- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കെഎസ്ആര്‍ടിസി ബസ് കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു; 3.68 കോടി നഷ്ടപരിഹാരം അനുവദിച്ച് ഹൈക്കോടതി; ബസിന്റെ അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്ന് കോടതി ഉത്തരവ്; പണം നല്‍കേണ്ടത് കെ.എസ്.ആര്‍.ടി.സിയും ഇന്‍ഷ്വറന്‍സ് കമ്പനിയും
3.68 കോടി നഷ്ടപരിഹാരം അനുവദിച്ച് ഹൈക്കോടതി
പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ് ദമ്പതികള്‍ സഞ്ചരിച്ച കാറിലിടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിക്കുകയും ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ 3.68 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് കേരളാ ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ പുറപ്പെടുവിച്ച വിധി അംഗീകരിച്ച ഹൈക്കോടതി പൊലീസ് തയാറാക്കിയ കുറ്റപത്രം തള്ളി.
2016 മാര്‍ച്ച് 27ന് രാവിലെ 9.20ന് എം.സി റോഡില്‍ പന്തളം ചിത്ര ആശുപത്രിക്കു സമീപം നെടുമങ്ങാട് - പാലക്കാട് സൂപ്പര്‍ഫാസ്റ്റ് ബസ് കാറില്‍ ഇടിച്ചു ചെങ്ങന്നൂര്‍ പെണ്ണുക്കര മണ്ണില്‍ പ്രദീപ് (41) മരിക്കുകയും ഭാര്യ സോണി പ്രദീപിന് (34) ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എതിര്‍ദിശയില്‍ വന്ന കാറില്‍ അമിതവേഗത്തിലെത്തിയ ബസ് ഇടിച്ചാണ് അപകടമുണ്ടായത്.
ബസിന്റെ അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സിയും ഇന്‍ഷ്വറന്‍സ് കമ്പനിയും നഷ്ടപരിഹാരം നല്‍കണമെന്നു വിധിക്കുകയായിരുന്നു. ട്രിബ്യൂണല്‍ അനുവദിച്ച നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കാനായി ഹൈക്കോടതിയെ പ്രദീപിന്റെ കുടുംബം സമീപിച്ചു.
അധിക തുക നഷ്ടപരിഹാരമായി നല്‍കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. സോണിക്കുണ്ടായ പരിക്കുമായി ബന്ധപ്പെട്ട് അനുവദിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്നും ഹൈക്കോടതി കണ്ടെത്തി. ജീവിതകാലം മുഴുവന്‍ രണ്ട് ശുശ്രൂഷകരുടെ ആവശ്യം ഇവര്‍ക്കുണ്ടായ സാഹചര്യത്തിലായിരുന്നു കോടതിയുടെ കണ്ടെത്തല്‍.ശുശ്രൂഷകള്‍ക്കായി അനുവദിച്ച തുക ഉള്‍പ്പെടെ 74.50 ലക്ഷം രൂപ അനുവദിച്ചു.
പ്രദീപ് മരിച്ച കേസില്‍ 1,21,81,665 രൂപയും ഭാര്യ സോണി പ്രദീപിനുണ്ടായ പരിക്കുമായി ബന്ധപ്പെട്ട് 2,36,92,307 രൂപയും കെട്ടിവയ്ക്കാനാണ് ഇന്‍ഷുറന്‍സ് കമ്പനിയ്ക്കു നല്‍കിയിരിക്കുന്ന ഉത്തരവ്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകരായ മാത്യു ജോര്‍ജ്, എ.എന്‍.സന്തോഷ് എന്നിവര്‍ ഹാജരായി.