- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയ ശേഷം 11 ഗ്രാം സ്വർണ വള ഭണ്ഡാരത്തിൽ സമർപ്പിച്ചത് ജൂവലറി ബോക്സിനൊപ്പം; എടുത്ത ഭണ്ഡാരം ജീവനക്കാരൻ പറഞ്ഞത് ബോക്സ് മാത്രമേയുള്ളൂവെന്ന്; സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞത് ബോക്സിൽ നിന്ന് വള എടുക്കുന്ന ജീവനക്കാരനെ: ശബരിമലയിൽ ഭണ്ഡാരം ജീവനക്കാരൻ മോഷണത്തിന് അറസ്റ്റിൽ
ശബരിമല: ഭണ്ഡാരത്തിലിട്ട സ്വർണ വള മോഷ്ടിച്ച ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ. ഏറ്റുമാനൂർ വാസുദേവ ക്ഷേത്രത്തിലെ തളി റെജികുമാർ (51)നെയാണ് സന്നിധാനം പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 16 ന് വൈകിട്ട് ആറരയ്ക്കാണ് ഇതരസംസ്ഥാനത്തു നിന്നുള്ള അയ്യപ്പഭക്തൻ വിഗ്രഹത്തിൽ ചാർത്തിയ ശേഷം 11 ഗ്രാം സ്വർണ വള ജുവലറി ബോക്സ് സഹിതം ഭണ്ഡാരത്തിലിട്ടത്. ഇത് ഭണ്ഡാരത്തിൽ നിന്നെടുത്തത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന റെജി കുമാർ ആയിരുന്നു. ബോക്സിനുള്ളിൽ ഒന്നുമില്ലെന്ന് പറഞ്ഞ് ആദ്യം ഇയാൾ വേസ്റ്റ് ബിന്നിലിട്ടു.
വഴിപാട് സ്വർണം കാണാതെ വന്നതോടെ ദേവസ്വം അധികൃതർ പരിശോധന തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ റെജി കുമാർ ജുവലറി ബോക്സ് വേസ്റ്റ് ബിന്നിൽ ഇടുന്നതും പിന്നീട് അത് അവിടെ നിന്ന് എടുത്തു കൊണ്ടു പോകുന്നതും കണ്ടു. തുടർന്ന് ഇയാളുടെ മുറിയിൽ നടത്തിയ പരിശോധനയിൽ ബോക്സ് കട്ടിലിന്റെ കീഴിൽ നിന്ന് കണ്ടെടുത്തു.
ഇതിനുള്ളിൽ വഴിപാടായി സമർപ്പിച്ച വളയുമുണ്ടായിരുന്നു. ദേവസ്വം അധികൃതർ നൽകിയ പരാതിയിൽ സന്നിധാനം പൊലീസ് രാത്രി തന്നെ റെജികുമാറിനെ അറസ്റ്റ് ചെയ്തു.