തിരുവനന്തപുരം: വിശ്വാസികള്‍ക്കൊപ്പമെന്ന പ്രഖ്യാപനവുമായി പിണറായി സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം പറയാതെ യു.ഡി.എഫ്. തെരഞ്ഞെടുപ്പ് അടുത്തതോടെ എല്‍.ഡി.എഫ് നടത്തുന്ന രാഷ്ട്രീയ കാപട്യമാണ് അയ്യപ്പ സംഗമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടതോടെ സംഗമത്തില്‍ സഹകരിക്കില്ലെന്ന സൂചനയാണു നല്‍കിയത്.

എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും സംഗമത്തെ അനുകുലിക്കുന്നതാണ് യു.ഡി.എഫിനെ കുഴയ്ക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാല്‍ സംഗമം ബഹിഷ്‌കരിക്കുമോയെന്ന വ്യക്തമായ ഉത്തരം നല്‍കാമെന്ന തന്ത്രപരമായ നിലപാടാണ് യു.ഡി.എഫിന്‍െ്റത്. എന്നാല്‍, എല്‍.ഡി.എഫിന്‍െ്റ രാഷ്ട്രീയ കരുനീക്കമാണ് ഇതിനു പിന്നിലുള്ളതെന്ന അഭിപ്രായവുമായി ശക്തമായി എതിര്‍ക്കാന്‍ തന്നെയാണ് ബി.ജെ.പിയുടെ തീരുമാനം. അതിനിടെ പന്തളം കൊട്ടാരവുമായി സഹകരിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മ സമിതിയും അയ്യപ്പ വിശ്വാസ സംഗമം നടത്താനും പദ്ധതിയുണ്ട്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും കൊണ്ടു വന്നേക്കും.

യു.ഡി.എഫ് കണ്‍വീനര്‍ അടുര്‍ പ്രകാശും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഒരുമിച്ചുള്ള പത്രസമ്മേളനത്തിലാണ് അയ്യപ്പ സംഗമം എല്‍.ഡി.എഫിന്‍െ്റ രാഷ്ട്രീയ കാപട്യമാണെന്ന് ഇരുനേതാക്കളും പ്രഖ്യാപിച്ചത്. എല്‍.ഡി.എഫ് മുന്‍പ് സ്വീകരിച്ചിരുന്ന യുവതീ പ്രവേശന അനുകൂല നിലപാട് സുപ്രീം കോടതിയില്‍ നിന്നും പിന്‍വലിക്കണം. നിരവധി പേര്‍ക്കെതിരെ പോലീസ് നാമജപ ഘോഷയാത്ര സംബന്ധിച്ച് എടുത്ത കേസുകള്‍ പിന്‍വലിക്കണം. ശബരിമല വികസനത്തിന് ഇതുവരെ എല്‍.ഡി.എഫ് സര്‍ക്കാര്‍ യാതൊന്നും ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയാല്‍ സംഗമം ബഹിഷ്‌കരിക്കുമോ, പങ്കെടുക്കുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കാമെന്നും സതീശന്‍ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സര്‍ക്കാരിന്റെ പ്രചരണതന്ത്രമാണെന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. സംഗമം ദേവസ്വം ബോര്‍ഡാണ് സംഘടിപ്പിക്കുന്നതെങ്കില്‍ വിശ്വാസിയല്ലാത്ത മന്ത്രി വി.എന്‍ വാസവന്‍ എന്തിനാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ക്ഷണിക്കാന്‍ പോയതെന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നു. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന വ്യാപക പ്രചരണം കോണ്‍ഗ്രസ് നടത്തുന്നുണ്ട്. എന്നാല്‍, അയ്യപ്പസംഗമം രാഷ്ട്രീയവല്‍്ക്കരിക്കുകയാണെന്നും ശബരിമലയെ അതിനുള്ള വേദിയാക്കുകയാണെന്നുമാണ് ബി.ജെ.പി ആരോപിക്കുന്നത്.

ശബരിമലയിലെ യുവതി പ്രവേശന വിഷയം ഒരു അടഞ്ഞ അധ്യായമല്ലെന്നും, അയ്യപ്പ ഭക്തരെ കബളിപ്പിക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെടിരുന്നു. ശബരിമല അയ്യപ്പ സംഗമത്തിനു മുന്നോടിയായി, ആചാരങ്ങള്‍ക്കെതിരായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയ്യാറാകണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും ഭക്തരോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, പമ്പയിലെ സമ്മേളനത്തിനു മുന്‍പ് സത്യവാങ്മൂലം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അയ്യപ്പ സംഗമത്തിന് പങ്കെടുക്കാന്‍ എന്‍എസ്എസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ പരിപാടിയിലേക്ക് പ്രതിനിധിയെ അയക്കാനും തീരുമാനിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിക്കരുത് എന്ന തങ്ങളുടെ നിലപാട് സര്‍ക്കാര്‍ അംഗീകരിച്ചതിനെ എന്‍എസ്എസ് സ്വാാഗതം ചെയ്തിരുന്നു. ഇതിനു പിന്നാലെ എസ്എന്‍ഡിപിയും സംഗമത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. അയ്യപ്പസംഗമം ശബരിമലയുടെയും മറ്റു ക്ഷേത്രങ്ങളുടെയും വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നും സംഗമത്തിന് പിന്തുണ നല്‍കുമെന്നും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.

ആഗോളതലത്തില്‍ ശബരിമലയുടെ പ്രസക്തി പ്രചരിപ്പിക്കാനും ഭക്തരെ ആകര്‍ഷിക്കാനും സാധിച്ചാല്‍ നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.