തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന്‍ ഉന്നയിച്ച ഗൂഢാലോചന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടിയും മോഡലുമായ റിനി ആന്‍ ജോര്‍ജ് രംഗത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ മൂന്നാമത്തെ യുവതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് റിനി ആന്‍ വ്യക്തമാക്കി. തന്റെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്ത് അപവാദം പ്രചരിപ്പിക്കുകയാണെന്നും റിനി ആരോപിച്ചു.

രാഹുലിനെതിരെ പരാതി നല്‍കിയ മൂന്നാമത്തെ യുവതിയെ തനിക്ക് വ്യക്തിപരമായി അറിയില്ല. ഇന്നുവരെ അവരുമായി സംസാരിക്കുകയോ സന്ദേശങ്ങള്‍ അയക്കുകയോ നേരിട്ട് കാണുകയോ ചെയ്തിട്ടില്ല. ആരെങ്കിലും അവരുടെ സ്വകാര്യ സംഭാഷണങ്ങളില്‍ തന്റെ പേര് വലിച്ചിഴച്ചിട്ടുണ്ടോ എന്ന് തനിക്കറിയില്ല. അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിന് താന്‍ ഉത്തരവാദിയല്ല. 2025 ഓഗസ്റ്റില്‍ താന്‍ പരാതിക്കാരിയെ ബന്ധപ്പെട്ടെന്ന ഫെന്നി നൈനാന്റെ വാദം തെറ്റാണെന്നാണ് റിനി പറയാതെ പറയുന്നത്. ഒരു തരത്തിലുള്ള ബന്ധവും തനിക്ക് ആ യുവതിയുമായി ഇല്ലന്ന് റിനി ഉറപ്പിച്ചു പറയുന്നു. ആരോപണങ്ങളില്‍ പറയുന്നതുപോലെ യാതൊരു ഗൂഢാലോചനയിലും തനിക്ക് പങ്കില്ല. തന്റെ പേര് അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും റിനി ആവശ്യപ്പെട്ടു.

റിനിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ന് എന്റെ ഫോട്ടോയും പേരും ഉപയോഗിച്ച് കൊണ്ട് ഒരു വ്യക്തി പോസ്റ്റ് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ടു. അതില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം എനിക്ക് മൂന്നാമത്തെ പരാതിക്കാരിയുമായി വ്യക്തിപരമായി ഒരു പരിചയവും ഇല്ല. ഇന്ന് ഈ നിമിഷം വരെ അവരുമായി ഞാന്‍ സംസാരിക്കുകയോ സന്ദേശങ്ങള്‍ അയക്കുകയോ മറ്റൊരു വിധത്തിലും കോണ്‍ടാക്ട് ചെയ്യുകയോ ചെയ്തിട്ടില്ല. ആരെങ്കിലും അവരുടെ വ്യക്തിപരമായ സംഭാഷണങ്ങളില്‍ എന്റെ പേര് ഉപയോഗിച്ചിട്ടുണ്ടോ എന്നതില്‍ എനിക്ക് വ്യക്തതയില്ല. അങ്ങനെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ എനിക്ക് അതില്‍ ഉത്തരവാദിത്വം ഇല്ല...


ഫെന്നി നൈനാന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ റിനിക്കെതിരെ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് റിനിയുടെ ഈ പ്രതികരണം. 'റിനിയുടെ മുഖത്ത് കള്ളത്തരമുണ്ട്' എന്ന ഫെന്നിയുടെ പരാമര്‍ശത്തിന്, തനിക്ക് ആരെയും ഭയമില്ലെന്ന നിലപാടിലാണ് റിനി. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ കേസില്‍ ഗൂഢാലോചന ഉണ്ടെന്ന വാദവും, റിനി തളളി.

രാഹുലിനെതിരായ നീക്കങ്ങള്‍ വെറും ആരോപണങ്ങളല്ല, മറിച്ച് കൃത്യമായ പ്ലാനിംഗോടെ നടന്ന ഗൂഢാലോചനയാണെന്നാണ് ഫെന്നിയുടെ പക്ഷം. താന്‍ ആരെയും അങ്ങോട്ട് ബന്ധപ്പെട്ടിട്ടില്ലെന്ന റിനിയുടെ ഫേസ്ബുക്ക് വാദത്തെ ഫെന്നി തള്ളി. രാഹുലിനെതിരെ ഇപ്പോള്‍ പരാതി നല്‍കിയ മൂന്നാമത്തെ യുവതിയെ 2025 ഓഗസ്റ്റില്‍ തന്നെ റിനി ബന്ധപ്പെട്ടിരുന്നുവെന്നാണ് ഫെന്നിയുടെ ആരോപണം. 2026 ജനുവരിയില്‍ പരാതി നല്‍കിയ ആളെ മാസങ്ങള്‍ക്ക് മുന്‍പേ റിനി എന്തിന് വിളിച്ചു എന്ന ചോദ്യമാണ് ഫെന്നി ഉയര്‍ത്തുന്നത്.

പരാതിക്കാരി തന്നെ ഇക്കാര്യം തന്നോട് ചാറ്റിലൂടെ സമ്മതിച്ചിട്ടുണ്ടെന്നും, റിനി ഇത് നിഷേധിക്കാന്‍ തുനിഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ അപ്പോള്‍ പുറത്തുവിടുമെന്നും ഫെന്നി ഫേസ്ബുക്ക് പോസ്റ്റില്‍ ഭീഷണി മുഴക്കി. റിനി ഇപ്പോള്‍ നടത്തുന്നത് വെറും അഭിനയമാണെന്നും അവരുടെ മുഖംമൂടി ഉടന്‍ അഴിയുമെന്നും ഫെന്നി കുറിച്ചു. ഉഭയകക്ഷി സമ്മതപ്രകാരം നടന്ന കാര്യങ്ങളെ ബലാത്സംഗമാക്കി മാറ്റാന്‍ നടന്ന തിരക്കഥകള്‍ ഓരോന്നായി പുറത്തുകൊണ്ടുവരുമെന്ന് ഫെന്നി പറയുന്നു.രാഹുല്‍ മാങ്കൂട്ടത്തിലിനെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ചിലര്‍ ചേര്‍ന്ന് നടത്തുന്ന വലിയൊരു കെണിയാണിതെന്ന് ഫെന്നി ആരോപിക്കുന്നു.

'റിനിയുടെ മുഖത്ത് കള്ളത്തരം ഉണ്ട്. റിനി ഈ കാണിച്ചതും കാണിച്ചുകൊണ്ടിരിക്കുന്നതും മുഖംമൂടിയാണ്. അത് അഭിനയമാണ്. എത്ര മറച്ച് വയ്ക്കാന്‍ ശ്രമിച്ചാലും അത് പുറത്ത് വരും. അല്ലെങ്കില്‍ പുറത്ത് കൊണ്ടുവരും. ഭൂമിയുടെ നിയമമാണ് അത്.'- ഫെനി റിനിക്ക് മറുപടിയായി കുറിച്ചു

താന്‍ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും തനിക്ക് ഇതില്‍ പങ്കില്ലെന്നും പറഞ്ഞ് റിനി ആന്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പേ പരാതിക്കാരെ കോണ്‍ടാക്ട് ചെയ്‌തെന്ന വെളിപ്പെടുത്തല്‍ വന്നതോടെ റിനി പ്രതിരോധത്തിലായിരിക്കുകയാണ്.