പത്തനംതിട്ട: 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നല്‍കി കേസ് എടുപ്പിച്ച പ്രസാദ് കുഴിക്കാലയുടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സംശയ നിഴലില്‍. പ്രസാദ് ജനറല്‍ സെക്രട്ടറി ആണെന്ന് അവകാശപ്പെടുന്ന റാന്നി തിരുവാഭരണ പാത സംരക്ഷണ സമിതി (PTM/TC/33/2018) വര്‍ഷങ്ങളായി പ്രവര്‍ത്തന റിപ്പോര്‍ട്ടോ വാര്‍ഷിക റിട്ടേണ്‍സുകളോ ഫയല്‍ ചെയ്തിട്ടില്ലെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

വിവരാവകാശ രേഖയിലെ വിവരങ്ങള്‍

ഹൈക്കോടതി അഭിഭാഷകനായ അഡ്വ. കുളത്തൂര്‍ ജയ്സിങിന് പത്തനംതിട്ട ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസില്‍ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് സംഘടനയുടെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്നത്. സംഘടന 2019-20 വരെയുള്ള വാര്‍ഷിക റിട്ടേണുകള്‍ മാത്രമാണ് ഫയല്‍ ചെയ്തിട്ടുള്ളത്. 2020-21 മുതല്‍ നാളിതുവരെയുള്ള ഒരു റിട്ടേണും സംഘടന സമര്‍പ്പിച്ചിട്ടില്ല.







അവസാനം സമര്‍പ്പിക്കപ്പെട്ട 2020-21 ലെ പട്ടിക പ്രകാരം പ്രസാദ് കുഴിക്കാല (പ്രസാദ് കെ.ആര്‍) സെക്രട്ടറി ആണ്. പ്രസിഡന്റ് ശശികുമാര്‍ പി.ജി ആണ്. 1955-ലെ തിരുകൊച്ചി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന ഇത്തരം സംഘടനകള്‍ക്ക് 'പുതുക്കല്‍' എന്ന നടപടിയില്ലെങ്കിലും കൃത്യമായി റിട്ടേണുകള്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. റിട്ടേണ്‍ ഫയല്‍ ചെയ്യാത്തത് കൊണ്ട് മാത്രം സംഘടന പ്രവര്‍ത്തിക്കുന്നില്ലെന്ന് കരുതാന്‍ കഴിയില്ലെങ്കിലും രേഖകളുടെ അഭാവം സംഘടനയുടെ വിശ്വാസ്യതയെ ബാധിക്കുന്നു. സാധാരണഗതിയില്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ ഇത്തരം വീഴ്ചകള്‍ വരാന്‍ പാടില്ലെന്നിരിക്കെ, വര്‍ഷങ്ങളായി റിട്ടേണുകള്‍ നല്‍കാത്തത് സംഘടനയുടെ പ്രവര്‍ത്തനത്തെ തന്നെ സംശയത്തിലാക്കുന്നു.

വിവാദം കൊഴുക്കുന്നു

വര്‍ഷങ്ങളായി വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത, പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയില്ലാത്ത ഒരു സംഘടനയാണോ പാരഡി ഗാനത്തിനെതിരെ നിയമനടപടികളുമായി രംഗത്തിറങ്ങിയതെന്ന ചോദ്യമാണ് ഇപ്പോള്‍ അഡ്വ. കുളത്തൂര്‍ ജയ്സിങ് ഉയര്‍ത്തുന്നത്. സംഘടനയുടെ റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതില്‍ പ്രസാദ് കുഴിക്കാല വരുത്തിയ വീഴ്ചയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നും, നിലവിലെ ഭാരവാഹികളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

വാര്‍ഷിക റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ കാലതാമസം വരുത്തുന്ന സംഘടനകള്‍ക്ക് പിഴയൊടുക്കി രേഖകള്‍ സമര്‍പ്പിക്കാന്‍ അനുവാദമുണ്ടെങ്കിലും, റാന്നി തിരുവാഭരണ പാത സംരക്ഷണ സമിതി അതിന് തയ്യാറാകാത്തതാണ് സംശയങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

പാട്ടിനെതിരെ കേസ് എടുപ്പിക്കാന്‍ മുന്നില്‍ നിന്ന പ്രസാദ് കുഴിക്കാലയുടെ സംഘടന യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ അതോ കടലാസില്‍ മാത്രം ഒതുങ്ങുന്ന ഒന്നാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

'പാട്ടിനെതിരെ കേസ് എടുപ്പിച്ചതിലൂടെ സംഘടനയ്ക്കെതിരെ വലിയ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ പോലും വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ജനറല്‍ സെക്രട്ടറി തയ്യാറാകാത്തതിന് പിന്നില്‍ ദുരൂഹതയുണ്ട്. പ്രസാദ് പറയുന്ന മറ്റ് ഭാരവാഹികളുടെ ഒറിജിനല്‍ ഐഡന്റിറ്റിയും വരും ദിവസങ്ങളില്‍ വെളിപ്പെടേണ്ടതുണ്ട്.'- അഡ്വ. കുളത്തൂര്‍ ജയ്സിങ് പറഞ്ഞു.