റാന്നി: അനുമതിയില്ലാതെ വൈദ്യുതി ഉപയോഗിച്ചതിന് കെ.എസ്.ഇ.ബി. 57,005 രൂപ പിഴ ചുമത്തിയ റാന്നി പ്ലാങ്കമൺ കരിംപ്ലാനിലെ വിധവയായ വീട്ടമ്മ പുഷ്പലതയ്ക്ക് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ.യുടെ ഇടപെടലിൽ ആശ്വാസം. എം.എൽ.എ.യുടെ നിരന്തരമായ ശ്രമങ്ങളെത്തുടർന്ന് പിഴ 1425 രൂപയായി കുറയ്ക്കുകയും വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. വൈദ്യുതി മോഷണത്തിന് വീട്ടമ്മയ്‌ക്കെതിരെ പോലീസിൽ പരാതിയും നൽകിയിരുന്നു.

കഴിഞ്ഞ ഡിസംബർ 15-നാണ് സംഭവങ്ങളുടെ തുടക്കം. ചെങ്ങന്നൂരിൽ വീട്ടുജോലിക്ക് പോയ പുഷ്പലതയുടെ ലൈഫ് മിഷൻ പദ്ധതിപ്രകാരം നിർമ്മിച്ച വീട്ടിലെ വർക്ക് ഏരിയയ്ക്ക് കമ്പിവലയിടാൻ തൊഴിലാളികളെത്തി. പണിക്ക് തങ്ങൾ പുറത്തുനിന്ന് വൈദ്യുതി എടുത്തുകൊള്ളാമെന്ന് തൊഴിലാളികൾ പറഞ്ഞപ്പോൾ പുഷ്പലത സമ്മതിക്കുകയായിരുന്നു. എന്നാൽ, മീറ്റർ റീഡിംഗ് എടുക്കാനെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാരൻ, ഗാർഹിക കണക്ഷനിൽ നിന്ന് അനുമതിയില്ലാതെ വൈദ്യുതി എടുത്ത കാര്യം റിപ്പോർട്ട് ചെയ്തു.

ഇതേത്തുടർന്ന് കെ.എസ്.ഇ.ബി. അധികൃതർ 57,005 രൂപ പിഴ ചുമത്തുകയും വൈദ്യുതി മോഷണത്തിന് പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് അന്നേ ദിവസം തന്നെ പുഷ്പലതയുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് മീറ്റർ ഉൾപ്പെടെ അഴിച്ചുമാറ്റി.

അനുമതി എടുക്കുന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും തൊഴിലാളികൾ ചെയ്ത തെറ്റിന് മാപ്പ് നൽകണമെന്നും പുഷ്പലത കെ.എസ്.ഇ.ബി. അധികൃതരോട് അപേക്ഷിച്ചു. എന്നാൽ ഉദ്യോഗസ്ഥർ നിയമനടപടികളിൽ ഉറച്ചുനിന്നു. ദിവസവും 600 രൂപ മാത്രം വരുമാനമുള്ള തനിക്ക് ഇത്രയും വലിയ തുക പിഴയടയ്ക്കാൻ കഴിയില്ലെന്നും ആത്മഹത്യയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും പുഷ്പലത എം.എൽ.എ.യെ അറിയിച്ചു. ഇവരുടെ ദുരവസ്ഥ മനസ്സിലാക്കിയ എം.എൽ.എ. പിഴ കുറച്ചു നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കെ.എസ്.ഇ.ബി. അധികൃതർ തയ്യാറായില്ല.

തുടർന്ന്, എം.എൽ.എ. വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടിയുമായും കെ.എസ്.ഇ.ബി.യിലെ ഉന്നത ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെട്ടു. ഇതിന്റെ ഫലമായി പിഴത്തുക 1425 രൂപയായി കുറയ്ക്കാൻ കെ.എസ്.ഇ.ബി. തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പുഷ്പലതയുടെ വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു.

എം.എൽ.എ.യുടെ സമയബന്ധിതവും ശക്തവുമായ ഇടപെടൽ, നിയമപ്രശ്നത്തിലും സാമ്പത്തിക ബാധ്യതയിലുംപെട്ട് ദുരിതത്തിലായിരുന്ന വീട്ടമ്മയ്ക്ക് വലിയ ആശ്വാസമാണ് നൽകിയത്.