കൊച്ചി: മലയാളികള്‍ക്ക് കൊല്ലം സുധി എന്ന കലാകാരനോടുള്ള സ്‌നേഹമാണ് അവരുടെ കുടുംബത്തിന് അതിവേഗം വീടൊരുങ്ങാന്‍ ഇടയാക്കയത്. അതിന് ശേഷം സുധിയുടെ ഭാര്യ സോഷ്യല്‍ മീഡിയയിലെ താരമായി മാറി. അഭിനയ രംഗത്തേക്ക് അടക്കം അവര്‍ കടന്നു. ഇതിനിടെ കൊല്ലം സുധിയുടെ കുടുംബത്തിനായി നിര്‍മ്മിച്ച വീടിനെ ചൊല്ലി ഒരു വിവാദമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

കൊല്ലം സുധിക്കായി കെച്ച്ഇഡിസി എന്ന കൂട്ടായ്മ നിര്‍മിച്ചുകൊടുത്ത വീട് ചോരുന്നുവെന്ന ആരോപണവുമായി രേണു രംഗത്തു വന്നിരുന്നു. എന്നാല്‍, ഇവരുടെ ആരോപണം പച്ചക്കള്ളമാണെന്നാണ് കേരള ഹോം ഡിസൈന്‍ ഗ്രൂപ്പ് സ്ഥാപകനും വീട് വച്ചുനല്‍കാന്‍ നേതൃത്വം വഹിച്ചയാളുമായ ഫിറോസ് വ്യക്തമാക്കിയത്. മികച്ച കെട്ടുറപ്പില്‍ പണിത വീടാണ് അതെന്നും രേണുവിന്റെ വീഡിയോ കണ്ടപ്പോള്‍ വളരെയധികം വിഷമം തോന്നിയെന്നും ഫിറോസ് പറയുന്നു. ജീവിതത്തില്‍ ഇനിയാര്‍ക്കും ഇതുപോലെ സഹായം ചെയ്യില്ലെന്നും രേണു പറയുന്നത് പച്ചക്കളളമാണെന്നും ഫിറോസ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലൂടെ വെളിപ്പെടുത്തി.

നേരത്തെ ഒരു യുട്യൂബ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ രേണു സുധി വീടിനെ കുറ്റപ്പെടുത്തി രംഗത്തുവന്നത്. എന്നാല്‍ രേണു ഉന്നയിച്ച ചില ആവശ്യങ്ങള്‍ തള്ളിയതു കൊണ്ട് ഭീഷണി രൂപത്തില്‍ സംസാരിക്കുകയാണ് ചെയ്യുന്നതെന്നാണ് ഫിറോസ് വെളിപ്പെടുത്തുന്നത്. സഹായിച്ചവരെ ദ്രോഹിക്കുന്ന നിലപാട് സ്വീകരിച്ചു രേണുവിന്റെ നിലപാടില്‍ കടുത്ത അമര്‍ഷത്തിലാണ് ഫിറോസും കൂട്ടരും.

''ഇനി എന്തായാലും ആര്‍ക്കും വീട് നല്‍കാന്‍ ഞങ്ങളില്ല, ഇത്രയധികം സങ്കടപെട്ട മറ്റൊരു ദിനം ഇല്ല, ഒരുപാട് നന്ദി രേണുവിനു ഈ ചോദ്യങ്ങള്‍ ചോദിപ്പിച്ചതിനും അതിനു ഇങ്ങനെ കള്ളം നിറഞ്ഞ മറുപടി നല്‍കി ഞങ്ങളെ സമൂഹത്തില്‍ മോശക്കാരാക്കിയതിനും.- ഫിറോസ് പറഞ്ഞു.

രേണു പറയുന്നത് പച്ച കള്ളമാണ്. ആ വീട് ചോരുന്നില്ലെന്ന് നൂറ് അല്ല ഇരുന്നൂറ് ശതമാനം ഉറപ്പാണ്. ഏറ്റവും നല്ല ക്വാളിറ്റിയില്‍ നല്ല ഗുണ നിലവാരത്തില്‍ ചെയ്തുകൊടുത്ത വീടാണത്. സുധിയുടെ രണ്ട് കുഞ്ഞുങ്ങളുടെ പേരിലാണ് ആ വീട് നിര്‍മിച്ചത്. വീടിന്റെ ഫ്രണ്ട് എലിവേഷന്‍ നോക്കി കഴിഞ്ഞാല്‍ ഒരു ബ്ലാക്ക് ലൂബേഴ്‌സ് വരുന്നുണ്ട്. അത് തന്നെ സൈഡിലും കൊടുത്തിട്ടുണ്ട്. ലൂബേഴ്‌സിന്റെ അവിടെ ഗ്യാപ്പുണ്ട്. ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ അതുവഴി വെള്ളം ചാറ്റല്‍ അടിച്ച് അകത്തേക്ക് കയറും. അത് ഞാന്‍ അംഗീകരിക്കുന്നു. അതിനെയാണ് ഇവര്‍ മോശമായ രീതിയില്‍ പറയുന്നത്.

