- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആത്മീയ ഏകാന്തത തേടി ഗോകര്ണിയില്; താമസിച്ചത് വിഷപാമ്പുകളും വന്യജീവികളും അടങ്ങുന്ന കാട്ടിലെ ഗുഹയില്‍; വനത്തില്‍ പട്രോളിങ്ങില്‍ കണ്ടെത്തിയത് കുട്ടികളോടെപ്പം റഷ്യന്‍ യുവതിയെ; പോലീസ് സംഘം യുവതിയെ അവിടെ നിന്ന് രക്ഷപ്പെടുത്തി
ബംഗളൂരു: റഷ്യന്‍ യുവതിയും രണ്ടു പെണ്‍മക്കളും കര്‍ണാടകയിലെ ഗോകര്‍ണയില്‍ രാമതീര്‍ഥ കുന്നിന്‍ മുകളിലുള്ള അപകടകരമായ ഗുഹയില്‍ താമസിക്കുന്നതായി പൊലീസ് കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ച ഗോകര്‍ണ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറും സംഘവും വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാമതീര്‍ഥ കുന്നിന്‍ പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് മൂന്നു പേരെയും വനത്തിനുള്ളില്‍ കണ്ടെത്തിയത്. പട്രോളിങ് നടത്തുന്നതിനിടെ മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗുഹയില്‍ പൊലീസ് ഇവരെ കണ്ടെത്തുകയായിരുന്നു. നീന കുട്ടിന (40), അവരുടെ രണ്ടു പെണ്‍മക്കള്‍ പ്രേമ (6), അമ (4) എന്നിവരെയാണ് ഗുഹയ്ക്കുള്ളില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഏറെക്കാലം ഗോവയില്‍ താമസിച്ച നീന, ഗോകര്‍ണയിലേക്ക് ആത്മീയ ഏകാന്തത തേടിയാണ് താന്‍ ഇവിടെയെത്തിയതെന്ന്് പൊലീസിനോട് പറഞ്ഞു. നഗരജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി ധ്യാനത്തിലും പ്രാര്‍ഥനയിലും ഏര്‍പ്പെടാനാണ് ഗുഹയില്‍ താമസിച്ചതെന്നും നീന പറഞ്ഞു. വിഷപ്പാമ്പുകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആവാസ കേന്ദ്രമാണ് ഇതെന്ന് പൊലീസ് പറയുന്നു. ഗുഹയില്‍ താമസിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അറിയിച്ച ശേഷം, പൊലീസ് സംഘം നീനയെയും കുടുംബത്തെയും അവിടെ നിന്ന് രക്ഷപ്പെടുത്തി. തുടര്‍ന്ന് യുവതിയുടെ അഭ്യര്‍ഥനപ്രകാരം പൊലീസ് 80 വയസ്സുള്ള വനിതാ സന്യാസിയായ സ്വാമി യോഗരത്‌ന സരസ്വതി നടത്തുന്ന ആശ്രമത്തിലേക്ക് ഇവരെ മാറ്റി.
പാസ്‌പോര്‍ട്ടിന്റെയും വിസ രേഖകളുടെയും വിശദാംശങ്ങള്‍ പങ്കിടാന്‍ നീന മടിച്ചിരുന്നു. പൊലീസും ആശ്രമ മേധാവിയും കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ തന്റെ രേഖകള്‍ കാട്ടിലെ ഗുഹയില്‍ എവിടെയോ നഷ്ടപ്പെട്ടിരിക്കാമെന്ന് വെളിപ്പെടുത്തി. ഗോകര്‍ണ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയില്‍ പാസ്‌പോര്‍ട്ടും വിസ രേഖകളും കണ്ടെടുത്തു. 2017 ഏപ്രില്‍ 17 വരെ സാധുതയുള്ള ബിസിനസ് വിസയിലാണ് നീന ആദ്യം ഇന്ത്യയില്‍ പ്രവേശിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി. പിന്നീട് നേപ്പാളിലെത്തിയ 2018 സെപ്റ്റംബര്‍ 8 ന് വീണ്ടും ഇന്ത്യയില്‍ പ്രവേശിച്ചതായും രേഖകളില്‍ കാണിക്കുന്നു.
നീനയേയും രണ്ടു കുട്ടികളെയും റഷ്യയിലേക്ക് തിരികെ നാടുകടത്തുന്നതിന് സൗകര്യമൊരുക്കുന്നതിനായി ഉത്തര കന്നഡ പൊലീസ് സൂപ്രണ്ട് ബെംഗളൂരുവിലെ ഫോറിനേഴ്സ് റീജിയണല്‍ റജിസ്‌ട്രേഷന്‍ ഓഫിസുമായി ഔദ്യോഗിക കത്തിടപാടുകള്‍ ആരംഭിച്ചു. തുടര്‍ നടപടികള്‍ക്കായി കുടുംബത്തെ ഉടന്‍ ബെംഗളൂരുവിലെത്തിക്കും.