- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി റിവേഴ്സ് മൈഗ്രേഷന്‍ എന്ന പുത്തന്‍ തള്ളുമായി കേരള സര്‍ക്കാര്‍; യുകെയില്‍ നിന്നും മടങ്ങിയത് 1600 മലയാളി ചെറുപ്പക്കാര്‍; വിസ കാലാവധി തീര്‍ന്നവര്‍ക്ക് ജോലി കിട്ടാതെ മടങ്ങുന്ന സാഹചര്യത്തെ കേരളത്തിന്റെ തിളക്കമായി അവതരിപ്പിക്കുന്നതും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടു തന്നെ; മണ്ടത്തരം പറയാതെ എന്ന് സൂചിപ്പിച്ച കുഞ്ഞാലിക്കുട്ടിയോട് കേരളം മിന്നിത്തിളങ്ങുകയാണെന്നു മന്ത്രി പി രാജീവ്; കേരളത്തിലേക്ക് ആകെ മടങ്ങി വന്നവര്‍ 40,000
ഇനി റിവേഴ്സ് മൈഗ്രേഷന്‍ എന്ന പുത്തന്‍ തള്ളുമായി കേരള സര്‍ക്കാര്‍
ലണ്ടന്‍: കേരളം വിടുന്ന ചെറുപ്പക്കാര്‍, ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍, ഒരു സഹായത്തിനു വിളിച്ചാല്‍ അടുത്ത വീടുകളില്‍ നിന്നൊന്നും ചെറുപ്പക്കാര്‍ വിളി കേള്‍ക്കാത്ത കാലം, ഓരോ വീട്ടില്‍ നിന്നും ഒരാള്‍ എങ്കിലും ചുരുങ്ങിയത് വിദേശ മലയാളിയായ സാഹചര്യം. ഇത്തരത്തില്‍ പതിറ്റാണ്ടുകളുടെ കുടിയേറ്റ കണക്കിലേക്ക് കഴിഞ്ഞ പത്തു വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ കൂടി കൈവച്ചതോടെയാണ് കേരളം ചെറുപ്പക്കാര്‍ ഇല്ലാത്ത നാടായി മാറുന്നു എന്ന മുറവിളി ഉയര്‍ന്നത്. കോവിഡിന് ശേഷം യുകെയിലേക്കും കാനഡയിലേക്കും മാത്രമായി പതിനായിരക്കണക്കിന് മലയാളി ചെറുപ്പക്കാര്‍ വിദ്യാര്‍ത്ഥി വിസ സംഘടിപ്പിച്ച് ആശ്രിതരായ കുടുംബാംഗങ്ങളെ കൂടെ കൂട്ടി കുടിയേറ്റം നടത്താന്‍ തുടങ്ങിയതോടെ ലക്ഷക്കണക്കിന് ആളുകള്‍ ഒരേ സമയം നാട് വിടുന്ന പ്രവണതയ്ക്കും കേരളം സാക്ഷിയാവുക ആയിരുന്നു.
കുടിയേറ്റ വിരുദ്ധ നയങ്ങള്‍ മൂലം മലയാളികള്‍ക്ക് വിസ നിഷേധിക്കപ്പെടുന്നു, തിരിച്ചെത്തുന്നവര്‍ നാടിന്റെ വളര്‍ച്ചയില്‍ ആകൃഷ്ടരായി എത്തുന്നവരെന്നു മന്ത്രിയുടെ തള്ള്
കേരളത്തില്‍ നിന്നാല്‍ രക്ഷയില്ലെന്ന ചെറുപ്പക്കാരുടെ പ്രഖ്യാപനം ഒരര്‍ത്ഥത്തില്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഭരിക്കുന്ന ഇടതു മുന്നണി സര്‍ക്കാരിന് എതിരെയുള്ള യുദ്ധ പ്രഖ്യാപനം കൂടി ആയി മാറുക ആയിരുന്നു. ഇതോടെ എങ്ങനെ വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും നാട് വിടുന്നത് തടയാം എന്ന് വരെ ചിന്തിക്കേണ്ട ഗതികെട്ട അവസ്ഥയില്‍ സംസ്ഥാന സര്‍ക്കാര്‍ എത്തിയിരുന്നു. ഇതിനായി രണ്ടു കമ്മീഷനുകളെയും നിയോഗിച്ചു. എന്നാല്‍ കമ്മീഷനുകള്‍ ഒക്കെ പതിവ് പോലെ തുടങ്ങിയിടത്തു തന്നെ ഒടുങ്ങിയെന്നോ കമ്മീഷന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഭദ്രമായി കോള്‍ഡ് സ്റ്റോറേജില്‍ കയറിയെന്നോ ഒക്കെയാണ് തരാതരം പോലെ എത്തുന്ന വാര്‍ത്തകള്‍.
