- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാമെന്ന് ബിജെപി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ആ തെമ്മാടി പാര്‍ട്ടിയില്‍ ഇതല്ല ഇതിനപ്പുറവും നടക്കുമെന്നാണ് കേരള സമൂഹം വിലയിരുത്തേണ്ടതെന്ന പ്രതികരണവുമായി സരിനും; പാലക്കാട്ടെ പ്രതിഷേധം സംഘര്‍ഷമായി
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപി. യുവ നടിയുടെ ആരോപണം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അറിയാമെന്നും എംഎല്‍എ രാജിവയ്ക്കണമെന്നും ബിജെപി നേതാവ് സി .കൃഷ്ണകുമാര്‍ പറഞ്ഞു. എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പാലക്കാട്ടെ എംഎല്‍എ ഓഫീസിലേക്ക് രാത്രി ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. മാര്‍ച്ച് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. സംഘര്‍ഷമുണ്ടായതോടെ പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കാന്‍ ചെയ്തു. സി. കൃഷ്ണകുമാറിനെയും പോലീസ് തടഞ്ഞു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലേക്കും ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
ഇതിനിടെ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ഡോ. പി. സരിന്‍ രംഗത്തു വന്നു. ആരാണയാള്‍ എന്നതിനുമപ്പുറം ഒരു പെണ്‍കുട്ടി ഏറ്റുവാങ്ങേണ്ടി വന്ന ദുരനുഭവങ്ങളാണ് ഇതൊക്കെ എന്നതാണ് ആദ്യമായി നമ്മളോരോരുത്തരേയും ചൊടിപ്പിക്കേണ്ടതെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സരിന്‍ ചൂണ്ടിക്കാണിച്ചു. 'അയാളിനി ആരു തന്നെയായാലും, അതിനൊക്കെ ഒത്താശ ചെയ്തവരും കൂട്ടു നിന്നവരും മൗനം പാലിച്ചവരും ആരൊക്കെയാണെന്നും എന്തിനുവേണ്ടിയായിരിക്കും എന്നുമൊക്കെ ആലോചിക്കുമ്പോഴാണ് കൂടുതല്‍ ചൊടിപ്പുണ്ടാകുന്ന'തെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. ആ തെമ്മാടി പാര്‍ട്ടിയില്‍ ഇതല്ല ഇതിനപ്പുറവും നടക്കുമെന്നാണ് കേരള സമൂഹം വിലയിരുത്തേണ്ടതെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച മാധ്യമങ്ങള്‍ക്കു മുന്നിലാണ് റിനി ആന്‍ ജോര്‍ജ് യുവനേതാവിനെതിരേ ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്. യുവനേതാവിനെക്കുറിച്ച് പലയിടത്തും പരാതി പറഞ്ഞിരുന്നു. പരാതി പറഞ്ഞതിനുശേഷവും അയാള്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചു. പ്രശ്‌നങ്ങളൊന്നുമില്ല, പരിഹരിക്കും എന്നായിരുന്നു പരാതി പറഞ്ഞപ്പോള്‍ നേതാക്കളുടെ പ്രതികരണം. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പറയുമ്പോള്‍ പല മാന്യദേഹങ്ങളുടേയും ആറ്റിറ്റിയൂഡ് 'ഹൂ കെയേഴ്‌സ്', എന്നാണെന്നും നടി പറഞ്ഞു.
'ഒരു പ്രസ്ഥാനത്തേയും തേജോവധം ചെയ്യാന്‍ ഉദ്ദേശമില്ല. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പറയുമ്പോള്‍ പല മാന്യദേഹങ്ങളുടേയും ആറ്റിറ്റിയൂഡ് ഹൂ കെയേഴ്‌സ് എന്നാണ്. അതുകൊണ്ടാണ് ഞാന്‍ ആ പ്രയോഗം ഉപയോഗിച്ചത്. പല ഫോറങ്ങളില്‍ വിഷമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അതിനോടെല്ലാം ഹൂ കെയേഴ്‌സ് എന്ന തരത്തിലുള്ള പ്രതികരണമാണ് ലഭിച്ചത്. പരാതി പറഞ്ഞതിനുശേഷവും സ്ഥാനമാനങ്ങള്‍ ലഭിച്ചു. ആ വ്യക്തി ഉള്‍പ്പെട്ട പ്രസ്ഥാനത്തില്‍ പലരുമായും എനിക്ക് അടുത്ത സ്‌നേഹബന്ധവും സൗഹൃദവുമുണ്ട്. അതുകൊണ്ടാണ് പേര് വെളിപ്പെടുത്താത്തത്. ദുരനുഭവങ്ങള്‍ ഇനിയുമുണ്ടാവുകയാണെങ്കില്‍ വെളിപ്പെടുത്തും', എന്നായിരുന്നു നടിയുടെ വാക്കുകള്‍.
'ആദ്യം എതിര്‍ത്തു, പിന്നീട് ഉപദേശിച്ചു. വളര്‍ന്നുവരുന്ന മിടുക്കനായ യുവനേതാവാണ് ഇങ്ങനെ പ്രവര്‍ത്തിക്കരുതെന്ന് ഉപദേശിച്ചു. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂമെടുക്കാം, ഞാന്‍ വരാം എന്ന് മെസേജ് അയച്ചപ്പോള്‍ നന്നായി പ്രതികരിച്ചു. അതിന് ശേഷം കുറേനാള്‍ പ്രശ്‌നമുണ്ടായിരുന്നില്ല. പിന്നീട് വീണ്ടും അത്തരത്തിലുള്ള മെസേജുകളയച്ചു. തുറന്നുകാട്ടണം എന്നുള്ളതുകൊണ്ടാണ് ഇത്രയെങ്കിലും പറയാന്‍ തയ്യാറായത്. സാമൂഹിക മാധ്യമങ്ങളിലെല്ലാം ആ വ്യക്തിയെക്കുറിച്ചുള്ള കാര്യങ്ങള്‍ വന്നതാണ്. ഹൂ കെയേഴ്‌സ്, അതാണ്...', നടി കൂട്ടിച്ചേര്‍ത്തു.