തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ലെ ഗോവര്‍ധനെ കണ്ടെത്തി. കര്‍ണാടകയിലെ ബെല്ലാരി സ്വദേശിയായ ജൂവലറി ഉടമയാണ് ഗോവര്‍ധന്‍. ശബരിമല ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയാന്‍ വേണ്ടി സ്വര്‍ണം വഴിപാടായി നല്‍കിയത് താനാണെന്ന് ഗോവര്‍ധന്‍ സമ്മതിച്ചിട്ടുണ്ട്. അയ്യപ്പ ഭക്തന്‍ എന്ന നിലയില്‍ കിട്ടിയ അവസരം പുണ്യമായി കരുതിയാണ് ഇത് ചെയ്തതെന്നാണ് വിശദീകരണം. വര്‍ഷങ്ങളായി തനിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്ന് ഗോവര്‍ധന്‍ പറയുന്നു. കൃത്യമായി ഓര്‍ക്കുന്നില്ലെങ്കിലും 2012-ലോ 2013-ലോ ആണ് ശ്രീരാമപുരം അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ വെച്ച് താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെല്ലാരിയിലാണ് ഗോവര്‍ധന്റെ കട. താന്‍ 2000 മുതല്‍ എല്ലാ വര്‍ഷവും മുടങ്ങാതെ ശബരിമലയില്‍ ദര്‍ശനത്തിനായി പോകുന്ന ഒരു അയ്യപ്പഭക്തനാണെന്നും 2018 നവംബറോടെയാണ് പുതിയ സ്വര്‍ണം പൂശിയ വാതില്‍ നിര്‍മ്മിക്കാന്‍ തനിക്ക് അവസരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. പുതിയ വാതില്‍ 2019 മാര്‍ച്ചിലാണ് പൂര്‍ത്തിയാക്കിയതെന്നും 2019 മാര്‍ച്ചില്‍ താന്‍ അത് അയ്യപ്പ ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം വിജിലന്‍സ് തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും, അറിയാവുന്ന വിവരങ്ങള്‍ വിജിലന്‍സിനോട് പറഞ്ഞിട്ടുണ്ടെന്നും ഗോവര്‍ധന്‍ വെളിപ്പെടുത്തി. ഗോവര്‍ധന്‍ 321 ഗ്രാം സ്വര്‍ണമാണ് നല്‍കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 200 ഗ്രാമും, പിന്നീട് 121 ഗ്രാം സ്വര്‍ണവുമാണ് കൈമാറിയത് എന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതില്‍ വാതിലില്‍ എത്ര സ്വര്‍ണ്ണമുണ്ടെന്നതാണ് നിര്‍ണ്ണായകം. 'രോധാം' ജ്വല്ലറി ഉടമയാണ് ഗോവര്‍ധന്‍.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ ചോദ്യം ചെയ്യാനാണ് നീക്കം. അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ വേഗത്തിലാക്കും. ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലിന്റെ തുടര്‍ച്ചയെന്നോണമാകും അന്വേഷണം. ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി ഒന്നാം പ്രതിയായ കേസിലെ പ്രതിപ്പട്ടികയില്‍ ഒമ്പത് ഉദ്യോഗസ്ഥരാണുള്ളത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആയിരിക്കും അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എല്ലാ പ്രതികള്‍ക്കും ഇന്ന് തന്നെ നോട്ടീസ് നല്‍കും.

ദ്വാരപാലക ശില്‍പത്തിലെയും വാതില്‍പടിയിലെയും സ്വര്‍ണ മോഷണത്തില്‍ പ്രത്യേകം എഫ്ഐആറുകളാണ് എസ്‌ഐടി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇരു കേസുകളിലും മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. കവര്‍ച്ച, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിലവിലെ ദേവസ്വം ഉദ്യോഗസ്ഥരായ മുരാരി ബാബു (മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍), സുനില്‍ കുമാര്‍ (മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍), ഡി സുധീഷ് കുമാര്‍ (മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍), ആര്‍ ജയശ്രീ (മുന്‍ ദേവസ്വം സെക്രട്ടറി), കെ എസ് ബൈജു (മുന്‍ തിരുവാഭരണ കമ്മീഷണര്‍), ആര്‍ ജി രാധാകൃഷ്ണന്‍ (മുന്‍ തിരുവാഭരണ കമ്മീഷണര്‍), രാജേന്ദ്ര പ്രസാദ് (മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍), രാജേന്ദ്രന്‍ നായര്‍ (മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍), ശ്രീകുമാര്‍ (മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. എഡിജിപി എച്ച് വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ശരിധരന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി സംഘം കഴിഞ്ഞ ദിവസം ദേവസ്വം ആസ്ഥാനത്ത് എത്തി പരിശോധന നടത്തിയിരുന്നു. സ്മാര്‍ട്ട് ക്രീയേഷന്‍സ് ഉള്‍പ്പടെ കേസില്‍ പ്രതികളായതിനാല്‍ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

രണ്ട് സമയങ്ങളിലായിരുന്നു ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം 2019 മാര്‍ച്ചില്‍ കടത്തിക്കൊണ്ടുപോയി ഉരുക്കിയതായാണ് കരുതപ്പെടുന്നത്. വാതില്‍പ്പാളിയിലെ സ്വര്‍ണം 2019 ഓഗസ്റ്റില്‍ കവര്‍ന്നതായും കരുതപ്പെടുന്നു. ഇതിലാണ് എസ്‌ഐടി സംഘം വിശദമായ അന്വേഷണം നടത്തുക. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലും ശ്രീകോവിലിന്റെ കട്ടിളപ്പടിയിലും പൂശിയ സ്വര്‍ണം മോഷ്ടിക്കപ്പെട്ടതായി ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൊണ്ടുപോയത് സ്വര്‍ണം പൂശിയ പാളികള്‍ തന്നെയാണെന്നും എക്സിക്യൂട്ടീവ് ഓഫീസറുടെ കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ചെമ്പ് പാളികള്‍ എന്നാണെന്നും കോടതി കണ്ടെത്തിയിരുന്നു. അത് ഗുരുതരമായ ക്രമക്കേടാണെന്നും കോടതി വിലയിരുത്തിയിരുന്നു.