- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്തൊരു മനുഷ്യനാണ് അയാള്‍? സ്ഥലം കാലിയാക്കാന്‍ പൊലീസ് പറഞ്ഞപ്പോഴും ആള്‍ക്കൂട്ടത്തെ നോക്കി കൈവീശി': അല്ലു അര്‍ജുനോട് പക തീരാതെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ കുത്തുവാക്കുകള്‍; കൈവീശി റോഡ് ഷോ നടത്തിയെന്ന ആരോപണം പാടേ നിഷേധിച്ച് അല്ലുവും; രാഷ്ട്രീയ പോര് തുടരുന്നു
അല്ലു അര്‍ജുനോട് പക തീരാതെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
ഹൈദരാബാദ്: പുഷ്പ 2 പ്രദര്‍ശനത്തിനിടെ സ്ത്രീ മരിച്ച സംഭവത്തിന്റെ പേരില്‍ നടന്‍ അല്ലു അര്‍ജുന് എതിരെ പോര് തുടരുകയാണ് തെലങ്കാന മുഖ്യമന്ത്രി രേവന്തി റെഡ്ഡി. സംഭവ ദിവസം പൊലീസ് അനുമതി നിഷേധിച്ചിട്ടും അല്ലു അര്‍ജുന്‍ പുഷ്പ2 പ്രദര്‍ശിപ്പിച്ച തിയേറ്ററില്‍ എത്തി. തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചതിന് ശേഷവും നടന്‍ സിനിമാ ഹാളില്‍ നിന്ന് പുറത്തിറങ്ങിയില്ലെന്നും ഇതാണ് നിര്‍ബന്ധിച്ച് പുറത്താക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഡിസംബര്‍ നാലിന് അല്ലു അര്‍ജുന്‍ അടക്കമുള്ള അഭിനേതാക്കള്‍ തിയേറ്ററിലെത്തുന്നുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് രണ്ടാം തീയതി തിയേറ്റര്‍ മാനേജ്മെന്റ് പൊലീസിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ആള്‍ക്കൂട്ടത്തെ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി പൊലീസ് അപേക്ഷ നിരസിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
നടന്‍ തന്റെ കാറിന്റെ സണ്‍റൂഫിലൂടെ ജനക്കൂട്ടത്തിന് നേരെ കൈകാണിക്കുകയും, ഇത് അദ്ദേഹത്തെ കാണാന്‍ വന്ന ആയിരക്കണക്കിന് ആരാധകരെ പ്രകോപിപ്പിച്ചുവെന്നും റെഡ്ഡി ആരോപിച്ചു. പ്രദേശത്ത് നിരവധി തിയേറ്ററുകള്‍ ഉള്ളതിനാല്‍ നടന്‍ എത്തിയപ്പോള്‍ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയതെന്ന് അദ്ദേഹം പറഞ്ഞു.
എഐഎംഐഎം എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസി നിയമസഭയില്‍ വിഷയം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് റെഡ്ഡി വിമര്‍ശനവുമായെത്തിയിരിക്കുന്നത്. ജനക്കൂട്ടത്തെ വകവെക്കാതെ റോഡ്ഷോ നടത്തുകയും ജനക്കൂട്ടത്തിന് നേരെ കൈകാണിക്കുകയും ചെയ്തതിനാണ് അല്ലു അര്‍ജുനെ അദ്ദേഹം കുറ്റപ്പെടുത്തിയത്.
