തിരുവനന്തപുരം: ശബരിമലയിലെ വഴിപാട് രസീത് ചോര്‍ത്തിയത് ദേവസ്വം ബോര്‍ഡിലെ ആരോ ആണെന്ന മോഹന്‍ലാലിന്റെ പ്രസ്താവനയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അതൃപ്തി. എമ്പുരാന്റെ പ്രചരണവുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് മമ്മൂട്ടിയ്ക്കായി ശബരിമലയില്‍ നടത്തിയ വഴിപാട് കാര്യം ചോദ്യമായി എത്തിയത്. ഇതിന് മോഹന്‍ലാല്‍ നല്‍കിയത് ഈ മറുപടിയാണ്. 'മമ്മൂട്ടിക്ക് വേണ്ടി പ്രാര്‍ഥന നടത്തിയത് എന്തിന് പറയണം. ശബരിമലയില്‍ പോയി, ഞാന്‍ അദ്ദേഹത്തിന് വേണ്ടി പൂജ നടത്തി. ദേവസ്വം ബോര്‍ഡിലെ ആരോ ആണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വഴിപാട് രസീത് ചോര്‍ത്തിക്കൊടുത്തത്. പ്രാര്‍ഥന നടത്തിയത് എന്തിന് പറയണം. അതെല്ലാം വ്യക്തിപരമല്ലേ. നിങ്ങള്‍ക്കുവേണ്ടി ഒരാള്‍ പ്രാര്‍ഥന നടത്തുന്നത് എന്തിന് പറയണം. നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് എല്ലാവരും പറയും, എന്നിട്ട് വേറെ എന്തെങ്കിലും പോയി പറയും. നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു എന്ന് പറഞ്ഞാല്‍ പ്രാര്‍ഥിച്ചിരിക്കണം'- മോഹന്‍ലാല്‍ പറഞ്ഞു. അതായത് ദേവസ്വം ബോര്‍ഡാണ് വിവാദത്തിന് കാരണമെന്ന് മോഹന്‍ലാല്‍ പറഞ്ഞുവച്ചു. മോഹന്‍ലാലിന്റെ പ്രതികരണം ചാനലുകളില്‍ പോലും വാര്‍ത്തയായി. ഇതിനിടെയാണ് ആ വഴിപാട് നടന്നത് എങ്ങനെയെന്ന മാധ്യമ പ്രവര്‍ത്തകന്റെ അവകാശ വാദം ദേവസ്വം ബോര്‍ഡ് ഉയര്‍ത്തിക്കാട്ടുന്നത്. മോഹന്‍ലാല്‍ ശബരിമലയില്‍ വരുമ്പോള്‍ അവിടെയുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ലേഖകന്‍ കൃഷ്ണ മോഹന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലാണ് വഴിപാടിന് പിന്നിലെ കാര്യ കാരണങ്ങളുള്ളതെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. സത്യം അതായിരിക്കെ എങ്ങനെ ദേവസ്വമാണ് വിവരം ചോര്‍ത്തിയെന്ന് പറയുമെന്ന വാദമാണ് ദേവസ്വം ബോര്‍ഡ് ഉയര്‍ത്തുന്നത്.

ഏഷ്യാനെറ്റ് ലേഖകന്‍ ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച കുറിപ്പ് ചുവടെ

പ്രിയപ്പെട്ട മമ്മൂട്ടിക്കായി ശബരിമലയില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍...'

ലോകമാകെ സ്‌നേഹത്തോടെ പങ്കുവെയ്ക്കുന്ന വാര്‍ത്ത..

അതിന് പിന്നിലെ കഥ പറയണം എന്ന് തോന്നി..

' ലാലേട്ടാ.. അങ്ങ് മനസ്സില്‍ കുടിയിരുത്തിയ

പ്രാര്‍ത്ഥനയെ, അങ്ങയുടെ സ്‌നേഹാര്‍ച്ചനയെ അനുവാദം തേടാതെ വാര്‍ത്തയാക്കിയതില്‍ പരിഭവം അരുതേ..'

