- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ലൊക്കേഷന്‍ നോക്കിയപ്പോള്‍ ട്രാക്കിനടുത്താണ് ഫോണ്‍; ഡാ ചാടല്ലടാ.. പ്ലീസ്, അലറി വിളിച്ച് റെയില്‍വേ ട്രാക്കിലൂടെ അവന്റെ അരികിലേക്ക് ഓടി; ചെരിപ്പ് ഊരി ഇതിനിടെ ട്രാക്കില്‍ വീണു; മരണമുഖത്ത് നിന്ന് യുവാവിനെ രക്ഷിച്ച് പൊലീസുകാരന്‍
റെയില്‍വേ ട്രാക്കിലൂടെ ഓടി; ട്രെയിന് എത്തുംമുമ്പെ യുവാവിനെ രക്ഷപ്പെടുത്തി
ആലപ്പുഴ: ട്രെയിനിന് മുന്നില്‍ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചു വിളിച്ച് രക്ഷപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം. ജനശതാബ്ദി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാനായി ട്രാക്കില്‍ നിന്ന യുവാവിനെയാണ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ നിഷാദാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചത്. ഹരിപ്പാട് ബ്രഹ്‌മാണ്ട വിലാസം സ്‌കൂളിനും തൃപ്പക്കുടം റെയില്‍വേ ക്രോസിനും ഇടയിലാണ് സംഭവം.
യുവാവിനെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്താണ് സിവില്‍ പൊലീസ് ഓഫീസര്‍ നിഷാദ് റെയില്‍വേ ട്രാക്കിന് സമീപം എത്തുന്നത്. സമീപത്തെ ഗേറ്റ് കീപ്പറോട് അന്വേഷിച്ചപ്പോഴാണ് ഒരാള്‍ ട്രാക്കില്‍ നില്‍ക്കുന്നുണ്ടെന്നും എറണാകുളം ഭാഗത്തേക്കുള്ള ജനശതാബ്ദി ഉടന്‍ എത്തുമെന്നും അറിയിച്ചത്.
ട്രെയിന്‍ ഹരിപ്പാട് പിന്നിട്ടതിനാല്‍ പിടിച്ചിടാനും കഴിയില്ലായിരുന്നു. ഏതാണ്ട് 200 മീറ്റര്‍ അപ്പുറത്തുള്ളയാളെ ലക്ഷ്യമാക്കി നിഷാദ് ഓടുകയായിരുന്നു. എന്നാല്‍ പകുതി ദൂരമായപ്പോഴേക്കും ട്രെയിന്‍ അടുത്തെത്തിയിരുന്നു. ഓടിയെത്തുക പ്രയാസമായതിനെ തുടര്‍ന്ന് 'ഡാ ചാടെല്ലടാ പ്ലീസ്' എന്ന് അലറി വിളിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.
ഓട്ടത്തിനിടയില്‍ ചെരിപ്പ് ഊരിപ്പോയി പൊലീസുകാരന്‍ ട്രാക്കില്‍ വീണെങ്കിലും ട്രെയിന്‍ കടന്ന് പോകുംമുന്‍പ് ചാടി രക്ഷപ്പെടുകയായിരുന്നു. പൊലീസുകാരന്റെ അലര്‍ച്ച കേട്ട് യുവാവും ട്രാക്കില്‍ നിന്ന് മാറി നിന്നു. ജീവന്‍പണയം വെച്ച് പൊലീസ് ഓഫീസര്‍ നടത്തിയ സമയോചിത ഇടപെടലാണ് 24കാരന്റെ ജീവന്‍ രക്ഷിച്ചത്. താന്‍ മാനസികമായി ഏറെ തളര്‍ന്നിരിക്കുകയാണെന്നും ജീവിതം അവസാനിപ്പിക്കാന്‍ തന്നെയാണ് ട്രാക്കില്‍ നിന്നതെന്നുമായിരുന്നു യുവാവ് പറഞ്ഞത്.
