ഒഹായോ: വാഹനങ്ങള്‍ ഓടിക്കുന്നവര്‍ യാത്രക്കിടയില്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്. അത് ലംഘിക്കുന്നവര്‍ക്ക് അധികൃതരുടെ ഭാഗത്ത് നിന്നുള്ള ശിക്ഷ മാത്രമല്ല ചിലപ്പോള്‍ മറ്റ് യാത്രക്കാരുടെ കൈയ്യില്‍ നിന്ന് തല്ല് കിട്ടാനും സാധ്യതയുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമാകുന്നത്.

ഈ മാസം നാലിന് അമേരിക്കയിലെ ഒഹായോവിലെ ടോലേഡോയിലാണ് സംഭവം നടക്കുന്നത്. ഒരു നീല ഫോര്‍ഡ് സെഡാന്‍ ഓടിച്ചു വരികയായിരുന്ന ഒരു സ്ത്രീ പെട്ടെന്ന് വാഹനം ബ്രേക്കിട്ട് നിര്‍ത്തിയ ശേഷം കോപത്തോടെ വാഹനത്തിന് പുറത്തേക്ക് വരുന്നതായിട്ടാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇവരുടെ പേരോ മറ്റ് വിശദാംശങ്ങളോ ഇനിയും പുറത്തുവന്നിട്ടില്ല. ഇവരുടെ വാഹനത്തിന് തൊട്ടു പിന്നാലെ വരികയായിരുന്ന ഒരു ചുവപ്പ് കാറിന് നേര്‍ക്ക് കടന്ന് ചെല്ലുന്ന ഇവര്‍ വാഹനം ഓടിച്ചിരുന്ന വ്യക്തിയോട് സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുകയാണ്.

തുടര്‍ന്ന് ചുവപ്പ് കാര്‍ ഓടിച്ചിരുന്ന പൈജാമ ധരിച്ച പുരുഷന്‍ ഇവരോട് സംസാരിക്കുകയാണ്. സ്ത്രീയുടെ ദേഷ്യം കണ്ടിട്ട് ഇവരോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ ഇയാള്‍ തിരികെ കാറിലേക്ക് കയറാന്‍ പോകുകയാണ്. എന്നാല്‍ സ്ത്രീ ആകട്ടെ പെട്ടെന്ന് തന്നെ പുരുഷന്റെ അടുത്തേക്ക് ഓടിയെത്തി അയാളുടെ മുഖത്ത് ശക്തിയായി ഇടിക്കുകയാണ്. ഇടിയേറ്റ പുരുഷന്‍ ഉടന്‍ തന്നെ തന്നെ തല്ലിയ സ്ത്രീയെ തിരികെ തല്ലുകയാണ്.

തുടര്‍ന്ന് ഇയാള്‍ സ്ത്രീയെ തൂക്കിയെടുത്ത് റോഡരികിലേക്ക് എറിയുകയും ചെയ്യുന്നു. മര്‍ദ്ദനമേറ്റ സ്ത്രീ വീണ് കിടക്കുന്നതായിട്ടാണ് അടുത്തതായി കാണുന്നത്. വേദന കൊണ്ട് അവര്‍ കരയുകയും ചെയ്യുന്നു. ഇവര്‍ക്ക് പിന്നാലെ ഒരു വെള്ളക്കാറില്‍ എത്തിയ ഒരാള്‍ സ്ത്രീയോട് സംസാരിക്കുന്നതും കാണാം. എന്ത് കാരണത്താലാണ് കാറോടിച്ചിരുന്ന രണ്ട് പേരും തമ്മില്‍ സംഘര്‍ഷം ഉണ്ടായതെന്ന് ഇനിയും വ്യക്തമല്ല. ചുവന്ന കാര്‍ ഓടിച്ചിരുന്ന വ്യക്തി തന്റെ കാറിനോട് ചേര്‍ത്ത് വാഹനം നിര്‍ത്തിയെന്നാണ് സ്ത്രീ ആരോപിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ആരും പരാതിയൊന്നും നല്‍കിയിട്ടില്ല എന്നാണ് പോലീസ് അധികാരികള്‍ പറയുന്നത്. അത് കൊണ്ട് തന്നെ അവര്‍ ഇക്കാര്യത്തില്‍ ഇനിയും അന്വേഷണവും നടത്തിയിട്ടില്ല. സ്ത്രീയെ മര്‍ദ്ദിച്ചതിന് ശേഷം ചുവന്ന കാറിലെത്തിയ വ്യക്തി പെട്ടെന്ന് തന്നെ സ്വന്തം കാറില്‍ കയറി പാഞ്ഞ് പോകുകയായിരുന്നു. ആരെങ്കിലും അശ്രദ്ധമായി വാഹനം ഓടിക്കുകയാണെങ്കില്‍ അമേരിക്കയിലെ നിയമം

അനുസരിച്ച് മറ്റ് വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഇക്കാര്യം പോലീസിനെ അറിയിക്കാം.


ഇതിനായി 911 എന്ന ഫോണ്‍ നമ്പരും സജ്ജമാണ്. അല്ലാതെ മറ്റ് വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ കൈയ്യേറ്റം ചെയ്യാന്‍ ആര്‍ക്കംു അവകാശം ഇല്ല എന്നാണ് പോലീസ് വൃത്തങ്ങള്‍ സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ ഡിസംബറില്‍ അമേരിക്കയിലെ കൊളറാഡോയില്‍ ഇത്തരത്തില്‍ ഒരു ഗതാഗത പ്രശ്നം ഉണ്ടായപ്പോള്‍ ഒരു കാറിന്റെ വനിതാ ഡ്രൈവര്‍ മറ്റൊരു കാറിലെത്തിയ ദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായിട്ടുണ്ട്.