വീടിനു ഗുണനിലവാരം ഇല്ലെന്നാണ്. എല്ലാ വര്‍ഷവും പാവപ്പെട്ട കുടംബങ്ങള്‍ക്ക് ഓരോ വീട് ചെയ്തുകൊടുക്കാറുണ്ട്. അത്തരത്തിലാണ് സുധിയുടെ മക്കള്‍ക്ക് വേണ്ടിയും ഈ വീട് നിര്‍മിച്ചത്. വീട് മാത്രമാണ് സാധാരണ നല്‍കാറുള്ളത്. എന്നാല്‍ ഈ വീട്ടില്‍ ഫര്‍ണിച്ചറുകളും ടിവിയും വാട്ടര്‍ ഫില്‍ട്ടറുമൊക്കെ നല്‍കാന്‍ സാധിച്ചു. അതിനൊക്കെ ഒരുപാട് ആളുകള്‍ സഹായിച്ചിട്ടുണ്ട്. വ്യക്തിപരമായി എന്റെ ഭാഗത്ത് നിന്നും വലിയൊരു തുക ചെലവഴിച്ചിട്ടുണ്ട്. അതെന്റെ ബിസിനസ്സില്‍ നിന്നു കിട്ടുന്ന ലാഭമാണ് ഇവിടെ ഉപയോഗിച്ചത്.

സഹായിക്കാന്‍ കാശ് ഇല്ലാത്തതിനാല്‍ അവിടെ വന്ന് വീടിന്റെ പണി യാതൊരു കൂലിയും വാങ്ങാതെ ചെയ്തുപോയ നിരവധി ചെറുപ്പക്കാരുണ്ട്. അഞ്ചും പത്തും ദിവസം പണിയെടുത്താണ് അവര്‍ പോയത്. അത്തരത്തിലുള്ള ആളുകള്‍ക്കെല്ലാം വിഷമം ഉണ്ടാകുന്ന വിഡിയോ ആണ് ഇന്നലെ മുതല്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സത്യം പറഞ്ഞാല്‍ എനിക്കും വലിയ വിഷമം ഉണ്ടായി. നല്ല കാര്യങ്ങള്‍ ചെയ്തിട്ടും ഒന്നും അല്ലാതായി പോകുന്ന അവസ്ഥയാണ്.

ഈ വീട് നിര്‍മാണം കഴിഞ്ഞതിനു ശേഷവും അവര്‍ക്ക് ഒരു വര്‍ക്ക് ഏരിയ കൂടി ഉണ്ടാക്കിക്കൊടുക്കണം എന്നു പറഞ്ഞ് വിളിച്ചിരുന്നു. വീട് നിര്‍മാണം തന്നെ പൂര്‍ത്തിയാക്കിയത് ഫണ്ട് തികയാതെയാണ്. ഇനി വര്‍ക്ക് ഏരിയയ്ക്ക് കൂടി ഫണ്ട് ഇല്ലെന്ന് പറഞ്ഞപ്പോള്‍, ''ഞങ്ങള്‍ യൂട്യൂബേഴ്‌സിനെ വിളിച്ച്, ഇവിടെ വര്‍ക്ക് ഏരിയ ഇല്ലെന്ന് പറയും. അങ്ങനെ ആരെങ്കിലും ഉണ്ടാക്കി തന്നാല്‍ നിങ്ങള്‍ക്കാണ് അതിന്റെ നാണക്കേട്'', എന്നായിരുന്നു ഭീഷണിയുടെ ഒരു സ്വരത്തില്‍ രേണു പ്രതികരിച്ചത്.

