേക്ക് പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാനാണ് എത്തിയത്. സ്വന്തം പണം മുടക്കിയാണ് വന്നത്. രഞ്ജിത്തിന്റെ മോശം പെരുമാറ്റം കാരണം ഉണ്ടായ ഏക നഷ്ടം ആ സാമ്പത്തികം മാത്രമാണ്. എന്നെ രഞ്ജിത്ത് പീഡിപ്പിച്ചിട്ടില്ല. എന്റെ ശരീരത്തില്‍ അദ്ദേഹം തൊട്ടു. അതെനിക്ക് പിടിച്ചില്ല. മറ്റുള്ളവര്‍ക്ക് അത് പ്രശ്‌നമായേക്കാം. അതുകാരണം എനിക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടായി. ഈ സാഹചര്യത്തെയാണ് വൈകിയെങ്കിലും തുറന്നു കാട്ടിയത്. ഇനി രഞ്ജിത്തിനെതിരെ നിയമ നടപടിക്കില്ല. തന്നെ സമീപിച്ചത് മോശം ഉദ്ദേശത്തോടെയാണ്. എന്നാല്‍ അതൊന്നും നടക്കാത്തതു കൊണ്ട് തന്നെ കേസ് കൊടുക്കുന്നതില്‍ കാര്യമില്ല. എന്റെ ശരീരത്തില്‍ തൊട്ടതിലെ മോശം ആങ്കിള്‍ തെളിയിക്കുക അത്ര എളുപ്പവുമാകില്ല-നടി പറഞ്ഞു.

തന്റെ വീട് പുലരണമെങ്കില്‍ കേസിന് പോകുന്നത് പ്രശ്‌നമാകുമെന്ന ചര്‍ച്ചയാണ് നടി ഉയര്‍ത്തുന്നത്. ഫലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള രഞ്ജിത്തിനെതിരെ കേസെടുക്കാതെ പോലീസിന് ഈ വിവാദം അവസാനിപ്പിക്കാം. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് രഞ്ജിത്തില്‍ നിന്നും സര്‍ക്കാര്‍ രാജി വാങ്ങിയതും അംഗീകരിച്ചതും. ഇന്നലെ ഉച്ചയോടെ തന്നെ രഞ്ജിത് രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇന്ന് രാവിലെയാണ് രാജി മെയിലില്‍ അയച്ചതും. ഇത് അംഗീകരിക്കുമെന്ന് മന്ത്രി സജി ചെറിയാനും അറിയിച്ചു. മുഖ്യമന്ത്രിയുടെ അനുമതി കിട്ടിയ ശേഷമാണ് രഞ്ജിത് രാജി മെയില്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനെ രാജി സന്നദ്ധത അറിയിച്ച ശേഷമാണ് കാറിലെ ചെര്‍മാന്‍ ബോര്‍ഡ് രഞ്ജിത്ത് മാറ്റിയത്.

ഒരു രഞ്ജിത്ത് മാത്രമല്ല ഉള്ളത്, നിരവധി പേരുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട സമയമാണ്, എല്ലാം പുറത്തുവരട്ടെയെന്നും ശ്രീലേഖ മിത്ര പ്രതികരിച്ചു. ഒടുവില്‍ രഞ്ജിത്ത് സമ്മതിച്ചുവെന്നും ശ്രീലേഖ മിത്ര കൂട്ടിച്ചേര്‍ക്കുന്നു. നിരവധി പേര്‍ക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്, ഇത് ബംഗാളി, ബോളിവുഡ് തുടങ്ങി എല്ലായിടത്തുമുണ്ട്. ഞാന്‍ മനുഷ്യര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ഒരു സ്ത്രീ പുരുഷനെ ആക്രമിച്ചാല്‍ പുരുഷനൊപ്പം നില്‍ക്കുമെന്നും ശ്രീലേഖ മിത്ര പറഞ്ഞു. ഇനിയെങ്കിലും സ്ത്രീകള്‍ സ്വന്തം ശക്തി തിരിച്ചറിയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

താനായിട്ട് പരാതി നല്‍കില്ലെന്നും കേരള പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും ശ്രീലേഖ മിത്ര പ്രതികരിച്ചു. 2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തില്‍ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിനോടാണ്.

എന്നാല്‍ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു.