- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്നെ വിളിക്കും പണി തരും, ഇടക്ക് വിളിക്കും ചീത്ത കേള്‍ക്കും; പിന്നേം വിളിക്കും എന്തേലും ഐഡിയ പറയും'; ഉണ്ണി മുകുന്ദനെ കുറിച്ചുള്ള റിന്‍സിയുടെ പോസ്റ്റ് ഇങ്ങനെ; റിന്‍സിയെ ഉണ്ണിക്ക് പരിചയം മാര്‍ക്കോ സിനിമയുടെ പ്രമോഷന്‍ ടീം അംഗം എന്ന നിലയില്‍ മാത്രം; ഫേസ്ബുക്ക് കുറിപ്പില്‍ തെറ്റായ പ്രചരണങ്ങളെ തള്ളി ഉണ്ണിയും
'എന്നെ വിളിക്കും പണി തരും, ഇടക്ക് വിളിക്കും ചീത്ത കേള്‍ക്കും
കൊച്ചി: കൊച്ചിയിലെ കാക്കനാട്ട് നിന്നും എംഡിഎംഎയുമായി പിടിയിലായ റിന്‍സി എന്ന യുവതി ഉണ്ണി മുകുന്ദന്റെ മാനേജര്‍ എന്ന നിലയിലാണ് ഇന്ന് പ്രചരണം നടന്നത്. ഈ കുപ്രചരണങ്ങളെ തള്ളിക്കൊണ്ട് ഉണ്ണി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. എന്നാല്‍, മാര്‍ക്കോ സിനിമയുടെ പ്രമോഷന്‍ ടീമില്‍ ഉണ്ടായിരുന്നു എന്നതല്ലാതെ ഉണ്ണിക്ക് മറ്റ് ബന്ധങ്ങള്‍ യുവതിയുമായി ഇല്ലെന്നാണ വ്യക്തമാകുന്നത്.
അതേസമയം കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ണിയെക്കുറിച്ച് റിന്‍സി കുറിച്ച കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നുണ്ട്. അവരുടെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് റിന്‍സി പോസ്റ്റ് പങ്കിട്ടത്. മാര്‍ക്കോ സിനിമയുടെ റിലീസിന് ശേഷമാണ് പോസ്റ്റ്. പോസ്റ്റിലെ വാചകങ്ങളില്‍ നിന്നും ഉണ്ണിയെ പുകഴ്ത്തികൊണ്ടാണ്.
പോസ്റ്റിലെ വാചകങ്ങള്‍ ചുവടെ:
'മാര്‍ക്കോ' വര്‍ക്ക് തുടങ്ങി ഒന്നോ രണ്ടോ മാസം കഴിഞ്ഞാണ് ആദ്യമായി ഞാന്‍ ഉണ്ണി മുകുന്ദനെ മീറ്റിങ്ങില്‍ കാണുന്നത്. സത്യം പറഞ്ഞാല്‍ ഞാന്‍ പൊതുവേ ഒരു താര ആരാധന കുറവുള്ള വ്യക്തിയാണ്. എന്തോ അവരുടെ കഥാപാത്രങ്ങളോടല്ലാതെ വ്യക്തിപരമായി എനിക്കങ്ങനെ ആരേയും അറിയുകയുമില്ല എന്നത് മറ്റൊരു സത്യം. പക്ഷേ ഒരേ ഒരു നടന്റെ ചിരി നോക്കി കൂടെ ചിരിച്ചോണ്ടിരുന്ന ഒരു കാലമെനിക്ക് ഉണ്ടായിരുന്നു. മ്മ് അതെന്നെ. ആരാധന ആണോ അല്ല. പക്ഷേ ചിരി നല്ല ഇഷ്ടായിരുന്നു. എന്നിട്ട്. എന്നിട്ട് ഒന്നുല്ല്യ..