എന്നാലും നിങ്ങള്‍ ആരെയെങ്കിലും വച്ച് ചെയ്യിച്ചോളൂ എന്നു ഞാന്‍ പറഞ്ഞു. കാരണം അന്നെന്റെ കയ്യില്‍ വേണ്ട തുക ഇല്ലായിരുന്നു. വീടുകേറി താമസ ദിവസം ഞങ്ങള്‍ പോയെങ്കിലും ഒരാള്‍ പോലും ഭക്ഷണം കഴിക്കാനൊന്നും നിന്നിരുന്നില്ല. അവര്‍ എത്രപേര്‍ക്ക് കരുതിയിരുന്നു എന്നൊന്നും അറിയില്ലായിരുന്നു. മാ സംഘടന ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. അതുവച്ചാണ് ആ പരിപാടിയുടെ തുക കണ്ടെത്തിയത്.

വീട് നല്‍കിയതിന് ശേഷം അത് കഴിഞ്ഞു. വീട് കൊടുത്തത് ഒരു കടപ്പാടായിട്ട് അവരെ കൊണ്ട് കൊണ്ടു നടപ്പിക്കരുത് എന്നുണ്ടായിരുന്നു. ലൂബേഴ്‌സിന്റെ ഉള്ളില്‍ കൂടെ ചാറ്റല്‍ അടിക്കുന്ന കാര്യം പറഞ്ഞപ്പോള്‍, 5000 രൂപ മുടക്കിയാല്‍ അവിടെ ഗ്ലാസ് ഇടാന്‍ സാധിക്കുമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അവര്‍ക്ക് അതിനൊന്നും കഴിയില്ല. ആ വീട്ടില്‍ ഒരു ക്ലോക്ക് ഫിക്‌സ് ചെയ്തത് താഴെ വീണാല്‍ ഉടനെ ഞങ്ങള്‍ ഇവിടുന്ന് പോയി അത് ശരിയാക്കി കൊടുക്കണം. മോട്ടോര്‍ കത്തിയിട്ട് അതും ശരിയാക്കി കൊടുക്കാന്‍ പറഞ്ഞു. ഇതൊക്കെയാണ് അവരുടെ ആവശ്യങ്ങള്‍. അതായത് ഒരു ബള്‍ബ് പോയാലോ, ഫ്യൂസ് പോയാലോ ഞങ്ങളെ വിളിക്കും. വീട് തന്നു, ഇനി അതിന്റെ മെയിന്റെയ്ന്‍സും കൂടെ ചെയ്യണമെന്ന് പറഞ്ഞാല്‍ അത് എങ്ങനെ സാധിക്കുമെന്നും ചോദിച്ചിരുന്നു.

അതിനുശേഷം ഇങ്ങനെ ഒരു വീഡിയോ അവര്‍ ഇടുമെന്നോ നമ്മളെ അവര്‍ സമൂഹത്തില്‍ മോശക്കാരാക്കി ചിത്രീകരിക്കുമോയെന്നോ അറിയില്ലായിരുന്നു. ഇതോടു കൂടി ഈ പരിപാടി നിര്‍ത്തി. ഇനി എന്തായാലും ആര്‍ക്കും വീട് നല്‍കാന്‍ ഞങ്ങളില്ല. ഇതു ഞങ്ങളുടെ അവസാന പ്രോജക്ട് ആണ്. അത്രയധികം ആത്മാര്‍ഥതയോടെയും കഷ്ടപ്പെട്ടും ചെയ്തുകൊടുത്ത വീടാണ്. സുധിയുടെ മക്കളും ഭാര്യയും സുധിയുടെ അമ്മയും വന്ന് ആ വീട്ടില്‍ നില്‍ക്കുമെന്നായിരുന്നു പ്രതീക്ഷ. അങ്ങനെ തന്നെയാണ് വീട് പണിതപ്പോഴും അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. നിര്‍ഭാഗ്യവശാല്‍ സുധിയുടെ വീട്ടുകാര്‍ ആരും അവിടെ ഇല്ല. ഇപ്പോള്‍ താമസിക്കുന്നത് രേണുവിന്റെ വീട്ടുകാരാണ്. അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യം, അതില്‍ നമ്മള്‍ ഇടപെടേണ്ട കാര്യമില്ല.

