തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ പീഡനക്കേസ് ഇപ്പോള്‍ കോടതിക്ക് പുറത്ത് വാക്‌പോരിന്റെ വേദിയായി മാറുകയാണ്. രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാനും നടി റിനി ആന്‍ ജോര്‍ജ്ജും തമ്മിലുള്ള പോര് സോഷ്യല്‍ മീഡിയയില്‍ മുറുകുന്നതിന് പുറമേ, മറ്റൊരു ഭാഗത്ത് നിയമയുദ്ധവും തകൃതിയാണേ്.

ഫെന്നിയുടെ വെടിപൊട്ടിക്കല്‍: 'സ്‌ക്രീന്‍ഷോട്ട് യുദ്ധം'

രാഹുലിനെതിരെ പരാതി നല്‍കിയ മൂന്നാമത്തെ യുവതിയെ തനിക്ക് അറിയില്ലെന്ന റിനിയുടെ വാദം പൊളിക്കാനാണ് ഫെന്നി നൈനാന്‍ രംഗത്തെത്തിയത്. 2025 ഓഗസ്റ്റ് 21-ന് റിനി ഈ യുവതിക്ക് 'Call me tomorrow' എന്ന് സന്ദേശമയച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് തന്റെ പക്കലുണ്ടെന്ന് ഫെന്നി അവകാശപ്പെടുന്നു. 2026 ജനുവരിയില്‍ മാത്രം പരാതി നല്‍കിയ യുവതിയെ എന്തിന് മാസങ്ങള്‍ക്ക് മുന്‍പേ റിനി ബന്ധപ്പെട്ടു എന്നാണ് ഫെന്നിയുടെ ചോദ്യം. റിനിയുടെ അഭിനയം ഉടന്‍ അവസാനിക്കുമെന്നും കോടതിയില്‍ മുഖംമൂടി വലിച്ചുകീറുമെന്നും ഫെന്നി വെല്ലുവിളിക്കുന്നു.

ഫെന്നി നൈനാന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ ദിവസം റിനി ആന്‍ ജോര്‍ജ്ജ് ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചു കൊണ്ട് പറഞ്ഞിരുന്നു രാഹുലിന് എതിരെ പരാതി കൊടുത്ത മൂന്നാമത്തെ ആളെ ഒരു രീതിയിലും , ഫോണിലൂടെയോ, സമൂഹമധ്യങ്ങളിലൂടെയോ അവര്‍ ബന്ധപ്പെട്ടിട്ടില്ല എന്ന്. എന്നാല്‍ റിനി ആന്‍ ജോര്‍ജ്ജ് 2025 ആഗസ്റ്റ് 21 ആം തീയതി 'call me tomorrow' എന്ന് മൂന്നാമത്തെ പരാതിക്കാരിയോട് പറഞ്ഞതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം എന്നോട് മൂന്നാമത്തെ പരാതിക്കാരി പറഞ്ഞതിന്റെ തെളിവ് ഇതിനോടൊപ്പം ചേര്‍ക്കുന്നു.

ഇനി അറിയേണ്ടത് റിനി എന്തിനാണ് അവരെ ബന്ധപ്പെട്ടിട്ടില്ല എന്ന കള്ളം പറയുന്നത് ? എനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റിനി വെല്ലുവിളിച്ചതിനെ ഞാന്‍ സ്വാഗതം ചെയുന്നു. രാജ്യത്തെ കോടതികളില്‍ വിശ്വാസമുള്ള ഞാന്‍ അവിടെ എല്ലാ തെളിവുകളും ഹാജരാക്കിക്കൊള്ളാം .


റിനിയുടെ പ്രതിരോധം: 'ഫേക്ക് അക്കൗണ്ട് കെണി'

ഫെന്നിയുടെ ആരോപണങ്ങളെ പച്ചക്കള്ളമെന്ന് വിശേഷിപ്പിച്ച റിനി, തന്റെ ഭാഗം വ്യക്തമാക്കിക്കൊണ്ട് ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. താന്‍ ആരെയും അങ്ങോട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും ഒരു ഫേക്ക് അക്കൗണ്ടില്‍ നിന്ന് തനിക്ക് വന്ന സന്ദേശങ്ങള്‍ക്ക് നല്‍കിയ മറുപടിയാകാം ദുരുപയോഗം ചെയ്യപ്പെടുന്നതെന്നുമാണ് റിനിയുടെ വാദം. പരാതി നല്‍കിയ മൂന്നാമത്തെ യുവതിയെ തനിക്ക് അറിയില്ലെന്നും അവര്‍ തന്നെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും റിനി പറയുന്നു.

തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചതിനും തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റിനി വ്യക്തമാക്കി. അത് ഫെന്നിക്ക് എതിരെയല്ല, മറിച്ച് തന്റെ പേര് ദുരുപയോഗം ചെയ്തവര്‍ക്കെതിരെയായിരിക്കുമെന്നും നടി കൂട്ടിചേര്‍ത്തു.

