- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അമേരിക്കയെ കുടിയേറ്റം നശിപ്പിക്കുന്നു; ഡാലസിലെ ചില മാളുകളിൽ കയറിയാൽ പാകിസ്താനിലാണെന്ന് തോന്നും; പള്ളികൾ പെരുകുന്നു, നിർബന്ധിത മതപരിവർത്തനം നടക്കുന്നു; ടെക്സസിൽ ഇസ്ലാമികവൽക്കരണം നടക്കുന്നുണ്ടെന്ന വിവാദ പരാമർശവുമായി റിപ്പബ്ലിക്കൻ എംപി ബ്രാൻഡൻ ഗിൽ

ടെക്സസ്: അമിതമായ ഇസ്ലാമിക കുടിയേറ്റം അമേരിക്കയെ നശിപ്പിക്കുകയാണെന്നും, തന്റെ മണ്ഡലമായ ടെക്സസിലെ ചില ഭാഗങ്ങളിൽ ഇസ്ലാമികവൽക്കരണം സംഭവിക്കുന്നുണ്ടെന്നും റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ബ്രാൻഡൻ ഗിൽ. സംസ്ഥാനത്തെ ചില മാളുകൾ സന്ദർശിക്കുമ്പോൾ ഡാലസിലല്ല, പാകിസ്താനിലാണെന്ന് തോന്നിപ്പോകുന്നുവെന്നും ഗിൽ കൂട്ടിച്ചേർത്തു. റിയൽ അമേരിക്കാസ് വോയിസിന് നൽകിയ അഭിമുഖത്തിലാണ് ഗിൽ ഈ പ്രസ്താവന നടത്തിയത്.
ഡാലസ് പ്രദേശത്തെ ജനസംഖ്യാപരമായ മാറ്റങ്ങൾ പ്രാദേശിക സമൂഹങ്ങളുടെ സാംസ്കാരിക സ്വഭാവത്തെ മാറ്റിമറിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "നാം സ്നേഹിക്കുന്ന അമേരിക്കയെ അമിതമായ ഇസ്ലാമിക കുടിയേറ്റം നശിപ്പിക്കുന്നു. തലമുറകളായി താമസിച്ചുവന്നിരുന്ന കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾക്ക് സമീപം പെട്ടെന്ന് പള്ളികൾ ഉയരുന്നു. അതിനുപിന്നാലെ അവിടത്തെ ജനങ്ങൾ മതപരിവർത്തനത്തിലേക്ക് നയിക്കപ്പെടുന്നു. അതുകൊണ്ടാണ് ആ പ്രദേശത്ത് ഇസ്ലാമികവൽക്കരണം നടക്കുന്നതായി ഞാൻ പറയുന്നത്," ഗിൽ വിശദീകരിച്ചു.
തന്റെ മണ്ഡലത്തിൽ നിന്നുള്ള ആളുകൾ ഈ വിഷയത്തെക്കുറിച്ച് അത്യധികം വിഷമത്തോടെ സംസാരിക്കാറുണ്ടെന്നും തങ്ങളുടെ സംസ്കാരവും ജീവിതരീതിയും മാറിക്കൊണ്ടിരിക്കുന്നതായി അവർക്ക് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "പ്രദേശത്തെ മാളുകളിൽ പോകുമ്പോൾ തോന്നുന്നത് അത് ടെക്സസിലെ ഡാലസ് ആണ് എന്നല്ല, മറിച്ച്, പാകിസ്താൻ ആണെന്നാണ്. അതൊരു പ്രശ്നമാണ്," അദ്ദേഹം പറഞ്ഞു.
ഗില്ലിന്റെ ഈ ആരോപണങ്ങൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. ഈ പ്രസ്താവനകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്റെ വാദങ്ങളെ പിന്തുണയ്ക്കാൻ ഗിൽ വ്യക്തമായ ഡാറ്റയോ തെളിവുകളോ നൽകിയില്ലെന്നും, മനഃപൂർവം പ്രകോപനപരമായ പരാമർശങ്ങൾ നടത്തുകയായിരുന്നെന്നും സാമൂഹിക മാധ്യമ ഉപയോക്താക്കൾ വിമർശിച്ചു.
സമാനമായ വംശീയാധിക്ഷേപപരമായ പരാമർശങ്ങളുടെ പേരിൽ ഗില്ലും അദ്ദേഹത്തിന്റെ ഭാര്യ ഡാനിയേൽ ഡിസൂസ ഗില്ലും ഇതിനുമുമ്പും വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ഇന്ത്യൻ വംശജനും യാഥാസ്ഥിതിക വ്യാഖ്യാതാവും ഡൊണാൾഡ് ട്രംപ് അനുകൂലിയുമായ ദിനേഷ് ഡിസൂസയുടെ മകളാണ് ഡാനിയേൽ. ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മാംദാനിയെ ലക്ഷ്യമിട്ട് നടത്തിയ പരാമർശങ്ങളായിരുന്നു അന്ന് ഈ ദമ്പതികളെ വിവാദത്തിലാക്കിയത്.


