തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണപ്പാളികളുടെ തൂക്കം കുറഞ്ഞതിലും പീഠം കാണാതായതിലും സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് വീണ്ടും ചോദ്യംചെയ്യും. പീഠം അറ്റകുറ്റപ്പണിക്കു കൊണ്ടുപോയ ശേഷം ദീര്‍ഘകാലം ഒളിപ്പിച്ചു വച്ചതിലും വ്യക്തത വരുത്തേണ്ടതുണ്ട്.

ഉണ്ണികൃഷ്ണന്‍ പോറ്റി ബാംഗ്ലൂരില്‍ താമസമാക്കിയ മലയാളിയാണ്. 2012 മുതല്‍ ശബരിമലയില്‍ കീഴ്ശാന്തിമാര്‍ക്കൊപ്പവും, മേല്‍ശാന്തിമാര്‍ക്കൊപ്പവും പരികര്‍മ്മിയായി പ്രവര്‍ത്തിച്ചിരുന്നു ധനാഡ്യരായ ഭക്തന്മാരില്‍ നിന്നും കനത്ത ദക്ഷിണ വാങ്ങിക്കൊടുത്ത് കീഴ്ശാന്തിമാര്‍ക്കും, മേല്‍ശാന്തിമാര്‍ക്കും ഇയാള്‍ പ്രിയങ്കരനായി മാറിയെന്നാണ് ആരോപണം. വന്‍കിടക്കാരായ ഭക്തന്മാരെക്കൊണ്ട് പല കാര്യങ്ങളും ഇയാള്‍ ഇടനില നിന്ന് സ്‌പോണ്‍സര്‍ ചെയ്യിക്കുകയും, ഇതിലൂടെ ദേവസ്വം ബോര്‍ഡിലും ഇയാള്‍ സ്വാധീനമുറപ്പിക്കുകയും ചെയ്തു. ഇയാളുടെ സ്വാധീനവും സഹായവുമുണ്ടെങ്കില്‍ ശബരി മലയില്‍ തങ്ങള്‍ക്ക് എന്തു സൗകര്യവും ലഭിക്കുമെന്നായതോടെ ധനാഡ്യരായ കര്‍ണ്ണാടക, ആന്ധ്ര, തെലുങ്കാന, സിംഗപ്പൂര്‍, മലേഷ്യ സ്വദേശികളായ പല അയ്യപ്പ ഭക്തന്മാരും ഇയാളുടെ സൗഹൃദം തേടി. പല കീഴ്ശാന്തിമാരുടെയും, മേല്‍ശാന്തിമാരുടെയും സഹായിയായി പ്രവര്‍ത്തിച്ച ഇയാള്‍ക്ക് ഒരു പാട് ഉന്നതതല ബന്ധങ്ങള്‍ ഉണ്ടായി. ഇയാള്‍ മറ്റുള്ളവരെക്കൊണ്ടാണ് പല കാര്യങ്ങളും സ്‌പോണ്‍സര്‍ ചെയ്യിക്കുന്നത്. സ്വന്ത നിലക്ക് ഒന്നും സ്‌പോണ്‍സര്‍ ചെയ്യാന്‍ ഉള്ള സാമ്പത്തിക ശേഷിയൊന്നും ഇയാള്‍ക്കില്ല. കീഴ്ശാന്തിയുടെയും, മേല്‍ശാന്തിയുടെയും സഹായിയെന്ന നിലയില്‍ എത്രയോ തവണ അയ്യപ്പന്റെ ശ്രീകോവിലിനുള്ളില്‍ കയറാന്‍ അവസരം ലഭിച്ചിട്ടുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കുറിച്ച് വിശദ അന്വേഷണം വേണമെന്നാണ് ഉയരുന്ന ആവശ്യം. തിരുവനന്തപുരത്ത് കാരേറ്റാണ് ഇയാളുടെ വീട്. ഇയാള്‍ക്കെതിരെ കേസുകളും നിലവിലുണ്ട്.

ഈ സാഹചര്യത്തിലാണ് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ പാളികളുടെ തൂക്കം നാലര കിലോയോളം കുറഞ്ഞതില്‍ ദുരൂഹത കൂടുന്നത്. പീഠം കാണാതായതില്‍ അന്തിമ റിപ്പോര്‍ട്ട് കോടതിക്കു സമര്‍പ്പിച്ച ശേഷം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കേസില്‍ പ്രതിയാക്കാനാണു സാധ്യത. കാണാതായി എന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി അവകാശപ്പെട്ട പീഠം കഴിഞ്ഞ 13ന് അദ്ദേഹത്തിനു കൈമാറിയതായി സഹായി വാസുദേവന്‍ വിജിലന്‍സിനു മൊഴിനല്‍കിയിട്ടുണ്ട്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വെഞ്ഞാറമൂട്ടിലെ സഹോദരിയുടെ വീട്ടില്‍നിന്നാണ് ഇത് കണ്ടെത്തിയത്. സഹോദരിയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും വിജിലന്‍സ് ആലോചിക്കുന്നുണ്ട്.

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍ അറ്റകുറ്റപ്പണിക്കായി സ്വര്‍ണപ്പാളികള്‍ കൊടുത്തു വിടുന്നതില്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും ചില ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായം നല്‍കിയെന്നാണു സൂചന. ഇതിലെ ചട്ടലംഘനവും ഉദ്യോഗസ്ഥ വീഴ്ചയും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉണ്ണിക്കൃഷ്ണനെ സഹായിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും തുടര്‍നടപടിയുമുണ്ടാകും. പീഠം സ്‌പോണ്‍സര്‍ ചെയ്തത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ പണം കൊണ്ടല്ലെന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരില്‍നിന്നു സമാഹരിച്ച തുക കൊണ്ടാണെന്നും ഭക്തര്‍ ബോര്‍ഡിന് വിവരം കൈമാറിയിട്ടുണ്ട്.

ദേവസ്വം ബോര്‍ഡിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ദേവസ്വം ബോര്‍ഡ് പരസ്യ നിലപാട് എടുത്തിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി ദുരൂഹ വ്യക്തിത്വമാണെന്നും പശ്ചാത്തലം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. നിലവില്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ പോലീസിലോ ക്രൈംബ്രാഞ്ചിലോ നേരിട്ട് പരാതി നല്‍കാന്‍ ബോര്‍ഡിന് കഴിയില്ല. അതിനാല്‍ ഹൈക്കോടതിയില്‍ തന്നെ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബോര്‍ഡ് അപേക്ഷ നല്‍കും.

ഉണ്ണികൃഷ്ണന്‍ പോറ്റി സംശയനിഴലില്‍ നില്‍ക്കുന്ന വ്യക്തിയാണെന്നും, പലതരം കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്നും ബോര്‍ഡ് ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടും. ഇതേതുടര്‍ന്ന് പോറ്റിയെ വീണ്ടും ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്യും. ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഒട്ടേറെ ആരോപണങ്ങളും കേസുകളും നിലവിലുണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.