ലണ്ടന്‍: ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയ പ്രമുഖ ബ്രിട്ടീഷ് നടനും കോമഡിയനുമായ റസ്സല്‍ ബ്രാന്‍ഡ് കോടതിയില്‍ ഹാജരായി. പ്രമുഖ അഭിഭാഷകനായ ഒലിവര്‍ ഷ്നൈഡര്‍-സിക്കോര്‍സ്‌കിയാണ് റസല്‍ ബ്രാന്‍ഡിന് വേണ്ടി ഹാജരായത്. 2023 ല്‍ പ്രശസ്ത നടനായ കെവിന്‍ സ്പേസി ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ അദ്ദേഹത്തിന് വേണ്ടി ഹാജരായതും ഇതേ അഭിഭാഷകനാണ്.

ഈ കേസില്‍ കെവിന്‍ സ്പേസിയെ കോടതി വെറുതേ വിട്ടിരുന്നു. 49 കാരനായ റസല്‍ ബ്രാന്‍ഡിന് മേല്‍ കഴിഞ്ഞ മാസം ചാര്‍ജ്ജ് ചെത് കേസില്‍ ബലാത്സംഗം, അസഭ്യം പറയല്‍, വാക്കാലുള്ള ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയിരിക്കുകയാണ്. നാല് വ്യത്യസ്ത സ്ത്രീകളുമായി ബന്ധപ്പെട്ട രണ്ട് ലൈംഗികാതിക്രമ കുറ്റങ്ങളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. 1999ല്‍ ബോണ്‍മൗത്തില്‍ നടന്ന ലേബര്‍ പാര്‍ട്ടി സമ്മേളനത്തിന് ശേഷമുള്ള ഒരു നാടക പരിപാടിയില്‍ വെച്ച് പരിചയപ്പെട്ട ഒരു സ്ത്രീയെ ബ്രാന്‍ഡ് ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാത്സംഗം ചെയ്തതായിട്ടാണ് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

പ്രോസിക്യൂഷന്‍ ആരോപിക്കുന്നത് ബ്രാന്‍ഡ് ആ സ്ത്രീയെ അവളെ കിടക്കയിലേക്ക് തള്ളിയിടുകയും നഗ്‌നയാക്കിയതിനും ശേഷം ക്രൂരമായി ബലാത്സംഗം ചെയ്തു എന്നാണ്. ഒരു ഇ-മെയില്‍ അഡ്രസ് നല്‍കിയിട്ടാണ് ബ്രാന്‍ഡ് അവിടെ നിന്നും മടങ്ങിയത്. രണ്ടാമത്തെ ഇര ആരോപിക്കുന്നത് ബ്രാന്‍ഡ് തന്നോട് അസഭ്യം പറഞ്ഞു എന്നാണ്. തുടര്‍ന്ന് ഈ സ്ത്രീയെ വലിച്ചിഴച്ച് പുരുഷന്‍മാരുടെ ടോയ്ലറ്റിലേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഒരു ടെലിവിഷന്‍ സ്റ്റുഡിയോയില്‍ വെച്ചാണ് ഈ സംഭവം

നടന്നത്.

സോഹോയില്‍ വെച്ച് പരിചയപ്പെട്ട ടെലിവിഷന്‍ സ്റ്റുഡിയോയിലെ ജീവനക്കാരിയാണ് ഇയാളുടെ മൂന്നാമത്തെ ഇര. ഇവരേയും ടോയ്ലറ്റിലേക്ക്

പിടിച്ചു കൊണ്ട് പോയി ബലമായി പ്രകൃതി വിരുദ്ധ പീഡനം നടത്തി എന്നാണ് കേസ്. നാലാമത്തെ പരാതിക്കാരി ഒരു റേഡിയോ സ്റ്റേഷനിലെ ജീവനക്കാരിയാണ്. കോടതി ഇവരുടെ വാദവും കേട്ടിരുന്നു. ഇവരേയും ബ്രാന്‍ഡ് കടുത്ത രീതിയില്‍ ശാരീരിക പീഡനം നടത്തി എന്നാണ് കേസ്. കോടതി റസല്‍ ബ്രാന്‍ഡിന് വ്യവസ്ഥകളോടെയുളള ജാമ്യം അനുവദിച്ചിട്ടുണ്ട്. ഈ മാസം മുപ്പതിനാണ് കോടതി കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത്. ബ്രാന്‍ഡിന്റെ പേരില്‍ നിലവില്‍ അഞ്ച് പരാതികളാണ് ഉള്ളതെന്നാണ് കോടതിയിലെ ജഡ്ജി ബ്രാന്‍ഡിനെ അറിയിച്ചത്.

ഈ മാസം ഇരുപതിന് അദ്ദേഹത്തിന് മറ്റൊരു കോടതിയിലും കേസുണ്ട്. അന്നേ ദിവസം കൃത്യമായി ഹാജരാകണമെന്ന് റസല്‍ ബ്രാന്‍ഡിനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ജയിലില്‍ അടയ്ക്കുയോ പിഴ ചുമത്തുകയോ ചെയ്യുമെന്നും കോടതി വ്യക്തമാക്കി.

റസല്‍ ബ്രാന്‍ഡിന്റെ അമേരിക്കയിലേയും യു.കെയിലേയും മേല്‍വിലാസങ്ങള്‍ അടിയന്തരമായി കോടതിയെ അറിയിക്കണം എന്നും കോടതി ഉത്തരവിട്ടു. റസല്‍ ബ്രാന്‍ഡ് ആദ്യം അമേരിക്കയിലെ പ്രമുഖ പോപ്പ് ഗായിക കാറ്റി പെറിയെ ആണ് വിവാഹം കഴിച്ചത്. പിന്നീട് ഇവര്‍ പിരിയുകയായിരുന്നു. ഇപ്പോള്‍ ലോറാ ഗാലച്ചറാണ് ഭാര്യ.