ഇനി പറയാം..,

ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രിയപ്പെട്ട ഞങ്ങടെ മാധവന്‍ സാറിനൊപ്പം ശബരിമലയില്‍ പോകുക. എനിക്കുള്ള നിയോഗം അതായിരുന്നു. വളരെ വൈകിയാണ് ഒരു അറിയപ്പ് കൂടി ലഭിച്ചത്. സാറിനൊപ്പം മോഹന്‍ലാല്‍ കൂടി മലചവിട്ടും.. അങ്ങനെ ചൊവാഴ്ച വൈകിട്ട് മാധവന്‍ സാറും മകനും മുരളി സാറും ലാലേട്ടനും പമ്പയില്‍ എത്തി. അവര്‍ക്ക് ഒപ്പം മലചവിട്ടി.. ആറരയോടെ ദര്‍ശനം നടത്തി സന്നിധാനം ഗസ്റ്റ് ഹൗസില്‍ എത്തി. പ്രിയ താരത്തിനൊപ്പം ഫോട്ടോ എടുക്കാന്‍ ആളുകളുടെ വലിയ തിരക്ക്. ആരേയും നിരാശപ്പെടുത്താതെ എണ്ണമറ്റ ചിത്രങ്ങള്‍ക്ക് നിന്നുകൊടുക്കുന്ന ലാലേട്ടന്‍. അതിനിടയിലാണ് ശബരിമലയില്‍ നടത്തേണ്ട വഴിപാടുകളുടെ പട്ടിക മാധവന്‍ സാര്‍ അദ്ദേഹത്തിന്റെ സഹായിയായ അഭിലാഷേട്ടന് കൈമാറിയത്. ലാലേട്ടന് എന്തെങ്കിലും വഴിപാടുകള്‍ നടത്തേണ്ടി വരുമോ എന്ന് ഇതിനിടെ ഞാന്‍ മാധവന്‍ സാറിനോട് ചോദിച്ചു. അത് നിങ്ങള്‍ ഒന്ന് നേരിട്ട് ചോദിച്ചു നോക്കൂ എന്ന് സര്‍ പറഞ്ഞു.. ഫോട്ടോ തിരക്കില്‍ നിന്ന് ലാലേട്ടന്‍ ഇടയ്ക്ക് ഫ്രീ ആയപ്പോള്‍ നേരിട്ട് ചോദിച്ചു.. വഴിപാട് എന്താ നടത്തേണ്ടത്..?

' വഴിപാട് നടത്തണം മോനെ , ഉറപ്പായും

വേണം, വേണം..' എനിക്ക് ഒരു പേപ്പറും പേനയും തരുമോ?

എന്റെ കയ്യില്‍ ഇരുന്ന ചെറിയ കടലാസ് കക്ഷണവും പേനയും ഞാന്‍ നല്‍കി.

ലാലേട്ടന്‍ തന്നെ പേപ്പറില്‍ എഴുതി..--

സുചിത്ര (തൃക്കേട്ട) , മുഹമ്മദ് കുട്ടി (വിശാഖം).. ' മോനെ ഇച്ചാക്കയുടെ പേരിലും വേണം '

ഒരു നിമിഷം എന്റെ കണ്ണു നിറഞ്ഞു. ഉഷ:പൂജ കഴിച്ച് രസീതും ഞാന്‍ ലാലേട്ടന് തിരികെ നല്‍കി. വഴിപാടുകളുടെ എണ്ണമോ രസീതിലെ പേരോ അല്ല. പ്രിയ ജേഷ്ഠ സഹോദരനോടുള്ള നന്മ വറ്റാത്ത നീരുറുവയാണ് ആ കണ്ണുകളില്‍ കണ്ടത്.. അതില്‍ ദൈവമുണ്ട്.. തത്ത്വമസി..??