''രാവിലെ ഏഴ് മണിയായപ്പോള്‍ എനിക്ക് സ്റ്റേഷനീന്ന് ഒരു കോള്‍ വന്നു. ഒരു മിസിംഗ് പരാതി വന്നിട്ടുണ്ട്, ഫോണ്‍നമ്പര്‍ ഇട്ട് ലൊക്കേഷന്‍ എടുത്ത് നോക്കാന്‍ പറഞ്ഞ് സ്റ്റേഷനില്‍ നിന്നും വിനയന്‍ സാറാണ് വിളിച്ചത്. സാധാരണ മിസിംഗ് പോലെ സാറ്റലൈറ്റ് ലൊക്കേഷന്‍ നോക്കുമ്പോള്‍ ഈ ഫോണ്‍ ഒരു ട്രാക്കിന്റെ സമീപത്താണ് കാണുന്നത്. ഞാനാദ്യം ഓര്‍ത്തത് ട്രാക്കിന്റെ സമീപത്ത് കൂടെ വണ്ടിയില്‍ പോകുന്നതായിരിക്കും എന്ന്.
പിന്നെ നോക്കിയപ്പോള്‍ ലൊക്കേഷന്‍ മൂവ് അല്ല, അതേ ലൊക്കേഷനില്‍ തന്നെ കിടക്കുന്നു. അപ്പോ എനിക്ക് ഒരു സംശയം തോന്നി. അയാള്‍ക്ക് എന്തേലും സംഭവിച്ചിട്ട് ഫോണ്‍ അവിടെ വീണുകിടക്കുന്നതാണെന്ന് തോന്നി. അല്ലെങ്കില്‍ ഇയാള്‍ എന്തെങ്കിലും ചെയ്യാന്‍ നില്‍ക്കുകയായിരിക്കും എന്ന്. ഞാനപ്പോ തന്നെ ഇട്ടിരുന്ന ഡ്രസില്‍ തന്നെ ബൈക്കുമെടുത്ത് ഇറങ്ങി. ലൊക്കേഷനടുത്ത് നോക്കുമ്പോള്‍ റെയില്‍വേ ഗേറ്റ് അടച്ചുകിടക്കുന്നു. വരുന്ന ട്രെയിന്‍ ബ്ലോക്ക് ചെയ്യാന്‍ പറ്റുമോന്ന് ഗേറ്റ് കീപ്പറോട് ചോദിച്ചപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞു. ഫോണ്‍ ട്രാക്കിന് സമീപം ലൊക്കേഷന്‍ കാണിക്കുന്നുണ്ടെന്ന് പറഞ്ഞു. പുള്ളി ദൂരേക്ക് നോക്കിയിട്ട് പറഞ്ഞു. ഒരു പയ്യന്‍ അങ്ങ് ട്രാക്കിനടുത്ത് നില്‍ക്കുന്നുണ്ടെന്ന്.
പിന്നെ ഞാന്‍ ട്രാക്കിലൂടെ ഓടി. പയ്യന്‍ ട്രെയിന് സമീപം ചാടാനൊരുങ്ങുന്നത് കണ്ടു. ചാടല്ലേഡാന്ന് ഞാന്‍ അലറി വിളിച്ചു. ഭാഗ്യത്തിന് അവന്‍ ചാടിയില്ല. ഞാന്‍ ചെന്നില്ലായിരുന്നെങ്കില്‍ അവന്‍ മരിക്കും. എനിക്ക് ജീവിതം മടുത്ത് എന്നാണവന്‍ എന്നോട് പറഞ്ഞത്. ഞാനവനോട് പറഞ്ഞു, നീ പൂര്‍ണ ആരോഗ്യവാനാണ്. നിനക്കെല്ലാം നേടിയെടുക്കാന്‍ പറ്റും. പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് മറ്റുള്ളവരോട് ഷെയര്‍ ചെയ്യണം. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും.'' നിഷാദിന്റെ വാക്കുകള്‍.