'നിലവിലെ സാഹചര്യം കണക്കിലെടുത്ത് പെട്ടെന്ന് സ്ഥലം കാലിയാക്കണമെന്നറിയിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തീയേറ്ററിലെത്തിയിരുന്നു. എന്നാല്‍ തിയേറ്റര്‍ മാനേജ്മെന്റ് അല്ലുവിനെ കാണാന്‍ പൊലീസുകാരനെ ആദ്യം അനുവദിച്ചില്ല, എന്നിരുന്നാലും, പൊലീസ് നടന്റെ അടുത്തെത്തി, താങ്കള്‍ പോയില്ലെങ്കില്‍ ജനക്കൂട്ടം പോകില്ലെന്നും അതിനാല്‍ പോകണമെന്നും ആവശ്യപ്പെട്ടു. താരം കുലുങ്ങിയില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നടനോട് ഉടന്‍ ഇവിടെനിന്ന് പോകണമെന്നും ഇല്ലെങ്കില്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകേണ്ടിവരുമെന്നും പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ താരത്തെ തീയറ്ററില്‍ നിന്ന് പുറത്തിറക്കി. പോകുമ്പോഴും താരം വീണ്ടും ജനക്കൂട്ടത്തിന് നേരെ കൈവീശി. 'എന്തൊരു മനുഷ്യനാണ് (നടന്‍)'- റെഡ്ഡി ചോദിച്ചു.
അതേസമയം, രേവന്ത് റെഡ്ഡിയുടെ ആരോപണങ്ങളെല്ലാം അല്ലു അര്‍ജുന്‍ തള്ളി. പൊലീസാണ് തനിക്ക് വഴിയൊരുക്കിയതെന്നും അവരുടെ നിര്‍ദേശ പ്രകാരമാണ് താന്‍ വേദിയിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ആള്‍ക്കൂട്ടത്തിന് നേരെ കൈവീശി റോഡ്ഷോ നടത്തിയെന്ന ആരോപണവും ആരെയും പരാമര്‍ശിക്കാതെ അദ്ദേഹം നിഷേധിച്ചു. 'അനുമതി ഇല്ലായിരുന്നുവെങ്കില്‍, അവര്‍ ഞങ്ങളോട് മടങ്ങിപ്പോകാന്‍ പറയുമായിരുന്നു. ഞാന്‍ നിയമം അനുസരിക്കുന്ന പൗരനാണ്. അത്തരം നിര്‍ദേശങ്ങളൊന്നും എനിക്ക് നല്‍കിയിട്ടില്ല.'- നടന്‍ പറഞ്ഞു.
ചന്ദ്രബാബു നായിഡുവിന്റെ ആന്ധ്രാ പൊലീസ് അല്ല, കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയിലെ ഹൈദരാബാദ് പൊലീസാണ് അല്ലുവിനെ ധൃതി പിടിച്ച് അറസ്റ്റ് ചെയ്തത്. ഇതിനുപിന്നില്‍ രേവന്ത് റെഡ്ഡിയുടെ പകയാണെന്നാണ് ആക്ഷേപം. അല്ലുവും രേവന്ത് റഡ്ഡിയും തമ്മില്‍ നേരത്തെ നല്ല ബന്ധത്തിലല്ല. തെലുഗു സിനിമയെ കൈപ്പിടിയില്‍ ഒതുക്കാന്‍ രേവന്ത് നടത്തുന്ന ചില ഇടപെടലുകള്‍, അല്ലു ഇടപെട്ട് പൊളിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈയിടെ പുഷ്പ 2 വിന്റെ വിജയത്തില്‍ നന്ദി പറയുമ്പോള്‍, രേവന്ത് റെഡ്ഡിയുടെ പേര് പറയുമ്പോള്‍ അല്ലു തപ്പിത്തടഞ്ഞത് വാര്‍ത്തയായിരുന്നു. രേവന്തി ന്റെ അനുയായികള്‍, ഇത് അല്ലുവിനെതിരെ പ്രചരിപ്പിച്ചിരുന്നു. ഹൈദരബാദിലുണ്ടായ ഈ അറസ്റ്റിനു പിന്നില്‍ തന്റെ ചൊല്‍പ്പടിക്കു നില്‍ക്കാത്ത നടനോടുള്ള, മുഖ്യമന്ത്രിയുടെ വൈരാഗ്യമാണെന്നാണ് തെലുഗ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്.
