തിരുവനന്തപുരം: ഛത്തീസ് ഗഡിലെ രണ്ട് കന്യാസ്ത്രീകളുടെ ജയില്‍ മോചനത്തിന് ശേഷം ബിജെപിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ സജീവമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സഭാ നേതൃത്വം തന്നെ നന്ദി അറിയിക്കുകയും ചെയ്തു. അപ്പോഴും അറസ്റ്റും മറ്റും ബിജെപിയുടെ തലയിലിട്ട് രാഷ്ട്രീയ നേട്ടത്തിനുള്ള സാധ്യതകള്‍ കോണ്‍ഗ്രസും സിപിഎമ്മും തേടുകയാണ്. ഇതിനെതിരെ ബിജെപി നേതാവ് ആര്‍ എസ് രാജീവ് ഇട്ട കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ശ്രീ രാജീവ് ചന്ദ്രശേഖറിനും, ശ്രീ അനൂപ് ആന്റണിയ്ക്കും വികസിത ടീമിനും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതാണ് പ്രതികരണം. കച്ചവടത്തിന് ഇറങ്ങിയവര്‍ക്ക് കടപൂട്ടേണ്ടി വരുന്ന സാഹചര്യം നമുക്ക് മനസ്സിലാകും. അതാണ് ഇടതിനും കോണ്‍ഗ്രസിനും സംഭവിച്ചത്. 'കൂടെയുണ്ട് ഞങ്ങള്‍'എന്ന് പറയുന്നത് വെറുംവാക്കല്ല അത് നെഞ്ചുറപ്പോടെ കേരളത്തിന് നല്‍കിയ ഉറപ്പാണ് അത് ഞങ്ങള്‍ പാലിക്കും........-ഇതാണ് രാജീവ് ഈ വിഷയത്തില്‍ പറയുന്നത്.

ആര്‍ എസ് രാജീവിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് ചുവടെ

ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങിയതാണ് ......

രാഷ്ട്ര താല്‍പര്യം മാത്രം കൈമുതല്‍ ...

ഒരുപാട് ചെളി കോരി എറിഞ്ഞിട്ടുണ്ട്.......

ആ ചെളിയ്ക്കും ഒരു സുഗന്ധം ഞങ്ങള്‍ കണ്ടു.........

കാരണം ചെളിയുടെ സുഗന്ധത്തിലും ഊര്‍ജ്ജത്തിലും ആണ് താമര വിടര്‍ന്നത്........

ആ താമര ഇന്ന് ഭാരതത്തിന് സുഗന്ധം പടര്‍ത്തുന്നു.........

ആന്ന് എതിര്‍ത്തവരും ഇന്ന് ആ സുഗന്ധത്തില്‍ ആകൃഷ്ടരായി മുന്നോട്ട്.......

അതുകൊണ്ട് കേരളത്തിലെ ഒരേ തൂവല്‍ പക്ഷികള്‍ എത്ര ചെളി കോരി എറിഞ്ഞാലും ഞങ്ങള്‍ക്ക് വിഷയമല്ല

കാരണം നിങ്ങള്‍ എറിയുന്ന ചെളി വളരുന്ന താമരയ്ക്ക് വളമാണ്........

അതിശക്തമായി എറിയാം അത് ഞങ്ങള്‍ക്ക് കരുത്താണ് .......

കച്ചവടത്തിന് ഇറങ്ങിയവര്‍ക്ക് കടപൂട്ടേണ്ടി വരുന്ന സാഹചര്യം നമുക്ക് മനസ്സിലാകും. അതാണ് ഇടതിനും കോണ്‍ഗ്രസിനും സംഭവിച്ചത്.

'കൂടെയുണ്ട് ഞങ്ങള്‍'എന്ന് പറയുന്നത് വെറുംവാക്കല്ല അത് നെഞ്ചുറപ്പോടെ കേരളത്തിന് നല്‍കിയ ഉറപ്പാണ്

അത് ഞങ്ങള്‍ പാലിക്കും........

