റിയാദ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നതിനിടെ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ വിട്ടതായി സൂചന. താരത്തിന്റെ ഉടമസ്ഥതയിലുള്ള ആഡംബര സ്വകാര്യ വിമാനം റിയാദിൽ നിന്ന് സ്പെയിനിലെ മാഡ്രിഡിലേക്ക് പറന്നതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതിന് തൊട്ടുപിന്നാലെയായിരുന്നു താരത്തിന്റെ വിമാനത്തിന്റെ യാത്ര. ഏകദേശം 778 കോടി രൂപ (6.1 കോടി പൗണ്ട്) വിലമതിക്കുന്ന റൊണാൾഡോയുടെ ബോംബാർഡിയർ ഗ്ലോബൽ എക്സ്പ്രസ് 6500 വിമാനം സൗദി സമയം രാത്രി എട്ട് മണിയോടെയാണ് റിയാദിൽ നിന്ന് പറന്നുയർന്നത്.

ഈജിപ്തിനും മെഡിറ്ററേനിയൻ കടലിനും മുകളിലൂടെ ഏഴ് മണിക്കൂർ സഞ്ചരിച്ച വിമാനം പുലർച്ചെ ഒരു മണിയോടെ മാഡ്രിഡിലെത്തി. വിദേശ പൗരന്മാരോട് പശ്ചിമേഷ്യ വിടാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർദ്ദേശം നൽകിയ സാഹചര്യത്തിലാണ് ഈ അടിയന്തര നീക്കമെന്നാണ് റിപ്പോർട്ടുകൾ. റിയാദിൽ പങ്കാളി ജോർജിന റോഡ്രിഗസിനും അഞ്ച് മക്കൾക്കുമൊപ്പമാണ് 41-കാരനായ റൊണാൾഡോ താമസിക്കുന്നത്. മേഖലയിൽ സംഘർഷം കടുക്കുന്നതും ഇറാൻ റിയാദിനെ ലക്ഷ്യം വെക്കുന്നതുമാണ് താരത്തിന്റെ പിന്മാറ്റത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.

2024-ൽ 778 കോടി കോടി മുടക്കി വാങ്ങിയ ഈ ആഡംബര ജെറ്റ് 15 യാത്രക്കാർക്ക് വരെ സഞ്ചരിക്കാൻ സൗകര്യമുള്ളതാണ്. ഇരട്ട കിടക്കയുള്ള സ്വീറ്റ്, പ്രത്യേക ഷവർ ഏരിയ, മേശകളും സോഫകളുമുള്ള സീറ്റിംഗ് ഏരിയ എന്നിവ ഈ വിമാനത്തിലുണ്ട്. റൊണാൾഡോയുടെ ലോഗോ പതിപ്പിച്ച് കസ്റ്റമൈസ് ചെയ്തതാണ് ഈ ജെറ്റ്. വിമാനത്തിന്റെ പുറത്ത് റൊണാൾഡോയുടെ ലോഗോയും പ്രശസ്തമായ 'Siuuu' ആഹ്ലാദപ്രകടനത്തിന്റെ സ്റ്റിക്കറുകളും പതിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന്റെ പങ്കാളി ജോർജിന റോഡ്രിഗസ് മിലാനിലേക്കുള്ള യാത്രയ്ക്കായി ഈ വിമാനം ഉപയോഗിച്ചിരുന്നു. ആ യാത്രയുടെ ചിത്രം ഇൻസ്റ്റാഗ്രാമിലെ 72 മില്യൺ ഫോളോവേഴ്‌സിനായി ജോർജിന പങ്കുവെച്ചിരുന്നു.

സൗദി പ്രോ ലീഗിൽ അൽ-നസർ ക്ലബ്ബിനായി കളിക്കുന്ന ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ പരിക്കിന്റെ പിടിയിലാണ്. പ്രതിദിനം ഏകദേശം 4,88,000 പൗണ്ട് (ഏകദേശം 5.3 കോടി രൂപ) വരുമാനമുള്ള താരം കഴിഞ്ഞ ശനിയാഴ്ച അൽ ഫയയ്‌ക്കെതിരെ നടന്ന മത്സരത്തിനിടെയാണ് പരിക്കേറ്റ് കളം വിട്ടത്. മത്സരത്തിൽ അൽ-നസർ 3-1 ന് വിജയിച്ചെങ്കിലും നായകന്റെ പരിക്ക് ടീമിനും ആരാധകർക്കും തിരിച്ചടിയായി. ലോകകപ്പ് ആസന്നമായിരിക്കെ, താരത്തിന്റെ പേശികൾക്കേറ്റ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യത്തിൽ വലിയ ആശങ്കയാണ് ഉയരുന്നത്.

വരാനിരിക്കുന്ന നിർണ്ണായക മത്സരങ്ങളിൽ താരം കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വരാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി പരിക്കിൽ നിന്ന് മോചിതനാകാൻ വിദഗ്ദ്ധ ചികിത്സ തേടിയാണോ താരം മാഡ്രിഡിലേക്ക് പോയതെന്നും ആരാധകർ ഉറ്റുനോക്കുന്നു. ഇതിനിടെയാണ് താരം രാജ്യം വിട്ടുവെന്ന വാർത്തകൾ പുറത്ത് വരുന്നത്.

അതേസമയം, പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ അൽ-നസറും അൽ-വാസലും തമ്മിൽ നടക്കേണ്ടിയിരുന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ടു ക്വാർട്ടർ ഫൈനൽ മത്സരം മാറ്റിവെച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന മത്സരങ്ങൾ നടക്കില്ലെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) പ്രസ്താവനയിലൂടെ അറിയിച്ചു. "പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, 2026 മാർച്ച് 2, 3 തീയതികളിൽ വെസ്റ്റ് റീജിയണിൽ നടക്കേണ്ടിയിരുന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് 2025-26 റൗണ്ട് ഓഫ് 16 ആദ്യപാദ മത്സരങ്ങൾ പുനഃക്രമീകരിച്ചതായി എഎഫ്‌സി അറിയിക്കുന്നു," അവർ പറഞ്ഞു.

"കൂടാതെ, മാർച്ച് 3-നും 4-നും ഇടയിൽ നടക്കേണ്ടിയിരുന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടു, എഎഫ്‌സി ചലഞ്ച് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യപാദ മത്സരങ്ങളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവെച്ചു. എന്നാൽ ഈസ്റ്റ് റീജിയണിലെ ക്ലബ്ബുകൾ ഉൾപ്പെടുന്ന എഎഫ്‌സിയുടെ എല്ലാ മത്സരങ്ങളും നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യം എഎഫ്‌സി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കളിക്കാർ, ടീമുകൾ, ഉദ്യോഗസ്ഥർ, ആരാധകർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," അവർ കൂട്ടിച്ചേർത്തു.