ഞാനന്ന് സാക്ഷാല്‍ ഉണ്ണി മുകുന്ദനെന്ന നടനെ കണ്ടു.. സംസാരിച്ചു. പിന്നെ അവിടുന്നങ്ങോട്ട് എന്നെ വിളിക്കും പണി തരും. ഇടക്ക് വിളിക്കും ചീത്ത കേള്‍ക്കും. പിന്നേം വിളിക്കും എന്തേലും ഐഡിയ പറയും. ആ സംസാരത്തില്‍ നിന്നെല്ലാം ഞാന്‍ ഉണ്ണി മുകുന്ദനെന്ന നടനെയല്ല ആ മനുഷ്യനെ നന്നായിട്ട് മനസ്സിലാക്കിയിരുന്നു. അയാള്‍ തോറ്റു കൊടുക്കില്ലെന്നുറപ്പിച്ചയാളാണ്. അയാളെ വിജയിക്കാന്‍ വിടണം. കൂടെ നില്‍ക്കാന്‍ കിട്ടിയ അവസരമാണ്. മാര്‍ക്കോയുടെ ഈ വിജയം അദ്ദേഹം എന്നോ ഉറപ്പിച്ചതാണ്. കാരണം അയാളെ പോലെ ഒറ്റപ്പെട്ടു പോയ മനുഷ്യരാരും തിരികെ വന്നിട്ടില്ല. പക്ഷേ ഒരു സമൂഹത്തിന്റെ പുച്ഛവും പരിഹാസവും ഏറ്റു വാങ്ങിയൊടുവില്‍ അയാള്‍ തോല്‍വിക്ക് യാതൊന്നും വിട്ടു കൊടുക്കാതെ പിന്നെയും മത്സരത്തിനിറങ്ങി. ഇനി അയാള്‍ തോല്‍ക്കുക അസാധ്യമെന്ന് എനിക്കുറപ്പായി.
മാര്‍ക്കോയിലൂടെ ഇപ്പോള്‍ ജനിച്ചത് ഒരു സൂപ്പര്‍സ്റ്റാറാണ്. സൂപ്പര്‍ സ്റ്റാര്‍ ഉണ്ണി മുകുന്ദന്‍. അങ്ങനെ വിളിക്കാം. അങ്ങനെ തന്നെ വിളിക്കാനെ പാടുള്ളൂ. കാരണം ഇവിടെയാരും അയാള്‍ അനുഭവിച്ചത്രയും വേദനകളും ഒറ്റപ്പെടലും കുറ്റപ്പെടുത്തലുകളും അറിഞ്ഞു കാണില്ല. അതുകൊണ്ട് എനിക്ക് ഉണ്ണി മുകുന്ദനെന്ന ഈ മനുഷ്യനാണ് സൂപ്പര്‍സ്റ്റാര്‍.
അതേസമയം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍ രംഗത്തുവന്നിരുന്നു. തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്‌സനല്‍ മാനേജര്‍ ഇല്ലെന്നും, ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കുന്നു. കൊച്ചിയില്‍ യൂടൂബര്‍ എം.ഡി.എം.എയുമായി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായ റിന്‍സി തന്റെ മാനേജരെന്ന് രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നടന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും, സഹകരണങ്ങളും, പ്രൊഫഷനല്‍ കാര്യങ്ങളും താന്‍ നേരിട്ടോ അല്ലെങ്കില്‍ സ്വന്തം നിര്‍മ്മാണ കമ്പനിയായ യുഎംഎഫ് വഴിയോ ആണ് കൈകാര്യം ചെയ്യുന്നതെന്നും താരം പറഞ്ഞു.
'തന്നെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വ്യക്തികളോടും പ്ലാറ്റ്ഫോമുകളോടും മാറി നില്‍ക്കണമെന്ന് ശക്തമായി അഭ്യര്‍ഥിക്കുന്നു. അത്തരം തെറ്റായ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടരുന്നതു കണ്ടാല്‍ അവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നും താരം വെളിപ്പെടുത്തി.' ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
22.5 ഗ്രാം എംഡിഎംഎയുമായി ഇന്നലെയാണ് യൂടൂബര്‍ റിന്‍സിയും സുഹൃത്തും കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് പിടിയിലായത്. ഡാന്‍സാഫ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഫ്ലാറ്റില്‍ പരിശോധന നടന്നത്. ഇവര്‍ എംഡിഎംഎ വില്‍പ്പനക്കാരാണോയെന്നും സംശയമുണ്ട്. രാത്രി വൈകിയും പ്രതികളുടെ ഫ്ലാറ്റില്‍ പരിശോധന നടന്നു. പരിശോധനയ്ക്ക് ശേഷം പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.
റിന്‍സിക്കും യാസറിനും എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. നാട്ടില്‍ നിന്നുള്ള ഒരാളില്‍ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇരുവരും പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി.