- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശാടനത്തെ ഒഴിവാക്കിയപ്പോൾ പിആർഡിയെ മാറ്റിയ ഹൈക്കോടതി; അക്കാദമിയുണ്ടായ ശേഷം അവാർഡിൽ അട്ടിമറിക്ക് തെളിവായി നേമം പുഷ്പരാജിന്റെ ഓഡിയോ; അവാർഡ് നിർണ്ണയത്തിൽ അക്കാദമി ചെയർമാന് ഇടെപെട്ടെന്ന ആരോപണം പുതിയ തലത്തിൽ; കോടതിയെ സമീപിക്കാൻ വിനയനും; '19-ാം നൂറ്റാണ്ടിൽ' രഞ്ജിത്ത് തെറിക്കുമോ?
തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട വിവാദം സർക്കാരിന് തലവേദനയാകും. അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ പുതിയ തെളിവുകൾ പുറത്തു വന്ന സാഹചര്യത്തിലാണ് ഇത്. അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് സംവിധായകൻ വിനയനും പറഞ്ഞു. സിപിഐയുടെ നേതാവ് കൂടിയാണ് വിനയൻ. ഇതോടെ വിവാദത്തിന് രാഷ്ട്രീയ മുഖം വരികയാണ്. വിനയനെ സർക്കാർ സംരക്ഷിക്കുമോ എന്നതാണ് നിർണ്ണായകം.
അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന ജൂറി അംഗം നേമം പുഷ്പരാജിന്റെ ഓഡിയോ സന്ദേശം വിനയൻ ഇന്നലെ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിൽ കോടതിയെ സമീപിക്കാനും വിനയൻ പദ്ധതിയിടുന്നുണ്ട്. അങ്ങനെ വന്നാൽ അവാർഡ് പ്രഖ്യാപനം പോലും വിവാദത്തിലാകും. നേമം പുഷ്പരാജിന്റെ ശബ്ദ രേഖയടക്കം കോടതിയിൽ ഹാജരാക്കാനാണ് ആലോചന. 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തീരുമാനിച്ച അന്തിമ ജൂറിയിലെ അംഗവും, പ്രാഥമിക ജൂറി ചെയർമാനുമായിരുന്നു നേമം പുഷ്പരാജ്. സിപിഎമ്മുമായി ബന്ധപ്പെട്ട് നിൽക്കുന്ന വ്യക്തികൂടിയാണ് പുഷ്പരാജ്.
നേമം പുഴ്ചപരാജിന്റെ ഓഡിയോ സന്ദേശമാണ് സംവിധായകൻ വിനയൻ പുറത്തുവിട്ടത്. പത്തൊൻപതാം നൂറ്റാണ്ടിനെ ജൂറി അംഗങ്ങൾ ബാഹ്യസമ്മർദ്ദത്താൽ എതിർത്തെന്നാണ് ഓഡിയോ സന്ദേശത്തിൽ നേമം പുഷ്പരാജ് പറയുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്ത് യോഗ്യനല്ലെന്നും ഓഡിയോ സന്ദേശത്തിലുണ്ട്. ഈ ഓഡിയോ എല്ലാ അർത്ഥത്തിലും രഞ്ജിത്തിന് വിനയാണ്. അതിനിടെ രഞ്ജിത് സ്വയം രാജിവയ്ക്കുമെന്ന വിലയിരുത്തലുമുണ്ട്. രഞ്ജിത് രാജിവച്ചില്ലെങ്കിൽ കോടതിയിൽ പോകുമെന്ന നിലപാടിലാണ് വിനയൻ. യാതൊരു സമ്മർദ്ദത്തിനും വിനയൻ വഴങ്ങുന്നുമില്ല.
ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടതിന് തെളിവുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയാണ് ജൂറി അംഗത്തിന്റെ തന്നെ ഓഡിയോ സന്ദേശം പുറത്തുവിട്ടുള്ള വിനയന്റെ നീക്കം. പല അവാർഡുകൾക്കും പത്തൊൻപതാം നൂറ്റാണ്ടിനെ പരിഗണിച്ചെങ്കിലും ചിത്രത്തെ ഒഴിവാക്കാൻ രഞ്ജിത്ത് ശ്രമം നടത്തിയെന്നായിരുന്നു വിനയന്റെ ആരോപണം. തല്ലിപ്പൊളി ചിത്രമെന്ന് പറഞ്ഞ്, ഇകഴ്ത്തിക്കാട്ടാൻ ശ്രമം നടത്തി. ജൂറി അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമം നടത്തി. അവസാനം മൂന്ന് അവാർഡ് ചിത്രത്തിന് കിട്ടിയപ്പോഴും അവാർഡ് നിർണയം തിരുത്താനും രഞ്ജിത്ത് ഇടപെട്ടെന്നായിരുന്നു വിനയന്റെ ആരോപണം.
വിവാദം സാമൂഹ്യമാധ്യമങ്ങളിലും വലിയ ചർച്ചയായെങ്കിലും ഇതുവരെയും ചലച്ചിത്ര അക്കാദമിയോ, രഞ്ജിത്തോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. വിവാദമുയരുമ്പോഴെല്ലാം അവാർഡ് നിർണയം പൂർണമായും ജൂറി തീരുമാനമാണ് എന്ന വാദമാണ് സർക്കാർ ഉന്നയിക്കാറുള്ളത്. എന്നാൽ ജൂറി അംഗത്തിന്റെ വെളിപ്പെടുത്തൽ പുറത്തുവരുമ്പോൾ അതിന് പുതിയ മാനവുമുണ്ട്. ഈ സാഹചര്യത്തിൽ സർക്കാരിന് നടപടികളിലേക്ക് കടക്കേണ്ടി വരും. കോടതിയിൽ നിന്നും എതിർ പരാമർശമുണ്ടായാൽ അത് വലിയ തിരിച്ചടിയായി മാറുകയും ചെയ്യും.
ജൂറിമെമ്പറുടെ വെളിപ്പെടുത്തലിനു ശേഷം നിയമപരമായോ ധാർമികമായോ ആ പദവിയിലിരിക്കാൻ രഞ്ജിത്തിന് അവകാശമുണ്ടോ? എന്ന ചോദ്യമാണ് വിനയൻ ഉയർത്തുന്നത്. ഈ വിവരം അവാർഡ് നിർണയ സമയത്തു തന്നെ അറിഞ്ഞിരുന്ന സാംസ്കാരിക വകുപ്പ് ഇപ്പോഴെങ്കിലും നടപടി എടുക്കുമോ? നേരത്തെ സർക്കാരിന്റെ പിആർഡിയുടെ കീഴിലായിരുന്നു ഈ അവാർഡ് നിർണയവും മറ്റും നടത്തിയിരുന്നത്. 1996ലെ അവാർഡ് നിർണയത്തിൽ ഗുരുതരമായ ക്രമക്കേടു നടന്നു എന്നു കാണിച്ച് ഹൈക്കോടതിയിൽ കേസു പോകുകയുണ്ടായി
ദേശാടനം എന്ന സിനിമയേ മനഃപൂർവം ഒഴിവാക്കി എന്നതായിരുന്നു പ്രശ്നം.. അന്ന് ജസ്റ്റീസ് നാരായണക്കുറുപ്പ് അവാർഡ് നിർണയത്തിൽ പക്ഷപാതമുണ്ട് സുതാര്യത ഇല്ലായിരുന്നു എന്നു കണ്ടെത്തുകയും സത്യസന്ധമായി അവാഡ് നിർണയം നടക്കുവാനായി പിആർഡിയിൽ നിന്നു മാറ്റി ചലച്ചിത്ര അക്കാദമി രൂപീകരിക്കുവാനും അക്കാദമി ജൂറിയെ നിയമിച്ചു കഴിഞ്ഞാൽ പിന്നെ അവരിൽ യാതൊരു ഇടപെടലും ഉണ്ടാകാതെ അവാർഡ് നിർണ്ണയം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിടുകയും ഉണ്ടായി. ഈ സാഹചര്യത്തിലാണ് വീണ്ടും കോടതിയെ സമീപിക്കാൻ വിനയൻ ഒരുങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