ഭാർഗവീനിലയം റിമ കല്ലിങ്കൽ തിരിച്ചു വരുന്ന ചിത്രമാണ്. ബഷീറിന്റെ ഭാർഗവിക്കും അങ്ങനെ തന്നെ. നീലവെളിച്ചമായി മാറിയ ഭാർഗവി നിലയത്തിന്റെ വിജയപരാജയങ്ങൾ സാമൂഹിക മാധ്യമങ്ങൾ ചർച്ച ചെയ്യുന്നതേയുള്ളൂ. അതിനിടെ വിവാഹത്തെ അനന്തര ജീവിതത്തെയും സിനിമയെയും കുറിച്ച് മനസു തുറക്കുകയാണ് റിമ. തുറന്നു പറച്ചിലുകളിൽ എല്ലാമുണ്ട്. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റിമ എല്ലാം തുറന്നു പറയുന്നത്.

വിവാഹം എല്ലാം മാറ്റി മറിച്ചുവെന്ന് റിമ പറയുന്നു. വിവാഹത്തോടെ എല്ലാം മാറി. ഒറ്റ രാത്രി കൊണ്ട് എന്റെ ജീവിതം തന്നെ മാറിപ്പോയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മാറ്റം സംഭവിച്ചത് എനിക്കോ ആഷിക്കിനോ അല്ല. ചുറ്റുമുള്ള ലോകം ഞങ്ങളെ കാണുന്ന രീതിയാണ് മാറിയത്. ഭാര്യ എന്ന ചട്ടക്കൂട്ടിലേക്ക് എന്നെ ഒതുക്കിയതു പോലെ എനിക്ക് തോന്നി. സിനിമ മേഖലയും എന്നെ അങ്ങനെ മാറ്റി നിർത്തി. നന്നായി ജീവിക്കണമെന്നും എന്റെ കലയുമായും ചുറ്റുമുള്ളവരുമായുള്ള ബന്ധങ്ങളും നന്നായി കൊണ്ടു പോകണമെന്നാഗ്രഹിച്ചയാളാണ്. പക്ഷേ സംഭവിച്ചതെല്ലാം അതിന് വിപരീതമായിരുന്നു.

ജീവിതം കീഴ്മേൽ മറിഞ്ഞപ്പോൾ തുടർച്ചയായി ഇത്തരം കഥാപാത്രങ്ങൾ (നീലത്താമരയിലെ അമ്മിണി, ഋതുവിലെ വർഷ, റാണി പത്മിനിയിലെ റാണി, ചിറകൊടിഞ്ഞ കിനാക്കളിലെ സുമതി) ചെയ്തു കൊണ്ടിരുന്ന ഞാൻ എങ്ങനെയാണ് പെട്ടെന്ന് മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷയായത് എന്നെനിക്ക് അറിയില്ല. അതിലെനിക്ക് വളരെ വിഷമം ഉണ്ട്. വിവാഹം എന്റെ തൊഴിലിനെ ബാധിക്കരുത് എന്നെനിക്കു നിർബന്ധമുണ്ടായിരുന്നു. സത്യത്തിൽ കല്യാണം കഴിക്കണം എന്നേ ഞാനാഗ്രഹിച്ചിട്ടില്ല. പക്ഷേ, ഒരാളെ കണ്ടു. ഇഷ്ടപ്പെട്ടു. അവർക്കൊപ്പം തോന്നുന്ന ഒരു സുരക്ഷിതത്വത്തിന്റെയും വിശ്വാസത്തിന്റെയും പുറത്താണ് മുന്നോട്ടു പോകുന്നത്. ഒരു കഷണം കടലാസ് മാത്രമല്ല എന്നു കരുതിയാണ് വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. തീർത്തും സ്വകാര്യമായി അടുത്ത സുഹൃത്തുക്കൾക്കൊപ്പം അടിച്ചു പൊളിക്കാനുള്ള ഒരു സന്ദർഭം എന്നതിനപ്പുറത്തേക്ക് ഞാനോ ആഷിക്കോ അതിനെ കണ്ടിട്ടില്ല. പക്ഷേ, നമ്മൾ ജീവിക്കുന്ന ലോകം അങ്ങനെയല്ല അതിനെ കണ്ടത്.

ജോഷി സാർ ആഷിക്കിനോട് ചോദിച്ചു: താനിവരെ കല്യാണം കഴിച്ച് വീട്ടിലിരുത്തി ഇല്ലേ?