അല്ലുവിന്റെ സുഹൃത്ത്് കൂടിയായ ആന്ധ്രാമുഖ്യമന്ത്രി, ചന്ദ്രബാബു നായിഡുവില്‍ നിന്ന് രാഷ്ട്രീയം പഠിച്ചയാളാണ്, രേവന്ത് റെഡ്ഡി. പഠിക്കുന്നകാലത്ത് എ.ബി.വി.പി.യിലായിരുന്ന രേവന്ത് , 2007-ല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് നിയമസഭാ കൗണ്‍സിലില്‍ എത്തുന്നത്. വൈകാതെ തെലുഗുദേശത്തില്‍ ചേര്‍ന്ന് എം.എല്‍.എ.യും പാര്‍ട്ടി നിയമസഭാകക്ഷി നേതാവുമായി. ആന്ധ്രാവിരുദ്ധ വികാരം ശക്തിപ്രാപിച്ച തെലങ്കാനയില്‍ തെലുഗുദേശം പാര്‍ട്ടിക്ക് ഭാവിയില്ലെന്ന് വ്യക്തമായപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു.
കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബി.ആര്‍.എസിനെ കടപുഴക്കിയാണ് പി.സി.സി. അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന ഭരണം പിടിച്ചെടുത്തത്. വെറും എട്ട് വര്‍ഷം മുമ്പു മാത്രമാണ് കോണ്‍ഗ്രസിലെത്തിയാള്‍ ഇപ്പോള്‍ ഒരു സംസ്ഥാനം അടക്കി ഭരിക്കയാണ്. അംഗത്വം സ്വീകരിച്ച് നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ത്തന്നെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനം ലഭിച്ചു.
എതിരാളികളെ നിര്‍ദാക്ഷിണ്യം കടന്നാക്രമിക്കാന്‍ മടിക്കാത്ത അന്നത്തെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍റാവുവിനോട്് അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് രേവന്ത് വളര്‍ന്നത്. ഒടുവില്‍ റാവുവിനെ തോല്‍പ്പിച്ച് അധികാരവും പിടിച്ചു. ഇതേ സമയത്തുതന്നെ സിനിമാ താരങ്ങളെ വരുതിയിലാക്കാന്‍ രേവന്ത് ശ്രമം നടത്തിയിരുന്നു. ഒപ്പം തെലുഗ് നിര്‍മ്മാതാക്കളെ പാട്ടിലാക്കാനും, പരോക്ഷമായി സിനിമക്ക് ഫിനാന്‍സ് ചെയ്യാനും തുടങ്ങി. ഇതിനുള്ള ക്ഷണം അല്ലു നിരസിച്ചതാണ് രേവന്ത് റെഡ്ഡിക്ക് പകയായി മാറിയത് എന്നാണ് പറയുന്നത്. തക്കം നോക്കി നടന്ന അദ്ദേഹം കിട്ടിയ സമയത്ത് പണികൊടുത്തുവെന്നാണ്, അല്ലുവിനെ അനുകൂലിക്കുന്നവര്‍ പ്രതികരിക്കുന്നത്.
ഇതോടൊപ്പം പൊലീസിന്റെ വീഴ്ച മറിച്ചുവെക്കുക എന്ന തന്ത്രവും അറസ്റ്റിന് പിന്നിലുണ്ടായിരുന്നു. പുഷ്പ 2 റിലീസിന് അല്ലു അര്‍ജുന്‍ സന്ധ്യ തീയേറ്റില്‍ എത്തുമെന്ന്, തീയേറ്റര്‍ മാനേജ്മെന്റ് പൊലീസിനെ അറിയിച്ചിരുന്നു. സന്ധ്യാ തിയേറ്ററിന്റെ മാനേജ്‌മെന്റ് പോലീസിന് നല്‍കിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സന്ധ്യാ തിയേറ്റര്‍ സന്ദര്‍ശിക്കാന്‍ അല്ലു അര്‍ജുന്‍ അനുവാദം ചോദിച്ചില്ലെന്നും, അതുകൊണ്ടാണ് ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതും എന്ന പൊലീസ് വാദം ഇതോടെ പൊളിഞ്ഞു. ഈ വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി കൂടിയായിരുന്നു അല്ലുവിന്റെ അറസ്റ്റ് എന്നാണ് പറയുന്നത്.