പത്തനംതിട്ട/കോട്ടയം: കോളേജ് ക്യാംപസ് യൂണിയന്‍ ചരിത്രം തിരുത്തി എഴുതി ഒരു മിടുമിടുക്കനും ഒരു മിടുമിടുക്കിയും. എസ്എംഎ തളര്‍ത്താത്ത പോരാട്ട വീര്യവുമായി കോളേജ് യൂണിയന്‍ തലപ്പത്ത് എത്തിയിരിക്കുകയാണ് എസ്എംഎ ബാധിതരായ രണ്ട് വിദ്യാര്‍ത്ഥികള്‍. അതും കേളേജ് ചെയര്‍ പേഴ്‌സന്‍ സ്ഥാനത്തേക്ക്. സപൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) അപൂര്‍വരോഗം വീല്‍ചെയറില്‍ പിടിച്ചിരുത്തിയിട്ടും തളരാത്ത പോരാട്ട വീര്യമാണ് രേവതിയേയും കാര്‍ത്തിക്കിനേയും കോളേജ് തലപ്പത്ത് എത്തിച്ചത്.

പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ആര്‍.വി. രേവതിയും നാട്ടകത്തെ കോട്ടയം ഗവ. കോളജില്‍ എ.ജി. കാര്‍ത്തിക്കുമാണ് വീല്‍ചെയറില്‍ ഇരുന്നുതന്നെ യൂണിയനെ നയിക്കാന്‍ ഒരങ്ങുന്നത്. ഒന്‍പതില്‍ പഠിക്കുമ്പോഴാണ് രേവതിയുടെ കാലിന്റെ ചലനം പൂര്‍ണമായി നിലച്ചത്. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും പിന്തുണയാണ് ഈ നേട്ടത്തിനു പിന്നിലെന്ന് എസ്എഫ്‌ഐ പാനലില്‍ ചെയര്‍പഴ്‌സനായ രണ്ടാംവര്‍ഷ ബിസിഎ വിദ്യാര്‍ഥിനി രേവതി പറയുന്നു.

ഇലവുംതിട്ട തോപ്പില്‍കിഴക്കേതില്‍ രവിയുടെയും ജിജി മോഹനന്റെയും ഏകമകളാണ് രേവതി. ഓട്ടോയില്‍ കോളജിലെത്തിച്ചാല്‍ ഏറ്റെടുക്കുന്നത് കൂട്ടുകാരാണ്. ആ കൂട്ടുകാര്‍തന്നെ രേവതിയെ വിജയക്കസേരയിലേക്ക് എടുത്ത് ഉയര്‍ത്തി. കോളേജിനകത്ത് വന്‍ സുഹൃത്ത് വലയം തന്നെ രേവതിക്ക് ഉണ്ട്.

ജനിച്ച് ആറാംമാസം മുതല്‍ രോഗത്തോടു പോരാടുന്ന കാര്‍ത്തിക് കോട്ടയം ഗവ. കോളജില്‍ ചെയര്‍മാനായി എസ്എഫ്‌ഐ പാനലില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്. തൃശൂര്‍ തളിക്കുളം അന്തിക്കാട് എ.കെ.ഗിരീഷ് ഷൈനി ദമ്പതികളുടെ മകനും പൊളിറ്റിക്കല്‍ സയന്‍സ് അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥിയുമാണ്. എന്തിനും ഏതിനും ഒരുപിടി സുഹൃത്തുക്കള്‍ ഉള്ളതാണു കരുത്തെന്നു പറയുന്ന കാര്‍ത്തിക്, കോളജിനെ 100% ഭിന്നശേഷി സൗഹൃദ ക്യാംപസ് ആക്കാനും ആഗ്രഹിക്കുന്നു.