ശ്രീ രാജീവ് ചന്ദ്രശേഖറിനും, ശ്രീ അനൂപ് ആന്റണിയ്ക്കും വികസിത ടീമിനും അഭിവാദ്യങ്ങള്‍

സഭയും ആശ്വാസത്തില്‍

കള്ളക്കേസില്‍ കുടുക്കി അന്യായമായി ജയിലിലടച്ച കന്യാസ്ത്രീമാരുടെ മോചനത്തിന് മതേതര ഭാരതത്തിന്റെ മനഃസാക്ഷി ശബ്ദിച്ചതാണു കേന്ദ്രസര്‍ക്കാരിനെ ഈ വിഷയത്തില്‍ ഇടപെടാന്‍ പ്രേരിപ്പിച്ചതെന്നും കേന്ദ്രസര്‍ക്കാരിന്റെയും എല്ലാ രാഷ്ട്രീയകക്ഷികളുടെയും സമയോചിത ഇടപെടല്‍ മോചനം സാധ്യമാക്കിയെന്നും തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പ്രതികരിച്ചിട്ടുണ്ട്. ന്യൂനപക്ഷ അവകാശങ്ങള്‍ ലംഘിക്കുന്നതും നിയമസംവിധാനങ്ങള്‍ കൈയിലെടുത്ത് പൗരാവകാശങ്ങള്‍ ലംഘിക്കുന്ന സംഘടനകളെയും പ്രസ്ഥാനങ്ങളെയും നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കുകയും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. കന്യാസ്ത്രീമാര്‍ക്കതിരേ ചുമത്തപ്പെട്ടിരിക്കുന്ന കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മാര്‍ പാംപ്ലാനി ആവശ്യപ്പെട്ടു. കന്യാസ്ത്രീമാരുടെ മോചനത്തില്‍ എല്ലാ രാഷ്ട്രീയനേതാക്കളും തങ്ങളുടെ പങ്ക് കൃത്യമായി നിര്‍വഹിച്ചുവെന്നും ആര്‍ച്ച്ബിഷപ് പ്രസ്താവനയില്‍ പറഞ്ഞു.

വൈകിയാണെങ്കിലും കന്യാസ്ത്രീകള്‍ക്കു നീതി ലഭിച്ചുവെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും പറഞ്ഞ വാക്ക് പാലിച്ചെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍കൂടി സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വം നിറവേറ്റണം. രാഷ്ട്രീയമാനങ്ങളെ സഭ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ദുരുപദിഷ്ടിതമായി ആരോപിക്കപ്പെട്ടു ജയിലിലടക്കപ്പെട്ട മലയാളി സിസ്റ്റേഴ്‌സിനു ജാമ്യം ലഭിച്ചത് ആശ്വാസകരമെന്നു സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലും പ്രതികരിച്ചു. കഴിഞ്ഞ ഒന്‍പതു ദിവസങ്ങളായി തടവിലടയ്ക്കപ്പെട്ടത് ഭാരതത്തിന്റെ മതേതരത്വവും നീതിന്യായ സംവിധാനവുമായിരുന്നു. സിസ്റ്റേഴ്‌സിന്റെ മോചനം സാധ്യമാക്കുന്നതിനു സഹായിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച്, കേന്ദ്രസര്‍ക്കാരിനും സംസഥാന സര്‍ക്കാരിനും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഈ വിഷയത്തിലിടപെട്ട എല്ലാ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഭാരതത്തിലെ മതേതര സമൂഹത്തിനും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും നിലനില്പിനായി ഒരുമനസോടെ പ്രദര്‍ശിപ്പിച്ച ജാഗ്രത മാതൃകാപരമാണെന്നും മാര്‍ റാഫേല്‍ തട്ടില്‍ അറിയിച്ചു.

അതേസമയം കേസിലുള്‍പ്പെട്ടിരിക്കുന്ന സിസ്റ്റേഴ്‌സിനു നീതി ഉറപ്പാകുന്നതുവരെ സഭ ഈ വിഷയത്തില്‍നിന്നു പിന്‍വാങ്ങില്ല. തികച്ചും ദുരുദ്ദേശപരമായി, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് തയാറാക്കപ്പെട്ട കുറ്റപത്രം എത്രയും വേഗം റദ്ദാക്കുകയാണ് നീതിനടപ്പിലാകുന്നതിന്റെ ആദ്യപടി. അതോടൊപ്പം, നിയമം കൈയിലെടുക്കുകയും അറസ്റ്റ്‌ചെയ്യപ്പെട്ട പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്ത വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം. ഭരണഘടന എല്ലാവര്‍ക്കും നല്‍കുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ഉറപ്പുവരുത്താന്‍ പൊതുസമൂഹം ഒരുമിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.