മികച്ച വിദ്യാഭ്യാസം നേടുന്നവര്‍ക്ക് തക്കതായ ശമ്പളം ലഭിക്കാത്ത സാഹചര്യത്തില്‍ അവര്‍ ഇഷ്ടപ്പെടുന്ന ജീവിത സാഹചര്യം കേരളത്തില്‍ ലഭിക്കില്ല എന്നതാണ് ഓരോ ചെറുപ്പകാരെയും നാട് വിടാന്‍ പ്രേരിപ്പിക്കുന്ന മുഖ്യ ഘടകം എന്നിരിക്കെ യഥാര്‍ത്ഥ പ്രശനങ്ങള്‍ ചര്‍ച്ച ചെയ്യാനോ പരിഹരിക്കണോ സര്‍ക്കാരിന് യാതൊരു പദ്ധതിയും ഇല്ലെന്നിരിക്കെയാണ് വിവിധ രാജ്യങ്ങള്‍ കടുത്ത കുടിയേറ്റം തടയുന്ന നിയമങ്ങള്‍ പാസാക്കി തുടങ്ങിയത്. ഇതോടെ കേരളത്തില്‍ നിന്നടക്കം എത്തിയ അനേകായിരങ്ങള്‍ക്ക് യുകെ, യുഎസ്എ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഉപേക്ഷിച്ചു വന്ന നാടുകളിലേക്ക് മടങ്ങേണ്ടി വരും എന്ന് ഉറപ്പായിരുന്നു. ഈ ട്രെന്റിന് ഇപ്പോള്‍ തുടക്കമായിരിക്കുകയാണ്, ഇതിനെ ഒരു ഓമനപ്പേരിട്ട് വിളിക്കാനും വിദഗ്ധര്‍ തയ്യാറാക്കുന്നു അതാണ് റിവേഴ്സ് മൈഗ്രേഷന്‍ ട്രെന്‍ഡ്.
കുടിയേറുന്നവരുടെ കാര്യത്തില്‍ എന്ന പോലെ തിരിച്ചെത്തുന്നവരുടെ കാര്യത്തിലും സര്‍ക്കാരിന് കണക്കില്ല
ഈ മൈഗ്രേഷന്‍ ട്രെന്‍ഡിലേക്ക് കേരളത്തിലേക്ക് ഒരു വര്‍ഷത്തിനിടെ 40,000 മലയാളികള്‍ തിരിച്ചെത്തി എന്നാണ് കേരള വ്യവസായ മന്ത്രി പി രാജീവ് പറയുന്നത് സംസ്ഥാനത്ത് പ്രൊഫഷണലുകളുടെ റിവേഴ്‌സ് മൈഗ്രേഷന്‍ നടക്കുന്നുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ലിങ്ക്ഡ്ഇനില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ഈ സാമ്പത്തിക വര്‍ഷം 40,000 പ്രൊഫഷണലുകള്‍ കേരളത്തിലേക്ക് മടങ്ങി. ഇവരില്‍ 9,800 പേര്‍ യുഎഇയില്‍ നിന്നും 1,600 പേര്‍ വീതം യുകെയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും 1,200 പേര്‍ യുഎസില്‍ നിന്നും തിരിച്ചെത്തിയവരാണ്.
