പത്തനംതിട്ട: പേശികളുടെ ചലനത്തെയും കേന്ദ്ര നാഡീവ്യൂഹത്തെയും ബാധിക്കുന്ന ഒരു ജനിതക രോഗമാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി അഥവാ എസ്എം.എ. നാഡീകോശങ്ങളില്‍ നിന്ന് സിഗ്‌നലുകള്‍ ലഭിക്കാത്തതിനാല്‍ പേശികള്‍ ക്ഷയിച്ചു പോവുന്ന അവസ്ഥ. ഇത് ചലനശേഷിയോ പൂര്‍ണമായും ബാധിക്കും. വളരും തോറും രോഗം ഗുരുതരമാവും. പേശികളുടെ ബലഹീനത വര്‍ധിച്ച് രോഗികള്‍ക്ക് സ്വാഭാവിക ചലനം നഷ്ടപ്പെടും. പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കില്ല. എന്നാല്‍ ചില മരുന്നുകളിലൂടെ രോഗത്തിന്റെ തീവ്രത കുറയ്ക്കാമെന്ന് മാത്രം. കേരളം ഞെട്ടലോടെ പലപ്പോഴും കേട്ടതാണ് ഈ രോഗം ബാധിച്ചവരുടെ ദുരിത കഥകള്‍. എന്നാല്‍ ആ സമൂഹത്തിന് പ്രതീക്ഷയാണ് ഈ രണ്ടു പേരുകാര്‍. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ആര്‍.വി. രേവതിയും നാട്ടകത്തെ കോട്ടയം ഗവ. കോളജില്‍ എ.ജി. കാര്‍ത്തിക്കും പുതുചരിത്രം സൃഷ്ടിക്കുകയാണ്.

അപൂര്‍വരോഗം വീല്‍ചെയറില്‍ പിടിച്ചിരുത്തിയിട്ടും തളരാതെ അവര്‍ കേരളത്തിലെ ക്യാംപസ് യൂണിയന്‍ ചരിത്രം അവര്‍ തിരുത്തി എഴുതി. രണ്ടു പേരും കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 'ഒന്‍പതില്‍ പഠിക്കുമ്പോഴാണ് കാലിന്റെ ചലനം പൂര്‍ണമായി നിലച്ചത്. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും പിന്തുണയാണ് ഈ നേട്ടത്തിനു പിന്നില്‍' എസ്എഫ്‌ഐ പാനലില്‍ ചെയര്‍പഴ്‌സനായ രണ്ടാംവര്‍ഷ ബിസിഎ വിദ്യാര്‍ഥിനി രേവതി പറയുന്നു. ഇലവുംതിട്ട തോപ്പില്‍കിഴക്കേതില്‍ രവിയുടെയും ജിജി മോഹനന്റെയും ഏകമകളാണ്. ഓട്ടോയില്‍ കോളജിലെത്തിച്ചാല്‍ കൂട്ടുകാര്‍ അവളെ എടുത്ത് ക്ലാസിലേക്ക് കൊണ്ടു പോകും. ആരോഗ്യ പരിമിതിയെ വകവയ്ക്കാതെയാണ് കാതോലിക്കേറ്റ് കോളേജിന്റെ യൂണിയന്‍ സാരഥ്യത്തിലേക്ക് ആര്‍ വി രേവതി ചുവടുവച്ച് കയറിയത്. രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ് രേവതി. കോളേജ് യൂണിയന്‍ ചരിത്രത്തില്‍ അധ്യക്ഷ സ്ഥാനത്തെത്തിയ ചുരുക്കം പെണ്‍കുട്ടികളില്‍ ഒന്നാണ് രേവതി. ചെറുപ്പത്തിലെ പിടിപ്പെട്ട അസുഖം തളര്‍ത്താതെ ബിരുദപഠനം വരെയെത്തി. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗമാണ്.

വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികില്‍സയിലാണ് എസ്.എം.എ രോഗം ആണെന്ന് ഒന്‍പതില്‍ പഠിക്കുമ്പോള്‍ സ്ഥിരീകരിച്ചത്. ഓരോ ഘട്ടമായാണ് ഈ രോഗം വരുന്നത്. ടൈപ്പ് ഒന്നുമുതലാണ് തുടങ്ങുക. ടൈപ്പ് മൂന്ന് ആണ് രേവതിയുടെ രോഗം. പത്താം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ പൂര്‍ണമായി വീല്‍ചെയറിലായി. നിലവില്‍ രോഗത്തിന്ചികിത്സ ഇന്ത്യയിലില്ല. കോളേജിന്റെ എല്ലാ ഭാഗത്തും സഞ്ചരിക്കാനുള്ള പരിമിതിയുണ്ട്. അത് നികത്തുന്നത് സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികളാണ്. പഠനകാര്യത്തിലും മുന്‍പന്തിയിലാണ് രേവതി. അച്ഛനും അമ്മയും പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്ന് രേവതി പറയുന്നു. ഇനിയൊരു ജോലിയാണ് സ്വപ്‌നമെന്നും രേവതി പറഞ്ഞു വയ്ക്കുന്നു.

ജനിച്ച് ആറാംമാസം മുതല്‍ രോഗത്തോടു പോരാടുന്ന കാര്‍ത്തിക് കോട്ടയം ഗവ. കോളജില്‍ ചെയര്‍മാനായി എസ്എഫ്‌ഐ പാനലില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്. തൃശൂര്‍ തളിക്കുളം അന്തിക്കാട് എ.കെ.ഗിരീഷ് ഷൈനി ദമ്പതികളുടെ മകനും പൊളിറ്റിക്കല്‍ സയന്‍സ് അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥിയുമാണ്. എന്തിനും ഏതിനും ഒരുപിടി സുഹൃത്തുക്കള്‍ ഉള്ളതാണു കരുത്ത്. കോളജിനെ 100% ഭിന്നശേഷി സൗഹൃദ ക്യാംപസ് ആക്കുകയാണ് കാര്‍ത്തികിന്റെ ലക്ഷ്യം.