ഒരിക്കൽ സിനിമയിൽ ആരുടെയോ കല്യാണത്തിന് ഞാനും ആഷിക്കും പോയി. ഞങ്ങളെ കണ്ടതും ജോഷി സാർ ആഷിക്കിനോട് ചോദിച്ചു: താനിവരെ കല്യാണം കഴിച്ച് വീട്ടിലിരുത്തി അല്ലേ? ആരും ആരെയും വീട്ടിലിരുത്തിയിട്ടില്ല. ഞങ്ങൾക്കു രണ്ടു പേർക്കും സിനിമ പ്രിയപ്പെട്ടതാണ്. എനിക്ക് സിനിമയിൽ ഗോഡ് ഫാദർ ഇല്ല. എന്റെ കുടുംബത്തിൽ ആർക്കും സിനിമയുമായി ബന്ധമില്ല. ഡാൻസ് മാത്രമാണ് എനിക്ക് ആകെയുണ്ടായിരുന്ന പശ്ചാത്തലം. പക്ഷേ, ഞാൻ പോലുമറിയാതെയാണ് ജീവിതം എന്നെ മുന്നോട്ടു കൊണ്ടു പോയത്. കലയുമായി ബന്ധപ്പെട്ടും അത് നൽകുന്ന ഊർജത്തിലും ജീവിക്കുന്നയാളാണ് ഞാൻ. അതു പെട്ടെന്ന് ഇല്ലാതായി. ജീവശ്വാസം നിലച്ചതു പോലെ തോന്നി.

വിവാഹം ബാധിച്ചത് എന്റെ കരിയറിനെ മാത്രം

വിവാഹം എന്റെ കരിയറിനെ മാത്രമാണ് ബാധിച്ചത്. ആഷിക് സിനിമയിൽ വളർന്നിട്ടേയുള്ളൂ. വിവാഹത്തിന് ശേഷം ഞാൻ നൽകിയ അഭിമുഖങ്ങളിലെല്ലാം ആഷിക്കിനെ കുറിച്ചും ഒപ്പമുള്ള ജീവിതത്തെക്കുറിച്ചുമുള്ള ചോദ്യങ്ങളായിരുന്നു. പക്ഷേ, ആഷിക്കിന്റെ ഒരു അഭിമുഖത്തിലും അത്തരം ചോദ്യങ്ങൾ ചോദിച്ചു കാണും എന്നെനിക്ക് തോന്നുന്നില്ല. കൂടാതെ, പെട്ടെന്ന് എന്റെ ഉടമസ്ഥാവകാശം അച്ഛന്റെ കൈയിൽ നിന്നെടുത്ത് ഭർത്താവിന്റെ കൈയിലേക്ക് കൊടുത്തതു പോലെ തോന്നി. വിവാഹ ശേഷം തിരക്കഥകളുമായി എന്നെ സമീപിക്കാൻ ആളുകൾ മടിച്ചിട്ടുണ്ട്. പലരും ആഷിക്കിനെ വിളിച്ച് ചോദിച്ചിട്ടുണ്ട്: റിമയുടെ അടുത്ത് ഒരു കഥ പറയാമോ? എങ്ങനെയാ റിമയെ അഭിനയിപ്പിക്കുക, നമ്മുടെ സുഹൃത്തിന്റെ ഭാര്യയല്ലേ? എന്ന് പറഞ്ഞിട്ടുള്ള സംവിധായകരെ എനിക്ക് അറിയാം. അതിനോടെങ്ങനെ പ്രതികരിക്കണം എന്നറിയാതിരുന്ന സമയമുണ്ട്. എട്ടു വർഷം മലയാള സിനിമയിൽ ജോലി ചെയ്തയാളാണ് ഞാൻ. ഒരു നിമിഷം കൊണ്ട് അതിനൊന്നും ഒരു വിലയുമില്ലാതായി.

ഒരു ഘട്ടത്തിൽ ഭയങ്കരമായ വിഷാദത്തിലേക്ക് പോയി

ഒരു ഘട്ടത്തിൽ ഞാൻ അതിഭയങ്കരമായ വിഷാദത്തിലേക്ക് പോയിരുന്നു. വളരെ കഷ്ടപ്പെട്ടു സിനിമയിൽ ഞാനൊരിടം ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്ന് വിശ്വസിച്ചിരുന്ന സമയത്താണ് കാലിന്റെ അടിയിൽ നിന്നും മണ്ണൊലിച്ചു പോയതു പോലെ പെട്ടെന്ന് ഒന്നും ഇല്ലതായത്. അതെനിക്ക് വലിയ ആഘാതമായിരുന്നു. ഞാനൊരു കഠിനാധ്വാനിയാണ്. ഒരു ലക്ഷ്യമുണ്ടെങ്കിൽ അത് നേടാൻ ഏതറ്റം വരെയും പോകും. പക്ഷേ, ചുറ്റുമുള്ള ലോകത്തെ എനിക്ക് നിയന്ത്രിക്കാൻ പറ്റില്ല. ആ ഘട്ടത്തിൽ ഞാൻ അനുഭവിച്ച വേദന മറ്റൊരു സ്ത്രീക്ക് മാത്രമേ മനസിലാകുകയുള്ളൂ. അന്ന് എന്റെ സ്ത്രീ സൗഹൃദങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ചിലപ്പോൾ ഒന്നു പാളിയേനേം. ജീവിതം മടുത്ത അവസ്ഥ.