പ്രവാസികള്‍ നാട് വിടുന്ന കാര്യത്തില്‍ സര്‍ക്കാരിന് കണക്കില്ലെന്ന ആക്ഷേപം പോലെ തന്നെ തിരിച്ച് എത്തുന്നവരുടെ കാര്യത്തിലും സര്‍ക്കാരിന് കണക്കൊന്നും ഇല്ലെന്നു കൂടി തെളിയിക്കുകയാണ് മന്ത്രി രാജീവിന്റെ വാക്കുകള്‍. കേരളത്തില്‍ വലിയ ടാലന്റ് പൂള്‍ സൃഷ്ടിക്കപ്പെടുക ആണെന്നും പ്രൊഫഷണലുകള്‍ ആയ മലയാളികളുടെ മടങ്ങി വരവ് നാടിനു ഗുണകരമായി മാറും എന്നാണ് വ്യവസായ മന്ത്രിയുടെ വാക്കുകള്‍. സോഫ്റ്റ് വെയര്‍ എഞ്ചിനീയേഴ്‌സ്, സാങ്കേതിക വിദഗ്ധര്‍, അധ്യാപകര്‍, അക്കൗണ്ടന്റ്സ് എന്നിവരൊക്കെ ഇങ്ങനെ മടങ്ങി എത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടെന്നും മന്ത്രി അവകാശപ്പെടുന്നു. സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ മൂലം കര്‍ണാടകയിലേക്ക് ചേക്കേറിയ മലയാളികളും കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുക ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.
അതിനാലാണ് അദ്ദേഹം കണക്കുകള്‍ക്കായി ലോകമെങ്ങും പ്രൊഫഷണലുകള്‍ ആശ്രയിക്കുന്ന ലിങ്ക്ഡ് ഇന്നിനെ കണക്കുകള്‍ക്കായി ഉദ്ധരിക്കുന്നത്. ബിസിനസ് ലൈന്‍ പത്രത്തില്‍ ഇത്തരത്തില്‍ വന്ന വാര്‍ത്ത മന്ത്രി രാജീവ് ലിങ്ക്ഡ് ഇനില്‍ തന്നെ പോസ്റ്റ് ചെയ്തത് തന്റെ വാദങ്ങള്‍ക്ക് ബലം കൂട്ടാന്‍ ആണെന്നും കണക്കാക്കപ്പെടുന്നു. കുടിയേറ്റ മലയാളികള്‍ക്ക് സംഭവിക്കുന്ന തിരിച്ചടികളെ കുറിച്ച് മുന്‍ വ്യവസായ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പികെ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞ ദിവസം മന്ത്രി രാജീവ് നിയമ സഭയില്‍ ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയതും ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം മന്ത്രി ലക്ഷക്കണക്കിന് വ്യവസായങ്ങള്‍ കേരളത്തില്‍ ആരംഭിച്ചുവെന്ന പ്രസ്താവന വടത്തിയതും വലിയ വിവാദമായി മാറിയിരുന്നു.
കുടിയേറ്റം അസഹ്യമായപ്പോള്‍ ഏറ്റവും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്ന രണ്ടു രാജ്യങ്ങളാണ് യുകെയും യുഎസ്എയും. ട്രംപ് അധികാരത്തില്‍ കയറിയതും യുകെയില്‍ ലേബര്‍ സര്‍ക്കാര്‍ കൂറ്റന്‍ ഭൂരിപക്ഷം പിടിച്ചതും കുടിയേറ്റ വിഷയം ഉയര്‍ത്തിയാണ്. ഇതോടെ സാധ്യമായ വിധത്തില്‍ കുടിയേറ്റക്കാരെ പടികടത്തുക എന്ന നയമാണ് ഇരു രാജ്യങ്ങളിലും ഇപ്പോള്‍ പ്രധാന ചര്‍ച്ച, ഇതിന്റെ ചുവട് പിടിച്ചു കാനഡ, ഓസ്ട്രേലിയ, ന്യുസിലാന്‍ഡ് എന്നിവയൊക്കെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ പടിപടിയായി നടപ്പാക്കുകയാണ്.