ഈ മുകളിലെ കുറിപ്പിനൊപ്പം മോഹന്‍ലാല്‍ തന്റെ കൈപ്പടയില്‍ എഴുതി നല്‍കിയ കുറിപ്പ് അടക്കം ഏഷ്യാനെറ്റ് ന്യൂസിലെ ലേഖകന്‍ ഫെയ്‌സ് ബുക്കിലിട്ടിട്ടുണ്ട്. അതായത് വിവരം മാധ്യമ പ്രവര്‍ത്തകരിലേക്ക് എത്തിയത് മോഹന്‍ലാല്‍ വഴിയാണ്. മാധ്യമ പ്രവര്‍ത്തകനെ കൊണ്ട് കുറിപ്പെടുത്ത ശേഷം അത് ദേവസ്വം ബോര്‍ഡ് ചോര്‍ത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അലോസരപ്പെടുത്തുന്നുണ്ട്. പക്ഷേ മോഹന്‍ലാല്‍ ആയതു കൊണ്ട് പരസ്യ പ്രതികരണത്തിന് ബോര്‍ഡ് നില്‍ക്കില്ല. ദേവസ്വം ബോര്‍ഡിനെ കുറ്റപ്പെടുത്തി വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമമായി ഇതിനെ വിലയിരുത്തുന്നവരുണ്ട്.

ശബരിമലയില്‍ നടന്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തിയ വിവരവും രസീതും അടക്കം പുറത്തു വന്നതില്‍ മോഹന്‍ലാലിന് അതൃപ്തിയിലാണെന്നതാണ് വസ്തുത. തീര്‍ത്തും വ്യക്തിപരമായി ചെയ്ത കാര്യം പൊതുസമൂഹത്തില്‍ ചര്‍ച്ചയായതാണ് ഇതിന് കാരണം. മമ്മൂട്ടിയുടെ അസുഖം സ്ഥിരീകരിക്കാന്‍ വേണ്ടിയാണ് മോഹന്‍ലാല്‍ പൂജ നടത്തിയതെന്ന വാദം പോലും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. എന്നാല്‍ ആരും അറിയാതെ തന്റെ ജേഷ്ഠ സഹോദരന് വേണ്ടിയുള്ള പ്രാര്‍ത്ഥനയായിരുന്നു ലാല്‍ ആ വഴിപാടില്‍ ഉദ്ദേശിച്ചത്. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും രസീത് അടക്കം പുറത്തേക്ക് പോയി എന്ന് റിപ്പോര്‍ട്ടുകളും എത്തി. ഇതിന് പിന്നാലെയാണ് മോഹന്‍ലാലും ഇക്കാര്യം പരസ്യമായി പറഞ്ഞത്. അപ്പോള്‍ പിന്നെ ഏഷ്യാനെറ്റ് ന്യൂസ് ലേഖകന്റെ കുറിപ്പ് എന്താണ് ചര്‍ച്ചയാക്കുന്നതെന്ന ചോദ്യമാണ് ബോര്‍ഡ് ഉയര്‍ത്തുന്നത്.

ഉഷഃപൂജ വഴിപാടാണ് മോഹന്‍ലാല്‍ നടത്തിയത്. മുഹമ്മദ് കുട്ടി എന്ന പേരില്‍ വിശാഖം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും മോഹന്‍ലാല്‍ വഴിപാട് നടത്തി. ശബരിമലയിലേക്ക് പോകുംമുമ്പ് കഴിഞ്ഞദിവസം മോഹന്‍ലാല്‍ മമ്മൂട്ടിയുമായി സംസാരിക്കുകയും ശബരിമലദര്‍ശനത്തിന്റെ കാര്യം അറിയിക്കുകയും ചെയ്തിരുന്നെന്നാണ് വിവരം. ചൊവ്വാഴ്ച മോഹന്‍ലാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്. പമ്പയിലെ ഗണപതി കോവിലില്‍നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. സന്ധ്യയോടെ അയ്യപ്പദര്‍ശനം നടത്തി. രാത്രിയോടെ അദ്ദേഹം മലയിറങ്ങി. മോഹന്‍ലാല്‍ ശബരിമലയില്‍ ഉള്ളപ്പോള്‍ തന്നെ മമ്മൂട്ടിയുടെ പേരിലെ നേര്‍ച്ചാ രസീത് പുറത്തായിരുന്നു. ഇതോടെ ഈ പൂജയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയേണ്ടി വരുമോ എന്ന തോന്നല്‍ മോഹന്‍ലാലിനുണ്ടായി. ഇതുകൊണ്ടാണ് രാത്രിയില്‍ തന്നെ സന്നിധാനത്ത് നിന്നും ലാല്‍ മടങ്ങിയതെന്നും സൂചനകളുണ്ട്.