എനിക്ക് കുറച്ചു സമയം തന്നാൽ ഞാൻ വീടു മാറാമെന്ന് അച്ഛനോട് പറഞ്ഞു

നൃത്തം ഞാൻ തൊഴിലാക്കുമെന്ന് ഒരിക്കലും എന്റെ അച്ഛനുമമ്മയും കരുതിയിട്ടില്ല. അതിന്റെ സാധ്യതകളെ കുറിച്ചും അവർക്ക് ധാരണയുണ്ടായിരുന്നില്ല. അച്ഛനാണ് ഏറ്റവുമധികം എതിർത്തത്. പക്ഷേ, ഞാൻ തീരുമാനിച്ചിരുന്നു. അച്ഛൻ തീർത്തു പറഞ്ഞു. 'എന്റെ വീട്ടിൽ നിന്നിട്ട് ഇതൊന്നും പറ്റില്ല. ഞാൻ അനുവദിക്കില്ല' എന്ന്. അങ്ങനെയാണല്ലേ? എനിക്ക് കുറച്ചു സമയം തന്നാൽ നാളെ ഞാൻ വീടുമാറാം എന്നായിരുന്നു എന്റെ മറുപടി.

ആഷിക് എന്നെ മനസിലാക്കും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിച്ചു

ഞാൻ ചെയ്യുന്നതൊന്നും തെറ്റല്ല. പറയുന്നതെല്ലാം ശരിയായ കാര്യങ്ങൾ ആണെന്ന് അറിയാം. എന്നിട്ടും എന്താണ് തിരിച്ച് അനീതി മാത്രം നേരിടേണ്ടി വരുന്നത് എന്ന് മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ല. കുറച്ചു കരുണയും ബഹുമാനവും ആണ് ആവശ്യപ്പെട്ടത്. അതൊരു തെറ്റാണോ? എന്റെ മാതാപിതാക്കൾക്കോ ആഷിക്കിനോ പോലും എന്നെ മനസിലായില്ല. എന്തിനാണ് ഞാനീ സമ്മർദങ്ങളിലൂടെ കടന്നു പോകുന്നത് എന്നവർ ചിന്തിച്ചു. എന്നെ അങ്ങനെ കാണാൻ അവർ ആഗ്രഹിച്ചില്ല. പക്ഷേ, ഈ പ്രായത്തിൽ എന്നെപ്പോലെ തന്നെ ഞാൻ ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് വേണ്ടി വാദിക്കുന്ന സ്ത്രീകൾക്കേ അതു മനസിലാകൂ.

രക്തബന്ധത്തേക്കാൾ ആഴമുണ്ട് അതിനെന്ന് ഞാൻ അനുഭവിച്ച് തിരിച്ചറിഞ്ഞു. ഞാൻ മരിക്കുമ്പോൾ ആരൊക്കെ കരയും എന്നു ചോദിച്ചാൽ എനിക്കറിയാം എന്റെ സുഹൃത്തുക്കളാകും അവിടെയുണ്ടാവുക എന്ന്. ആഷിക്കും എന്റെ സുഹൃത്താണ്. പക്ഷേ, എന്തൊക്കെ പറഞ്ഞാലും ആഷിക്ക് ഒരു പുരുഷനാണ്. ആഷിക്കിന്റെ അനുഭവങ്ങളല്ല, എന്റെ അനുഭവങ്ങൾ. ഒരു സ്ത്രീ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റും പുരുഷൻ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റും എത്രത്തോളം വ്യത്യസ്തമായിരിക്കും. സംവിധായകനോ സംവിധായകയോ കൊടുക്കുന്ന നിർദ്ദേശങ്ങൾ ചുറ്റുമുള്ളവർ സ്വീകരിക്കുന്ന രീതിയിൽ വ്യത്യാസമുണ്ടാകും. അതിൽ ജെൻഡറിന് വലിയ പങ്കുണ്ട്. അത് എത്ര പറഞ്ഞു കൊടുത്താലും ഒരു പുരുഷന് മനസിലാകണമെന്നില്ല. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ആഷിക് എന്നെ മനസിലാക്കും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിച്ചു. കാരണം, അത് ആഷികിനും എളുപ്പമല്ല.

