തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവിക്കും അതിന്റെ ഉടമകളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കും ബെംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കനത്ത പ്രഹരം ലഭിച്ചത് മാധ്യമ ലോകത്തെല്ലാം വാര്‍ത്തായായിരുന്നു. തങ്ങളുടെ മുന്‍കാല ചരിത്രം മറച്ചുപിടിച്ചു ചാനല്‍ മുതലാളി ചമഞ്ഞ് കോടതിയെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് വന്‍പ്രവഹമാണ് ബെംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയില്‍ നിന്നും ഉണ്ടായത്. കോടതി പിഴ ഇട്ടത് കൂടാതെ സ്വന്തം അഭിഭാഷകന്‍ പോലും റിപ്പോര്‍ട്ടര്‍ ചാനലുകാരെ തള്ളിപ്പറഞ്ഞതാണ് അവര്‍ക്ക് നാണക്കേടായത്.

തന്റെ കക്ഷികള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസുകളില്‍ പ്രതികളാണെന്ന കാര്യം അറിയില്ലായിരുന്നു എന്നാണ് അഭിഭാഷകന്‍ കോടതി മുമ്പാകെ പറഞ്ഞത്. ആ വിവരം അറിയാതെയാണ് കേസുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്ന അപേക്ഷ കോടതിയില്‍ നല്‍കിയതെന്നും ബെംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയെ അഭിഭാഷകന്‍ അറിയിച്ചു. ഇതുള്‍പ്പെടെ പരാതിക്കാരുടെ നടപടികളില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി നീതിന്യായ പ്രക്രിയയുടെ കടുത്ത ദുരുപയോഗം എന്നാണ് വാര്‍ത്താ വിലക്ക് ഹര്‍ജിയെ വിശേഷിപ്പിച്ചത്.

ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ നല്‍കിയ വാര്‍ത്താ വിലക്ക് ഹര്‍ജി പിന്‍വലിക്കാന്‍ റിപ്പോര്‍ട്ടര്‍ ടി വി ഉടമകള്‍ നല്‍കിയ അപേക്ഷയിലെ വാദത്തിനിടയിലാണ് കക്ഷികളുടെ ഭൂതകാല ചെയ്തികളെപ്പറ്റി അറിവില്ലായിരുന്നുവെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. മുട്ടില്‍ മരം മുറി, മാംഗോ ഫോണ്‍ തട്ടിപ്പ് കേസുകളില്‍ റിപ്പോര്‍ട്ടര്‍ ഉടമകള്‍ പ്രതിയാണെന്ന കാര്യം അറിയാതെയാണ് വാര്‍ത്താ വിലക്ക് ഹര്‍ജി ഫയല്‍ ചെയ്തതെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സാങ്കേതികമായി തന്നെയും കബളിപ്പിച്ചു എന്ന വാദമാണ് അഭിഭാഷകന്‍ ഉയര്‍ത്തിയത്.

കോടതിയെ തെറ്റിദ്ധരിപ്പിച്ച് വാര്‍ത്താ വിലക്ക് ഉത്തരവ് നേടുകയാണ് റിപ്പോര്‍ട്ടര്‍ ഉടമകള്‍ ചെയ്തതെന്ന കാര്യം ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസാണ് വിഷയത്തില്‍ നിയമപോരാട്ടം നടത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികളുടെ വാദത്തിന് മറുപടിയായാണ് തന്നെയും കക്ഷികള്‍ കബളിപ്പിക്കുകയായിരുന്നെന്ന് അഭിഭാഷകന്‍ വ്യക്തമാക്കിയത്. പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ ആധികാരികത തെളിയിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് സമര്‍പ്പിച്ച രേഖകള്‍ സ്വീകരിച്ച ബെംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതി അവയുടെ വിശദമായ പരിശോധനയിലേക്ക് കടന്നില്ല. എന്നാല്‍, ഒരു കാരണവും വ്യക്തമാക്കാതെ വാര്‍ത്താവിലക്ക് ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത് ഒട്ടും സദുദ്ദേശപരമല്ലാത്ത നടപടിയായിരുന്നു ഹര്‍ജിക്കാരുടേത് എന്ന് വ്യക്തമാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.


ഇത്തരം രീതികള്‍ക്ക് തടയിടേണ്ടത് കോടതിയുടെ കടമയാണെന്ന് പറഞ്ഞാണ് ഹര്‍ജിക്കാര്‍ക്ക് പതിനായിരം രൂപ പിഴ ചുമത്തിയത്. റിപ്പോര്‍ട്ടര്‍ ടിവി ഡയറക്ടര്‍മാരായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരായി മാധ്യമങ്ങളിലും വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലും വന്ന വാര്‍ത്തകള്‍ നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു റിപ്പോര്‍ട്ടര്‍ ടിവി ബെംഗളൂരു കോടതിയെ സമീപിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളടങ്ങിയ 900 ലേറെ ലിങ്കുകള്‍ ഇടക്കാല ഉത്തരവിന്റെ ബലത്തില്‍ നീക്കം ചെയ്തിരുന്നു. ഈ ലിങ്കുകളെല്ലാം ഒരാഴ്ചയ്ക്കുള്ളില്‍ പുനഃസ്ഥാപിക്കണമെന്നാണ് ഉത്തരവ്. വാര്‍ത്താ വിലക്ക് ഹര്‍ജിയില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ബെംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതി പതിനായിരം രൂപയാണ് പിഴയിട്ടിരുന്നു.