അതിനിടെ മമ്മൂട്ടിക്കുവേണ്ടി ശബരിമലയില്‍ മോഹന്‍ലാല്‍ വഴിപാട് കഴിച്ചതിനെതിരെ എഴുത്തുകാരനും, പ്രഭാഷകനുമായ ഒ അബ്ദുല്ല രംഗത്തു വന്നിരുന്നു. വഴിപാടിനെ നിശിതമായി വിമര്‍ശിച്ചാണ് രംഗത്ത് എത്തിയത്. അള്ളാഹുവിനെ അല്ലാതെ മറ്റാരെയും, ഒരു മുസ്ലീം ആരാധിക്കരുത് എന്നും, മമ്മുട്ടിയുടെ സമ്മതത്തോടെയാണ് ഈ വഴിപാട് നടന്നതെങ്കില്‍ അദ്ദേഹം മാപ്പുപറയണം എന്നും അബ്ദുള്ള പറയുന്നു. മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം, മുസ്ലീം സമുദായത്തോട് മാപ്പു പറയണം. വളരെ ഗുരുതരമായ ഒരു വീഴ്ച, മമ്മൂട്ടി എന്ന അനുഗൃഹീത സിനിമാ നടന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു. അദ്ദേഹത്തിന്റെ പേരില്‍ ശബരിമലയില്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിയിരിക്കുന്നു എന്നാണ് വാര്‍ത്ത. ഇത് മമ്മൂട്ടി പറഞ്ഞ് എല്‍പ്പിക്കാതെ, മോഹന്‍ലാലിന്റെ വിശ്വാസം അനുസരിച്ച് അദ്ദേഹം ചെയ്തതാണെങ്കില്‍, ആ സംഭവത്തില്‍ മമ്മൂട്ടി നിരപരാധിയാണ്, അദ്ദേഹത്തെ ഒട്ടും തന്നെ വിമര്‍ശിക്കാന്‍ പാടില്ല. കാരണം മോഹന്‍ലാലിന്റെ ശബരിമല ശാസ്താവിലുള്ള വിശ്വാസം ആത്രത്തോളം വലുതാണ്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ചെയ്തതാണെങ്കില്‍ പ്രശ്‌നമില്ല. പക്ഷേ അദ്ദേഹം പറഞ്ഞ് എല്‍പ്പിച്ചാണ് ചെയ്തതെങ്കില്‍ അത് മഹാ അപരാധമാണ്്. കാരണം, അള്ളാഹുവിന് മാത്രമെ വഴിപാടുകള്‍ അര്‍പ്പിക്കാന്‍ പാടുള്ളൂ. അള്ളാഹുവിനോട് മാത്രമേ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ പാടുള്ളൂ, അള്ളാഹുവിനോടെ സഹായം തേടാന്‍ പാടുള്ളൂ. ഇതിന്റെ എല്ലാം ലംഘനമാണ് അത്. പ്രവാചകന്റെ കാലത്തുതന്നെ വിലക്കപ്പെട്ടതാണിത്. ലാത്ത, മനാത്തയാവട്ടെ, ഉസ്സയാവട്ടെ ശബരിമല ശാസ്താവാട്ടെ അള്ളാഹുവിന്റെ ഏകത്വത്തില്‍ പങ്കുചേര്‍ക്കാനോ, അതിന് വിരുദ്ധമായത് പ്രവര്‍ത്തിക്കുന്നത് എന്ത് കാരണത്താലും ശരിയല്ല. മമ്മൂട്ടിയില്‍നിന്ന് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യമാണ്. അദ്ദേഹം അറിഞ്ഞുകൊണ്ട് ചെയ്തതാണോ എന്ന്, സമുദായത്തോട് വ്യക്തമാക്കണം. ഇല്ലെങ്കില്‍ വലിയൊരു വ്യതിയാനമായി അതിനെ, കണക്കാക്കപ്പെടും. പ്രത്യേകിച്ച് റമാദാന്‍ മാസത്തില്‍, അത് ഒരിക്കലും അനുവദിക്കാന്‍ പാടില്ല. മുസ്ലീം മ

തപണ്ഡിതന്‍മാര്‍ ഇക്കാര്യത്തില്‍ ഇടപെടണം''- എന്നാണ് അബ്ദുള്ള പറയുന്നത്.