ഇതോടെയാണ് വിസ കാലാവധി തീര്‍ന്ന മലയാളികള്‍ അടക്കം ഉള്ളവര്‍ തിരിച്ചു പോക്കിന്റെ പാതയില്‍ എത്തിയത്. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പതിനായിരക്കണക്കിന് യുകെ മലയാളികള്‍ക്കു മടങ്ങി പോകേണ്ടി വരും എന്നാണ് വിലയിരുത്തുന്നത്. ഈ ഡിസംബറില്‍ യുകെ സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ തയ്യാറാകുന്ന ധവള പത്രത്തിലെ നിര്‍ദേശങ്ങളില്‍ ഏറ്റവും പ്രധാനമായ സ്ഥിര താമസ അവകാശം പത്തു വര്‍ഷം കഴിഞ്ഞവര്‍ക്ക് മാത്രം എന്ന നയം നടപ്പാക്കിയാല്‍ ആയിരക്കണക്കിന് മലയാളികള്‍ കൂടി യുകെ ഉപേക്ഷിക്കും എന്ന് വ്യക്തമാണ്. ഇങ്ങനെ പോകുന്നവര്‍ കേരളത്തിന് പകരം മറ്റേതെങ്കിലും വിദേശ നാടായിരിക്കും ആദ്യമേ പരിഗണിക്കുക എന്നതാണ് ഇപ്പോള്‍ കിട്ടുന്ന ട്രെന്‍ഡ്.
ജൂണില്‍ യുകെയിലെത്തിയ കൃഷി മന്ത്രി പി പ്രസാദ് നാട് വിട്ടവര്‍ മടങ്ങി വരുമെന്ന് പ്രസ്താവിച്ചത് ഇത്തരത്തില്‍
ഇക്കഴിഞ്ഞ ജൂണില്‍ യുകെ സന്ദര്‍ശനം നടത്തിയ കേരള കൃഷി മന്ത്രി പി പ്രസാദും നാട്ടിലേക്ക് ചെറുപ്പക്കാര്‍ മടങ്ങി എത്തും എന്ന് ബ്രിട്ടീഷ് മലയാളിയോട് അവകാശപ്പെട്ടിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകളിലൂടെ: ''കേരളം മോശമാണ് എന്ന ഒരു ചിന്ത എങ്ങനെയോ പരുവപ്പെടുന്നുണ്ട്. നമ്മുടെ വിദ്യാഭാസം മോശമാണ്. സദാചാര നോട്ടങ്ങള്‍ മോശമാണ്. ജീവിക്കാന്‍ പ്രയാസമാണ്, എന്നൊക്കെ കാണുന്നതിലും കേള്‍ക്കുന്നതിലും മോശവും നെഗറ്റിവിറ്റിയും കേട്ടുകേട്ടാണ് കുട്ടികള്‍ സ്‌കൂള്‍ ജീവിത കാലഘട്ടം പിന്നിടുന്നതും ചെറുപ്പക്കാര്‍ സമൂഹത്തിലേക്ക് എത്തുന്നതും.
ഇത് ഒട്ടും ശരിയല്ല. നല്ല വിദ്യാഭ്യസവും നല്ല ജീവിതവും ഒക്കെയുള്ള നാട് തന്നെയാണ് കേരളം. എന്നാല്‍ മോശം എന്ന ചിന്ത സമൂഹത്തില്‍ ഒരു ട്രെന്‍ഡായി പടരുമ്പോള്‍ അതിനെ തടഞ്ഞു നിര്‍ത്തുക എന്നത് അത്ര വേഗത്തില്‍ സാധിക്കില്ല. എന്നാല്‍ കേരളത്തിന് പുറത്തു, പ്രത്യേകിച്ച് ഇതുവരെ അറിയാത്ത വിദേശത്തൊക്കെ മണ്ണില്‍ പൊന്നു വിളയുന്നു എന്ന ചിന്തയില്‍ എത്തുന്ന ചെറുപ്പക്കാര്‍ തിരിച്ചറിവ് സാധിക്കുന്നത് അവിടെയെത്തി കഴിഞ്ഞ ശേഷമാണ് എന്നാണ് ഇപ്പോള്‍ ലണ്ടനില്‍ എത്തി പലരോടും സംസാരിച്ചപ്പോള്‍ മനസിലാക്കാന്‍ പറ്റുന്നതും.
