ബെംഗളൂരു: നടന്‍ ദര്‍ശന്റെ ആരാധകനായ രേണുകാസ്വാമി ദര്‍ശന്റെ പെണ്‍സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീലസന്ദേശങ്ങള്‍ അയച്ചതാണ് ക്രൂരമായ കൊലപാതകത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട രേണുകാസ്വാമി ഇന്‍സ്റ്റഗ്രാമിലൂടെ പവിത്ര ഗൗഡയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. കൊല്ലപ്പെട്ട രേണുകാസ്വാമി നടി പവിത്ര ഗൗഡയ്ക്ക് അയച്ച അശ്ലീലസന്ദേശങ്ങളുടെ ഉള്ളടക്കങ്ങളടക്കം 3991 പേജുകളുള്ള കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നടിയെ അപമാനിക്കുന്നരീതിയിലുള്ള സന്ദേശങ്ങള്‍ക്ക് പുറമേ സ്വന്തം നഗ്‌നചിത്രങ്ങളും ഇയാള്‍ നടിക്ക് അയച്ചുനല്‍കിയിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. 'ഹായ്, നിങ്ങള്‍ 'ഹോട്ട്' ആണ്, ദയവായി നിങ്ങളുടെ നമ്പര്‍ അയക്കൂ. എന്നില്‍നിന്ന് എന്താണ് നിങ്ങള്‍ കാണാന്‍ പ്രതീക്ഷിക്കുന്നത്? ഞാന്‍ അത് അയക്കട്ടെ'- ഇങ്ങനെയായിരുന്നു രേണുകാസ്വാമി നടിക്ക് അയച്ച ഒരുസന്ദേശം. ''വൗവ്, 'സൂപ്പര്‍ബ്യൂട്ടി', ഞാനുമായി നിങ്ങള്‍ക്ക് രഹസ്യമായ ലിവ് ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടാമോ, ഞാന്‍ എല്ലാ മാസവും പതിനായിരം രൂപ തരാം', നടിക്ക് അയച്ച മറ്റൊരു സന്ദേശത്തില്‍ ഇതായിരുന്നു ഉള്ളടക്കം.

അശ്ലീല സന്ദേശങ്ങള്‍ക്ക് പുറമേ നഗ്‌നചിത്രങ്ങള്‍ അയക്കുന്നതും രേണുകാസ്വാമി പതിവാക്കിയിരുന്നു. ഇതോടെ പൊറുതിമുട്ടിയ നടി പവിത്ര ഗൗഡ തന്റെ സഹായിയും കേസിലെ മറ്റൊരുപ്രതിയുമായ പവനെ വിവരമറിയിച്ചു. തുടര്‍ന്ന് ഇയാള്‍ പവിത്ര ഗൗഡയെന്ന വ്യാജേന രേണുകാസ്വാമിയുമായി ചാറ്റ്ചെയ്തു. ഇതിലൂടെ രേണുകാസ്വാമിയുടെ വിലാസവും മറ്റുവിവരങ്ങളും മനസിലാക്കി. രേണുകാസ്വാമിയുടെ ജോലിസ്ഥലത്തുനിന്ന് ചില ചിത്രങ്ങളെടുത്ത് അയച്ചുനല്‍കാനും പ്രതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് നടന്‍ ദര്‍ശനെ വിവരമറിയിച്ച് ദര്‍ശന്റെ ഫാന്‍സ് അസോസിയേഷന്‍ നേതാക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണംചെയ്തത്.

രേണുകാസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആകെ 65 ഫോട്ടോകളാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതെല്ലാം കേസിലെ നിര്‍ണായക തെളിവുകളാണ്. പവിത്ര ഗൗഡയ്ക്ക് സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചതിന്റെ പ്രതികാരമായി രേണുകാസ്വാമിയുടെ ജനനേന്ദ്രിയം തകര്‍ത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ ശരീരത്തില്‍ ആകെ 39 മുറിവുകളുണ്ടായിരുന്നതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. എല്ലുകള്‍ പൊട്ടിയനിലയിലായിരുന്നു. ഇതിനുപുറമേ ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ച് യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ നിരന്തരം ഷോക്കേല്‍പ്പിച്ചെന്നും ജനനേന്ദ്രിയം തകര്‍ത്തെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകം നടന്ന ഷെഡ്ഡിലെ വാച്ച്മാന്റെ ദൃക്സാക്ഷി മൊഴിയും കേസില്‍ നിര്‍ണായകമാണ്. രേണുകാസ്വാമിയെ തട്ടിക്കൊണ്ടുവന്ന് ഷെഡ്ഡില്‍ എത്തിച്ചത് മുതല്‍ കൊലപ്പെടുത്തി മൃതദേഹം കൊണ്ടുപോകുന്നത് വരെയുള്ള എല്ലാ സംഭവങ്ങള്‍ക്കും ഇദ്ദേഹം സാക്ഷിയായിരുന്നു. നടന്‍ ദര്‍ശനും നടി പവിത്ര ഗൗഡയും ഇവിടെവന്നതായുള്ള മൊഴിയും ഇദ്ദേഹം അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. വാച്ച്മാന് പുറമേ പാര്‍ക്കിങ് ഷെഡ്ഡിലെ ജോലിക്കാരായ രണ്ടുപേരും കേസിലെ ദൃക്സാക്ഷികളാണ്. രേണുകാസ്വാമിയെ എങ്ങനെയാണ് ഉപദ്രവിച്ചതെന്നും എങ്ങനെ കൊലപ്പെടുത്തിയെന്നും ഇവര്‍ പോലീസിനോട് വിശദമായി വെളിപ്പെടുത്തിയിരുന്നു.

നടന്‍ ദര്‍ശന്‍ രേണുകാസ്വാമിയെ ക്രൂരമായി മര്‍ദിച്ചെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. നടന്‍ യുവാവിന്റെ നെഞ്ചില്‍ ചവിട്ടി. പിന്നാലെ യുവാവിനെ എടുത്ത് ഒരു ലോറിയിലേക്ക് വലിച്ചെറിഞ്ഞു. ഇതിലാണ് രേണുകാസ്വാമിയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റത്. തുടര്‍ന്ന് പവിത്ര ഗൗഡയ്ക്ക് സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചതിന്റെ പ്രതികാരമായി രേണുകാസ്വാമിയുടെ ജനനേന്ദ്രിയത്തില്‍ നിരന്തരം ചവിട്ടി. ചവിട്ടേറ്റ് രേണുകാസ്വാമി ബോധരഹിതനായെന്നും അന്വേഷണസംഘം പറഞ്ഞിരുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമായിരുന്നു പ്രതികളുടെ ശ്രമം. ഇതിനായി ദര്‍ശന്‍ തന്റെ പണവും സ്വാധീനവും ഉപയോഗിച്ചു. രേണുകാസ്വാമി കൊലക്കേസില്‍ മറ്റുചിലരെ കുറ്റം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ച് കേസില്‍നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ദര്‍ശനില്‍നിന്ന് പിടിച്ചെടുത്ത വസ്ത്രങ്ങളില്‍ കണ്ടെത്തിയ ചോരക്കറ കൊല്ലപ്പെട്ട രേണുകാസ്വാമിയുടേതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇതിനുപുറമേ കൊലപാതകം ആസൂത്രണം ചെയ്തതുമുതല്‍ മൃതദേഹം ഉപേക്ഷിക്കുന്നതുവരെ പ്രതികള്‍ തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളുടെ വിവരങ്ങളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ദര്‍ശന്റെ ആരാധകനായ ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ ഇക്കഴിഞ്ഞ ജൂണ്‍ എട്ടിനാണ് അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ദര്‍ശന്റെ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് രേണുകാസ്വാമി ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചതായിരുന്നു കൊലപാതകത്തിനുള്ള കാരണം. ദര്‍ശന്റെ നിര്‍ദേശപ്രകാരം കൊലയാളിസംഘം രേണുകാസ്വാമിയെ ചിത്രദുര്‍ഗയില്‍നിന്ന് തട്ടിക്കൊണ്ടുപോവുകയും ബെംഗളൂരു പട്ടണഗരെയിലെ പാര്‍ക്കിങ് കേന്ദ്രത്തിലെത്തിച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

ജൂണ്‍ ഒന്‍പതാം തീയതി പുലര്‍ച്ചെയാണ് രേണുകാ സ്വാമിയുടെ മൃതദേഹം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൊലക്കുറ്റം ഏറ്റെടുത്ത് മൂന്നുപേര്‍ കാമാക്ഷിപാളയ പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. എന്നാല്‍, പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നടന്‍ ദര്‍ശനും നടി പവിത്രയ്ക്കും കൃത്യത്തില്‍ പങ്കുള്ളതായി കണ്ടെത്തിയത്. പിന്നാലെ ഇരുവരെയും മൈസൂരുവിലെ ഫാംഹൗസില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.