- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം നല്‍കും; ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം; നേരിയ പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ; അപകടം അന്വേഷിക്കുന്നതിന് രണ്ടംഗ ഉന്നതതല അന്വേഷണ കമ്മിറ്റിയെയും നിയോഗിച്ച് റെയില്‍വേ
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധന സഹായം പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും നേരിയ പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായമായി നല്‍കാനും തീരുമാനമായി. ശനിയാഴ്ച രാത്രിയില്‍ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നടന്ന അപകടത്തില്‍ നാല് കുട്ടികളും 11 സ്ത്രീകളുമടക്കം 18 പേരാണ് മരിച്ചത്. 50ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത. അപകടത്തിന് വ്യക്തമായ കാരണം ഇനിയും റെയില്‍വേ വിശദീകരിച്ചിട്ടില്ല.
അതേസമയം, അപകടം അന്വേഷിക്കുന്നതിന് രണ്ടംഗ ഉന്നതതല അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു. റെയില്‍വേ സ്റ്റേഷനില്‍ തിക്കും തിരക്കുമുണ്ടാകാനുള്ള കാരണവും അപകടത്തിലേക്ക് നയിച്ച പ്രധാന കാരണവും കണ്ടെത്താനാണ് അന്വേഷണം. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും റെയില്‍വേ അറിയിച്ചു. യാത്രക്കാര്‍ക്കായി പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തി. റെയില്‍വേ സ്റ്റേഷന്‍ വഴിയുള്ള ട്രെയിനുകളുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലെത്തിയെന്നും റെയില്‍വെയുടെ ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദിലീപ് കുമാര്‍ അറിയിച്ചു.
ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ അസാധാരണമായ തിരക്കാണ് ഉണ്ടായത്. അതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ നാല് പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ പിന്നീട് റെയില്‍വേ സ്റ്റേഷനിലേക്ക് ആളുകള്‍ എത്തുന്നത് തടയേണ്ടി വന്നു. ഇപ്പോള്‍ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും ദിലീപ് കുമാര്‍ പറഞ്ഞു.
ശനിയാഴ്ച രാത്രിയിലാണ് സംഭവം. കുംഭമേളയ്ക്ക് പോകാനായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ആളുകള്‍ക്കാണ് പരിക്കേറ്റത്. 14, 15 പ്ലാറ്റ്‌ഫോമുകളിലായിരുന്നു അനിയന്ത്രിതമായ തിരക്ക്. പ്രയാഗ്രാജ് എക്സ്പ്രസില്‍ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്ഫോം 14ല്‍ നിന്നായിരുന്നു ഈ ട്രെയിന്‍. 12, 13 പ്ലാറ്റ്‌ഫോമുകളില്‍ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസുകള്‍ വൈകിയതോടെ ഈ പ്ലാറ്റ്ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടര്‍ന്നാണു തിക്കും തിരക്കും ഉണ്ടായത്.
അതേസമയം, സ്റ്റേഷനിലെ അനിയന്ത്രിതമായി തിരക്കിലേക്ക് നയിച്ചത് എന്തെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി ഇതുവരെ റെയില്‍വേ അധികൃതര്‍ തന്നിട്ടില്ല. കുംഭമേള പ്രമാണിച്ച് ഏതാനും ദിവസങ്ങളായി തുടരുന്ന തിരക്ക് നിയന്ത്രിക്കാന്‍ രണ്ട് പ്രത്യേക തീവണ്ടികള്‍ റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ ശനിയാഴ്ച രണ്ട് അധിക വണ്ടികള്‍ കൂടി സര്‍വീസ് നടത്തിയതായാണ് വിവരം. എന്നിട്ടും ഇത്തരം അപകടം സംഭവിച്ചത് റെയില്‍വേയുടെ കടുത്ത വീഴ്ചയായാണ് മനസ്സിലാക്കേണ്ടത്. സംഭവത്തില്‍ റെയില്‍വേ പ്രാഥമിക അന്വേഷണം നടത്തുകയാണ്. ദുരന്ത ദിവസം 1500 ജനറല്‍ ടിക്കറ്റുകളാണ് വിറ്റു പോയത്.
അതേസമയം, ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. മരണസംഖ്യയും മരിച്ചവരുടെ പേരും വിവരങ്ങളും ഉടന്‍ പുറത്തുവിടണം. രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി വിവരങ്ങള്‍ മറച്ചുവെയ്ക്കരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. മരണം സംബന്ധിച്ച വിവരം തുടക്കത്തില്‍ പുറത്തുവന്നിരുന്നില്ല, സത്യം മറച്ചുവെയ്ക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ലജ്ജാവഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മരിച്ചവരുടേയും കാണാതായവരുടേയും വിവരങ്ങള്‍ എത്രയും പെട്ടന്ന് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടിക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കുംഭമേളയ്ക്കായി കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ സര്‍ക്കാരിന് സജ്ജമാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.