കോടതി വിധിയിലെ പ്രസക്തഭാഗങ്ങള്‍:

കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ (പ്ലെയ്ന്റിഫ്) അപേക്ഷ കോടതി സ്വീകരിച്ചു. എന്നാല്‍, കൃത്യമായ കാരണങ്ങളില്ലാതെ കേസ് പിന്‍വലിക്കുന്നത് കോടതി നടപടികളുടെ ദുരുപയോഗമാണെന്ന് നിരീക്ഷിച്ച കോടതി 10,000 രൂപ പിഴയൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. 2025 ഒക്ടോബര്‍ 25-ലെ ഇടക്കാല ഉത്തരവിനെത്തുടര്‍ന്ന് പൊതുമധ്യത്തില്‍ നിന്ന് നീക്കം ചെയ്ത എല്ലാ URL-കളും, വാര്‍ത്താ റിപ്പോര്‍ട്ടുകളും ഒരാഴ്ചയ്ക്കകം പുനഃസ്ഥാപിക്കണമെന്ന് കോടതി ഉത്തരവിട്ടു.

വസ്തുതകള്‍ മറച്ചുവെച്ച് ഇടക്കാല ഉത്തരവ് സമ്പാദിച്ച ശേഷം, മറ്റ് കാരണങ്ങളില്ലാതെ കേസ് പിന്‍വലിക്കുന്നത് ദുരുദ്ദേശപരമാണെന്ന് കോടതി വിലയിരുത്തി. ഇത് കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവി ഡയറക്ടര്‍മാരായ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെയുള്ള മുട്ടില്‍ മരംമുറി കേസും മറ്റ് ക്രിമിനല്‍ നടപടികളും മറയ്ക്കാനാണ് ഈ ഹര്‍ജി നല്‍കിയതെന്ന് എതിര്‍കക്ഷികള്‍ വാദിച്ചു. ഏഷ്യാനെറ്റ്, മനോരമ ന്യൂസ് തുടങ്ങി 18 മാധ്യമ സ്ഥാപനങ്ങളെയാണ് കേസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ മനോരമ ന്യൂസ് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയും ഒക്ടോബറിലെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.

കോടതി നല്‍കിയത് താല്‍ക്കാലിക ഉത്തരവാണെന്നിരിക്കെ, വാര്‍ത്തകള്‍ സ്ഥിരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവി മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയച്ചത് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് പിന്‍വലിച്ചതോടെ റിപ്പോര്‍ട്ടര്‍ ടിവിക്ക് എതിരെയുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് നിലവിലുണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങിയിരിക്കുകയാണ്. കോടതിയുടെ ഉത്തരവ് പ്രകാരം ഒരാഴ്ചയ്ക്കകം എല്ലാ വാര്‍ത്താ ലിങ്കുകളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ തിരിച്ചെത്തും.

കേരളത്തില്‍ നടന്ന തട്ടിപ്പുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ തടയാന്‍ റിപ്പോര്‍ട്ടര്‍ ടിവി തിരഞ്ഞെടുത്തത് അയല്‍സംസ്ഥാനമായ കര്‍ണാടകയെയാണ്. ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ പോയി റിപ്പോര്‍ട്ടര്‍ ആദ്യം ഒരു എക്സ്പാര്‍ട്ടി (മറുഭാഗം കേള്‍ക്കാതെയുള്ള) വിധി നേടിയെടുക്കുകയായിരുന്നു.

മറുനാടന്‍ മലയാളി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നല്‍കിയ മുട്ടില്‍ മരംമുറി കേസ്, ബാങ്ക് തട്ടിപ്പ്, മാംഗോ ഫോണ്‍ വെട്ടിപ്പ് തുടങ്ങിയ വാര്‍ത്തകളുടെ 994 ലിങ്കുകളാണ് റിപ്പോര്‍ട്ടര്‍ ടിവി കോടതിയെ തെറ്റിദ്ധരിപ്പിച്ച് നീക്കം ചെയ്യിപ്പിച്ചത്. എന്നാല്‍ മാധ്യമങ്ങള്‍ സത്യസന്ധമായ വിവരങ്ങളാണ് കോടതിയില്‍ ഹാജരാക്കിയത്. ഇതോടെ, നീക്കം ചെയ്ത എല്ലാ വാര്‍ത്തകളും പുനഃസ്ഥാപിക്കാമെന്നും അവ പബ്ലിഷ് ചെയ്യാന്‍ യാതൊരു തടസ്സവുമില്ലെന്നും കോടതി വ്യക്തമാക്കി.

പ്രതിപ്പട്ടികയില്‍ ഇല്ലായിരുന്നിട്ടും മറുനാടന്‍ മലയാളിക്ക് പത്തോളം നോട്ടീസുകള്‍ അയച്ച് വിരട്ടാനായിരുന്നു റിപ്പോര്‍ട്ടര്‍ ടിവിയുടെ ശ്രമം. എന്നാല്‍ തങ്ങള്‍ കക്ഷി അല്ലാത്ത കേസില്‍ വാര്‍ത്ത മാറ്റില്ലെന്നും, നല്‍കുന്നത് പച്ചയായ സത്യങ്ങളാണെന്നും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ഉറച്ച നിലപാടെടുത്തു. ഒടുവില്‍ മനോരമ ന്യൂസ് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങുകയും ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ളവര്‍ കക്ഷി ചേരുകയും ചെയ്തതോടെ റിപ്പോര്‍ട്ടര്‍ ടിവി പ്രതിരോധത്തിലായി.