- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലോത്സവ റിപ്പോര്‍ട്ടിങ്ങില്‍ ദ്വയാര്‍ഥ പ്രയോഗമെന്ന പരാതി; പോക്‌സോ ചുമത്തിയതിന് എതിരെ റിപ്പോര്‍ട്ടര്‍ ടിവി മാധ്യമ പ്രവര്‍ത്തകര്‍ മുന്‍കൂര്‍ ജാമ്യം തേടി; പോക്‌സോ നിലനില്‍ക്കില്ലെന്നും കേസ് രാഷ്ട്രീയപ്രേരിതമെന്നും കെ അരുണ്‍കുമാറും ഷഹബാസും; കേസ് തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും
റിപ്പോര്‍ട്ടര്‍ ടിവി മാധ്യമ പ്രവര്‍ത്തകര്‍ മുന്‍കൂര്‍ ജാമ്യം തേടി
തിരുവനന്തപുരം: പോക്‌സോ കേസ് ചുമത്തിയതിന് എതിരെ റിപ്പോര്‍ട്ടര്‍ ടിവി ചാനലിലെ മാധ്യമ പ്രവര്‍ത്തകര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹര്‍ജി നല്‍കി. കെ അരുണ്‍കുമാറും, ഷഹബാസുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പോക്‌സോ കേസ് നിലനില്‍ക്കില്ലെന്നും, കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ഹര്‍ജിയിലെ മുഖ്യവാദം. കലോത്സവത്തിന്റെ ആവേശം പ്രകടിപ്പിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ ടെലി സ്‌കിറ്റില്‍, അശ്ലീല ചുവയുള്ള പരാമര്‍ശങ്ങള്‍ ഒന്നുമില്ല. പെണ്‍കുട്ടിയുടെയും രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും സമ്മതത്തോടെയാണ് ചിത്രീകരണം നടത്തിയതെന്നും ഹര്‍ജിയില്‍ വാദിക്കുന്നു.
കെ അരുണ്‍കുമാറിന്റെ പരാമര്‍ശം ബോധപൂര്‍വം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അതില്‍ പോക്‌സോ ചുമത്തേണ്ട കുറ്റമില്ലെന്നും ഹര്‍ജിയില്‍ വാദിക്കുന്നു. കേസ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങിലെ ദ്വയാര്‍ത്ഥ പ്രയോഗവുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍കുമാറിനെ ഒന്നാം പ്രതി ചേര്‍ത്ത് കൊണ്ടാണ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ആണ് കേസ് എടുത്തത്. തിരുവനന്തപുരം ജില്ലാ ശിശു ക്ഷേമ സമിതി ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. റിപ്പോര്‍ട്ടര്‍ ഷഹബാസ് ആണ് രണ്ടാം പ്രതി. കണ്ടാല്‍ അറിയാവുന്ന ഒരാളെ മൂന്നാം പ്രതിയായും ചേര്‍ത്തിട്ടുണ്ട്.
നേരത്തെ, സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കലോത്സവ റിപ്പോര്‍ട്ടിങില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിനാണ് കേസെടുത്തത്. സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട വാര്‍ത്താവതരണത്തില്‍ ഡോ. അരുണ്‍കുമാര്‍ സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വമേധയാ കേസെടുത്തതെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ്കുമാര്‍ അറിയിച്ചു.
കലോത്സവത്തില്‍ പങ്കെടുത്ത ഒപ്പന ടീമില്‍ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ ഷഹബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാര്‍ത്ഥ പ്രയോഗം. ഇതു സംബന്ധിച്ച് ചാനല്‍ മേധാവിയില്‍ നിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും ബാലാവകാശ കമ്മിഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. കേസ് എടുക്കാന്‍ ആസ്പദമായ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.