ഇങ്ങനെ എത്തിയ ഒട്ടേറെ ചെറുപ്പക്കാര്‍ ഇപ്പോള്‍ മടങ്ങിപ്പോക്കിന്റെ പാതയിലുമാണ്. അങ്ങനെ വരുന്നവര്‍ കൃഷിയടക്കം ഉള്ള മേഖലകളിലേക്ക് ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായം തേടി കൂടുതല്‍ മെച്ചപ്പെട്ട ഉല്‍പാദന ശേഷി സാധിച്ചെടുക്കുന്നുണ്ട്. ഇത്തരക്കാരില്‍ കേരളത്തിന് പ്രതീക്ഷിക്കാന്‍ ഏറെയുണ്ട്. അങ്ങനെയുള്ള ചെറുപ്പക്കാരെ താങ്ങി നിര്‍ത്താനുള്ള കര്‍മ്മ പദ്ധതികളും കേരള കൃഷി വകുപ്പില്‍ രൂപമെടുക്കുകയാണ്. ആകെ പ്രശ്‌നമായി മാറിയത് പണമില്ലായ്മയാണ്. എന്നാല്‍ ലോക ബാങ്കില്‍ നിന്നും 2365 കോടിയുടെ വായ്പ ലഭിച്ചതോടെ ഒട്ടറെ പദ്ധതികള്‍ ആരംഭിക്കാനുള്ള സാഹചര്യവും ഇപ്പോള്‍ നമുക്കുണ്ട്.
താങ്കള്‍ ചെറുപ്പക്കാരെ ലക്ഷ്യമാക്കി പദ്ധതികള്‍ തയ്യാറാക്കുന്നു, അവരൊക്കെ നാട് വിടുന്നു. ഇത് രണ്ടും തമ്മില്‍ കൂട്ടിമുട്ടുന്നില്ലല്ലോ?
മന്ത്രി പ്രസാദ് - ചെറുപ്പക്കാര്‍ നാട് വിടുന്ന കാര്യമൊക്കെ സര്‍ക്കാരിനും അറിയാം. നാട് ജീവിക്കാന്‍ കൊള്ളില്ലെന്നും ഇവിടെ പഠനം മോശം ആണെന്നും ഒക്കെയാണ് ചെറുപ്പകാര്‍ക്കിടയിലെ പ്രചാരണം. എന്നാല്‍ കേരളത്തിലെ എല്ലാ വിദ്യാഭ്യസ സ്ഥാപനങ്ങളും മോശമാണോ? അങ്ങനെയല്ലല്ലോ. പറഞ്ഞു കേട്ട കാര്യങ്ങള്‍ മനസ്സില്‍ വച്ചാണ് പലരും നാട് വിടുന്നത്. ഞാന്‍ ഇപ്പോള്‍ ലണ്ടനില്‍ വന്നപ്പോള്‍ കണ്ട അനേകം പേരാണ് മടുത്ത സാഹചര്യത്തില്‍ തിരികെ നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തെ കുറിച്ച് പറഞ്ഞത്. ഇപ്പോള്‍ ഇവിടുത്തെ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് മടങ്ങേണ്ടി വന്നേക്കാം. ഇതിനകം തന്നെ നാട്ടിലേക്ക് മടങ്ങി എത്തിയവര്‍ കൃഷി രംഗത്ത് തന്നെ നിക്ഷേപം നടത്തി ജീവിതം തിരിച്ചു പിടിക്കാന്‍ ഉള്ള ശ്രമം നടത്തുന്ന ഒട്ടേറെ ഉദാഹരണങ്ങള്‍ കാണാനാകുന്നുണ്ട്. മാധ്യമങ്ങളും മറ്റും നല്‍കുന്ന കാര്‍ഷിക അവാര്‍ഡുകളില്‍ ഇപ്പോള്‍ എത്രയോ നൂതന കൃഷി രീതി നടപ്പാക്കുന്ന ചെറുപ്പക്കാരായ കൃഷിക്കാരെയാണ് തിരഞ്ഞെടുക്കുന്നത്. അപ്പോള്‍ എല്ലാവരും നാട് വിടുകയല്ലല്ലോ.