റിനിയുടെ പുതിയ പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട ഫെന്നി നൈനാന്‍,

ഒരു കാര്യം കൃത്യവും വ്യക്തവും ആയി ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ് ഞാന്‍ ഒരു അതിജീവിതെയും അങ്ങോട്ട് ബന്ധപ്പെടുകയോ ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അത്തരത്തില്‍ ബന്ധപ്പെടേണ്ടതിന്റെ ഒരു ആവശ്യവും എനിക്കില്ല. അതുകൊണ്ട് തന്നെയാണ് താങ്കള്‍ പറഞ്ഞ കാര്യത്തെ ഞാന്‍ പരിപൂര്‍ണമായി നിഷേധിച്ചത്. ആരോ ഒരാള്‍ ഏതോ ഒരു ഫേക്ക് അക്കൗണ്ടില്‍ നിന്ന് എന്നെ ബന്ധപ്പെട്ടിരുന്നു. അത് പുരുഷന്‍ ആണോ സ്ത്രീ ആണോ എന്ന് പോലും എനിക്കറിയില്ല. കൂടുതല്‍ ഡീറ്റെയില്‍സ് പറയാമോ എന്നെല്ലാം ചോദിച്ചു. ഞാന്‍ പറഞ്ഞു ഊരും പേരും അറിയാത്ത ഒരാളുമായി എനിക്ക് ബന്ധപ്പെടാന്‍ പറ്റില്ല നിങ്ങള്‍ ആരാണെന്ന് വ്യക്തമാക്കിയിട്ടു നിങ്ങള്‍ വിളിക്കു എന്ന്.

അതിന് ഒരു മറുപടിയും എനിക്ക് തന്നിട്ടില്ല. ഇപ്പോള്‍ ഈ വിഷയം വന്നപ്പോള്‍ ഞാന്‍ ഇത് എന്റെ ഇന്‍സ്റ്റയില്‍ നോക്കിയപ്പോള്‍ അവര്‍ അയച്ചിരിക്കുന്ന സന്ദേശങ്ങള്‍ മാത്രം കാണുന്നില്ല. എനിക്ക് ഇത് ആരാണെന്നോ എന്താണെന്നോ പോലും അറിയില്ല. ഇതാണ് മൂന്നാമത്തെ പരാതിക്കാരി എന്ന് പോലും അറിയില്ല. ഈ വിഷയത്തില്‍ ഞാന്‍ അവരുമായി ബന്ധപ്പെട്ടിരുന്നു എന്ന് താങ്കളെ അവര്‍ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. തീര്‍ച്ചയായും ഞാന്‍ നിയമ നടപടികളുമായി മുന്നോട്ടു പോകും. അത് താങ്കള്‍ക്ക് എതിരെ അല്ല, എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചു തെറ്റിദ്ധാരണ ജനകമായ സന്ദേശങ്ങള്‍ മറ്റൊരാള്‍ക്ക് അയച്ചു എന്നെ അപമാനിച്ചതിനാണ്. മൂന്നാമത്തെ പരാതിക്കാരിയുമായി ഒരു ബന്ധവും എനിക്കില്ല. ഞാന്‍ എല്ലാ കാര്യത്തിലും സത്യസന്ധത പുലര്‍ത്തുന്ന ആളാണ്. സത്യം ആണെങ്കില്‍ സത്യം ആണെന്ന് പറയാന്‍ ഒട്ടും ഭയമില്ല...


റിനി ആന്‍ ജോര്‍ജ്ജിന്റെ മുഖത്ത് കള്ളത്തരമുണ്ടെന്നും അവരുടെ അഭിനയം ഉടന്‍ അവസാനിക്കുമെന്നും ഫെന്നി നേരത്തെ വെല്ലുവിളിച്ചിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരം നടന്ന കാര്യങ്ങളെ ബലാത്സംഗമാക്കി മാറ്റാന്‍ ചിലര്‍ ചേര്‍ന്ന് മെനഞ്ഞ കെണിയാണിതെന്ന് ഫെനി ആരോപിക്കുന്നു.

വ്യക്തിഹത്യ തുടരുകയാണെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണ് റിനിയുടെ നിലപാട്. തന്റെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്ത് അപവാദം പ്രചരിപ്പിക്കുകയാണ്. പരാതിക്കാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, ആരെങ്കിലും അവരുടെ സ്വകാര്യ സംഭാഷണങ്ങളില്‍ തന്റെ പേര് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് താന്‍ ഉത്തരവാദിയല്ലെന്നും റിനി ഉറപ്പിച്ചു പറയുന്നു.

ഗൂഢാലോചനയോ രാഷ്ട്രീയ കെണിയോ?

രാഹുല്‍ മാങ്കൂട്ടത്തിലിനെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കമാണിതെന്ന് ഫെന്നി ആരോപിക്കുമ്പോള്‍, ഇരകള്‍ക്ക് നീതി ലഭിക്കണമെന്ന പക്ഷത്താണ് റിനി. ആരുടെ കയ്യിലാണ് യഥാര്‍ത്ഥ തെളിവുകള്‍ എന്നത് കോടതിക്ക് മുന്നിലെത്തുമ്പോള്‍ മാത്രമേ വ്യക്തമാകൂ.