വണ്ടന്മേട് (ഇടുക്കി): പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി തോട്ടം മേഖലയില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ വിരുന്നിനിടെയുണ്ടായ തര്‍ക്കം കൈയാങ്കളിയില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ക്കായി തയ്യാറാക്കിയ മട്ടന്‍ കറി തികയാതെ വന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിന്റെ ഭാഗമായാണ് വാര്‍ഡ് തലത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചത്.

തോട്ടം തൊഴിലാളികളും പ്രവര്‍ത്തകരും ധാരാളമായി പങ്കെടുത്ത പരിപാടിയില്‍ വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.

പൊറോട്ടയും മട്ടന്‍ കറിയുമായിരുന്നു പ്രധാന ആകര്‍ഷണം. എന്നാല്‍, ഭക്ഷണം വിളമ്പിത്തുടങ്ങിയപ്പോള്‍ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവ് വാഹനവുമായി എത്തി വലിയ അളവില്‍ മട്ടന്‍ കറി കോരിയെടുത്ത് കൊണ്ടുപോയി. പരിപാടിയില്‍ പങ്കെടുത്ത ശേഷം ഭക്ഷണം കഴിക്കാനെത്തിയ സാധാരണ പ്രവര്‍ത്തകര്‍ക്ക് കറി ലഭിക്കാതെ വന്നതോടെയാണ് രംഗം വഷളായത്.

തമിഴ് വംശജനായ നേതാവിന് എതിരെ മുമ്പും പരാതികള്‍ ഉണ്ടായിരുന്നു. യൂണിയന്‍ പിരിവിന് എത്തി ഇറച്ചിയും എല്ലും പണം നല്‍കാതെ പാര്‍ട്ടിയുടെ പേരില്‍ വാങ്ങിക്കൊണ്ടു പോയ സംഭവത്തിലും ആരോപണം നേരിട്ടയാളാണ് ഇയാള്‍.

കറി തീര്‍ന്നുപോയെന്നറിഞ്ഞതോടെ പ്രവര്‍ത്തകര്‍ സംഘാടകരോട് പരാതിപ്പെട്ടു. നേതാവ് കൂടുതല്‍ കറി കൊണ്ടുപോയതാണ് തികയാതെ വരാന്‍ കാരണമെന്ന് അറിഞ്ഞതോടെ പ്രവര്‍ത്തകര്‍ ബഹളം വെക്കുകയും നേതാവിനെതിരെ തിരിയുകയും ചെയ്തു. ചോദ്യം ചെയ്ത പ്രവര്‍ത്തകരും നേതാവിന്റെ അനുയായികളും തമ്മില്‍ ആദ്യം വാക്കേറ്റവും പിന്നീട് ഉന്തും തള്ളും കൈയാങ്കളിയുമായി. കുടുംബസംഗമത്തിനെത്തിയ സ്ത്രീകളും കുട്ടികളും ഭയന്ന് ചിതറിയോടി.മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

പ്രവര്‍ത്തകരുടെ ആവേശം വര്‍ധിപ്പിക്കാന്‍ സംഘടിപ്പിച്ച പരിപാടി മട്ടന്‍ കറി കാരണം കൂട്ടത്തല്ലില്‍ അവസാനിച്ചത് തോട്ടം മേഖലയില്‍ പാര്‍ട്ടിക്കും വലിയ നാണക്കേടായി. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടേണ്ട ഘട്ടത്തില്‍ കറിക്ക് വേണ്ടി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത് നേതൃത്വത്തെയും വെട്ടിലാക്കിയിട്ടുണ്ട്. സംഭവം ഇതിനോടകം എതിരാളികള്‍ പ്രചാരണായുധമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ 'കറിനാണക്കേട്' എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് നേതാക്കള്‍.