- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
80,000 പേര്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ബുക്ക് ചെയ്ത ശേഷം ബാക്കിയുള്ളവര്‍ക്ക് സ്‌പോട് ബുക്കിങ് കൂടി അനുവദിക്കുമെന്ന പ്രതീക്ഷ തെറ്റി; വെര്‍ച്യുല്‍ ക്യൂവില്‍ 70,000 പേര്‍ക്ക് മാത്രം പ്രവേശനം; ശബരിമലയില്‍ വിവാദം തുടരും
തിരുവനന്തപുരം: ശബരിമലയില്‍ ഒരു ദിവസം 80,000 പേരെ മാത്രമേ തൊഴാന്‍ അനുവദിക്കൂവെന്ന നിലപാടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സ്‌പോട്ട് ബുക്കിങും വെര്‍ച്വല്‍ ക്യൂവുമായി അത്രയും പേര്‍ക്ക് മാത്രം ദര്‍ശനം നല്‍കാനാണ് നീക്കം. ഇത് പുതിയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കും. മാലയിട്ട് വ്രതം നോറ്റെത്തുന്ന ഭക്തര്‍ക്കെല്ലാം ദര്‍ശനത്തിന് അവസരമൊരുക്കുമെന്ന വാഗ്ദാനം പൊള്ളയാണെന്ന വാദമാണ് ഉയരുന്നത്.
വെര്‍ച്വല്‍ ക്യൂ വഴി 80,000 പേര്‍ക്ക് ദര്‍ശനം ബുക്ക് ചെയ്യാമെന്ന് കരുതിയിരുന്നു. എന്നാല്‍ വെര്‍ച്വല്‍ ക്യൂ ഓപ്പണ്‍ ആയപ്പോള്‍ അതില്‍ 70,000 പേര്‍ക്ക് മാത്രമേ ആകെ ബുക്ക് ചെയ്യാനാകു എന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ബാക്കി പതിനായിരം പേരെ സ്‌പോട്ട് ബുക്കിംഗിലൂടെ അനുവദിക്കും. കഴിഞ്ഞ മണ്ഡല- മകരവിളക്ക് സീസണില്‍ 70,000 പേര്‍ക്കാണ് ഓണ്‍ലൈന്‍ ബുക്കിങ്ങിന് അനുവദിച്ചിരുന്നത്. ഇത് ഇത്തവണ തുടരും. 10,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിലൂടെ അവസരം ഒരുക്കിയാല്‍ സര്‍ക്കാര്‍ പറഞ്ഞ 80,000 എന്ന കണക്കിലേക്ക് എത്തും. വെര്‍ച്വല്‍ ക്യൂവില്‍ 10,000 സ്ലോട്ടുകള്‍ കുറച്ച് അത് സ്‌പോട്ട് ബുക്കിങ്ങിന് വേണ്ടി മാറ്റിവയ്ക്കുന്നു. ഇതോടെ ബുക്കിങ് സ്ലോട്ടിലെ കുറവ് ചര്‍ച്ചയാക്കാന്‍ നീക്കമുണ്ട്. ഇത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കും.
80,000 പേര്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ബുക്ക് ചെയ്ത ശേഷം ബാക്കിയുള്ളവര്‍ക്ക് സ്‌പോട് ബുക്കിങ് കൂടി അനുവദിക്കുമെന്നായിരുന്നു കരുതിയിരുന്നത്. കഴിഞ്ഞ വര്‍ഷവും 70000പേര്‍ക്കായിരുന്നു വെര്‍ച്വല്‍ ക്യൂവിലൂടെ പ്രതിദിന ബുക്കിങ്. ബുക്കിങ് വിഷയത്തില്‍ പ്രതികരണം തേടിയെങ്കിലും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പ്രതികരിച്ചില്ല. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് മാത്രം അനുവദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനിച്ചത്. ഇത് വിവാദമായി മാറി. സ്‌പോട് ബുക്കിങ് അവസാനിപ്പിച്ചതിനെതിരെ മുന്നണിയില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.
മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് സ്‌പോട്ട് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും നല്‍കിയത്. നിയമസഭയില്‍ വി.ജോയിയുടെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സ്‌പോട്ട് ബുക്കിങ് എന്ന വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചില്ലെങ്കിലും ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.