ഞാൻ സിനിമ സംവിധാനം ചെയ്യും

തീർച്ചയായും ഒരു ദിവസം ഞാൻ ഒരു സിനിമ എഴുതി സംവിധാനം ചെയ്യും. പല വിമർശനങ്ങളും ഉന്നയിക്കുമ്പോൾ ആളുകൾ നമ്മളോട് പറയുന്നതും അതാണല്ലോ: എന്നാൽ നിങ്ങൾ ചെയ്തു കാണിക്കൂ. ഞങ്ങൾ അങ്ങനെ ചെയ്തു കാണിക്കുമ്പോൾ അതിനെ പിന്തുണയ്ക്കുന്ന സംവിധാനമല്ല ഇവിടെയുള്ളത്. പക്ഷേ, ഞങ്ങൾക്ക് അത് ചെയ്തു കാണിച്ചേ പറ്റൂ. വേറെ വഴിയില്ലല്ലോ? കുറച്ചു സമയം എടുത്തേക്കാം. കാരണം പെട്ടെന്നൊരു സിനിമ ഒരുക്കാനുള്ള സംവിധാനങ്ങളും പിന്തുണയുമെല്ലാം ഇവിടെ പുരുഷനാണ്. സ്ത്രീക്കില്ല. അതു കൊണ്ടു തന്നെ ഞാനൊരു സിനിമ സംവിധാനം ചെയ്യുമ്പോൾ എനിക്ക് കിട്ടാവുന്ന എല്ലാ സഹായവും ഞാൻ സ്വീകരിക്കും. ചോദിച്ചു മേടിക്കും. തട്ടിപ്പറിച്ചെടുക്കും. കാരണം അത്ര കുറച്ചു സമയമല്ലേ കൈയിലുള്ളൂ.

ഒരു നായക നടനു ലഭിക്കുന്ന പണവും പ്രാധാന്യവും ഒരു നായികയ്ക്ക് കിട്ടുന്നുണ്ടോ? ഇവിടെ സ്ത്രീ കേന്ദ്രീകൃത സിനിമകൾ ഇറങ്ങുന്നും വിജയിക്കുന്നുമുണ്ട്. എന്നിട്ടും വേതനത്തെ കുറിച്ച് സംസാരിക്കുമ്പോൾ അത് പ്രശ്നമാകുന്നു. ചില സിനിമകളിൽ നായകനും നായികയും പുതുമുഖമാണെങ്കിൽ നായകൻ കൂടുതൽ പണം ചോദിക്കും. അയാൾക്കതു കിട്ടുകയും ചെയ്യും. നായികമാരേക്കാൾ പ്രതിഫലം വാങ്ങുന്ന സ്വഭാവ നടന്മാരുണ്ട്. അവർക്ക് കൂടുതൽ വർഷത്തെ പരിചയമുണ്ട് എന്നതാണ് മാനദണ്ഡമെങ്കിൽ അത്രയും വർഷത്തെ പ്രവർത്തി പരിചയമുള്ള നടിമാർക്ക് ആ പൈസ ലഭിക്കുന്നില്ലല്ലോ?

ഇനി ഞാനിത് സംസാരിക്കുമ്പോൾ ആദ്യത്തെ ചോദ്യം ആഷിക് അബുവിന്റെ സിനിമയിൽ തുല്യവേതനം നൽകാറുണ്ടോ എന്നാണ്. ആഷിക് ചെയ്യുന്ന കാര്യങ്ങളുടെ കൂടി ഉത്തരവാദിത്തം ഭാര്യയായ എനിക്കാണല്ലോ സമൂഹം കൽപ്പിച്ചു നൽകിയിരിക്കുന്നത്. ഒരു നിർമ്മാതാവിന്റെ വേഷത്തിലേക്ക് എത്തുമ്പോഴും ഞാൻ അതിന് വേണ്ടി പോരാടുകയാണ്. കാരണം, അത് എന്റെ അല്ലെങ്കിൽ സ്ത്രീകളുടെ മാത്രം ആവശ്യമാവുകയാണ്. എന്റെ സ്വന്തം വേതനത്തിന്റെ കാര്യമാണെങ്കിൽ പോലും ഇതു നമ്മുടെ പ്രശ്നമാണെന്ന് ഈ ലോകമോ സിനിമയോ കണ്ടു തുടങ്ങിയിട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം കുറച്ചു സ്ത്രീകളുടെ മാത്രം പ്രശ്നമാണ്.