സുധിയുടെ മൂത്ത മകനെ വിളിച്ച് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. അവന്‍ അവന്റേതായ വിഷമങ്ങള്‍ പറഞ്ഞു. ഇതില്‍ ഒരു വിവാദമുണ്ടാക്കാനോ മുതലെടുപ്പ് നടത്താനോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സുധിയുടെ കുടുംബം ആ വീട്ടില്‍ താമസിക്കണമെന്നാണ് ഇപ്പോഴും ഞങ്ങളുടെ ആഗ്രഹം. ആ വീട്ടില്‍ ഒരു ചോര്‍ച്ചയുമില്ല, ഒരു പോളികാര്‍ബണേറ്റ് ഷീറ്റ് ഇട്ടു കഴിഞ്ഞാല്‍ അത് മാറും. ഞങ്ങള്‍ക്കിനി ആ വീടിന്റെ മെയ്ന്റന്‍സ് വര്‍ക്കുമായി ഇങ്ങനെ പോകാന്‍ പറ്റില്ല. ഇതിന്റെ പേരില്‍ അവരെന്തൊക്കെ വിഡിയോ ചെയ്താലും കുഴപ്പവുമില്ല. മറ്റൊരു മിമിക്രിക്കാരന് വീടു വച്ചുകൊടുക്കുന്ന കാര്യം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതോടെ ആ തീരുമാനവും പിന്‍വലിക്കുകയാണ്.''ഫിറോസിന്റെ വാക്കുകള്‍.

യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വീടിന് ചോര്‍ച്ചുണ്ടെന്ന് രേണു സുധി പറഞ്ഞത്. ''വലിയ വീട് തന്നെയാണ്, കയറി കിടക്കാലോ വാടകയൊന്നും കൊടുക്കാതെ. അവര്‍ തന്ന വലിയ ഉപകാരം തന്നെയാണ്. പിന്നെ ഞങ്ങള്‍ നില്‍ക്കുന്നതിനാണോ എന്ന് അറിയില്ല, ആളുകളൊക്കെ എന്തൊക്കെയോ പറയുന്നു, ഞങ്ങള്‍ കേട്ട് കേട്ട് മടുത്തു. അതാണ് വാടക വീടിനെ കുറിച്ചൊക്കെ ആലോചിക്കുന്നത്. പിന്നെ വാടക കൊടുക്കാനുള്ള കാശൊന്നും എന്റെ കയ്യില്‍ ഇല്ല.

വീടിനു ചോര്‍ച്ച ഉണ്ട്. ഞാന്‍ കിടക്കുന്നിടത്ത് ചോര്‍ച്ച ഇല്ല, റിതപ്പന്‍ കിടക്കുന്നിടത്താണ് ചോര്‍ച്ച. ഹാളിലും ലിവിങ് റൂമിലും നല്ല ചോര്‍ച്ച ഉണ്ട്. ഞാന്‍ ഇതിന്റെ ബില്‍ഡേഴ്‌സിനെ വിളിച്ചിട്ടില്ല. കാരണം എന്റെ കയ്യില്‍ അവരുടെ കോണ്‍ടാക്ട് നമ്പര്‍ ഒന്നും ഇല്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അവരെ പപ്പയാണ് കോണ്‍ടാക്ട് ചെയ്യുന്നേ. അവര്‍ ചെയ്തത് നല്ല കാര്യം തന്നെയാണ് , നെഗറ്റീവ് പറയുകയല്ല, പക്ഷേ ചോരുന്നുണ്ട്. ചില്ലിട്ട ഭാഗമൊക്ക ചോരുന്നുണ്ട്.

ദാനം തന്ന വീടല്ലേ എന്നൊക്കെ കമന്റ്‌സ് വരുന്നുണ്ട്. അതിനൊക്കെ ഒരുപാട് നന്ദി. മഴ പെയ്യുമ്പോള്‍ ചോരുന്നുണ്ട്, എന്തായാലും കുഴപ്പമില്ല, അത് പരിഹരിക്കാം. കേള്‍ക്കാവുന്നതിന്റെ പരമാവധി കേട്ടു, ബക്കറ്റ് ധാനമല്ലേടി, ചവിട്ടി ധാനമല്ലേടി എന്നൊക്കെ കേള്‍ക്കുന്നുണ്ട്. എന്തായാലും കുറച്ച് പൈസയൊക്കെ ആയിട്ട് വാടകയ്ക്ക് താമസിക്കണമെന്നൊക്കെയുള്ള ചിന്തയുണ്ട്. മക്കളുടെ വീടാണ്, നമുക്ക് താമസിക്കാം, എന്നാലും ആള്‍ക്കാര് സത്യമറിയാതെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും. അതിന്റെയൊരു ചെറിയ വിഷമം ഉണ്ട്.''രേണുവിന്റെ വാക്കുകള്‍.