തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണം പൂശിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. സിപിഎമ്മില്‍ ഇത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍കാലങ്ങളില്‍ നടന്നതും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ തിരുവിതാംകുര്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍. തന്റെ കാലത്ത് ആചാരപരമായോ നിയമപരമായോ വീഴ്ച വരുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട്, 1998 മുതലുള്ള എല്ലാ കാര്യങ്ങളും സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണപ്പാളി വിഷയത്തില്‍ കൊണ്ടുപോയത് ചെമ്പുപാളി തന്നെയാണെന്ന് തറപ്പിച്ചു പറഞ്ഞ് പത്മകുമാര്‍ നിലപാടെടുത്തു. ഇപ്പോഴത്തെ പ്രസിഡന്റോ താനോ വിദേശയാത്ര നടത്തിയിട്ടില്ലെന്നും എന്നാല്‍ വിദേശയാത്ര നടത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ഉണ്ടെന്നും പത്മകുമാര്‍ ചൂണ്ടിക്കാട്ടി. ആരുടെ കെയര്‍ ഓഫിലാണ് വിദേശയാത്ര നടത്തിയതെന്നും എന്തിന്റെ അടിസ്ഥാനത്തിലാണെന്നും പരിശോധിക്കണം. ഇത് മുന്‍ പ്രസിഡന്റ് കെ. അനന്തഗോപനെ ലക്ഷ്യമാക്കിയുള്ള ഒളിയമ്പുകളായിരുന്നു. സിപിഎമ്മിലെ പത്തനംതിട്ടയിലെ മറ്റൊരു പ്രമുഖനാണ് അനന്തഗോപന്‍. ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണ്ണപാളി വിജയ് മല്യ സ്വര്‍ണ്ണം പൂശിയതാണെന്ന് അനന്തഗോപന്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പത്മകുമാര്‍ പ്രതിക്കൂട്ടിലാകുന്നത്. സിപിഎമ്മുമായി അകലത്തില്‍ നില്‍ക്കുന്ന നേതാവാണ് പത്മകുമാര്‍.

ചെന്നൈയിലേക്ക് കൊടുത്തുവിട്ടത് സ്വര്‍ണ്ണം പൂശിയ പാളിയാവാമെങ്കിലും, താന്‍ ചുമതലയേല്‍ക്കുമ്പോള്‍ അത് സ്വര്‍ണ്ണം മുഴുവന്‍ പോയ ചെമ്പുപാളിയായിരുന്നുവെന്ന്വെന്ന് പത്മകുമാര്‍ സ്ഥിരീകരിച്ചു. 2019-ല്‍ ചെന്നൈയിലേക്ക് കൊടുത്തുവിട്ടത് ചെമ്പുപാളികള്‍ തന്നെയാണ്. സ്വര്‍ണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഉടലെടുക്കാന്‍ കാരണം, കൊണ്ടുപോകുമ്പോള്‍ 44 കിലോ സ്വര്‍ണ്ണമുണ്ടായിരുന്നു എന്നും തിരിച്ചു വന്നപ്പോള്‍ 38 കിലോ ആയപ്പോള്‍ ആറുകിലോ സ്വര്‍ണ്ണത്തിന്റെ കുറവുണ്ടായി എന്നും ഒരു മുന്‍ കേന്ദ്രമന്ത്രി പറഞ്ഞത് മൂലമാണ്.

ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ ആറുകിലോ സ്വര്‍ണ്ണം കാണാനില്ല എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ 49 കിലോയല്ല 49 പവന്‍ സ്വര്‍ണ്ണം മാത്രമാണ് പൂശി കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ കാലത്ത് സ്വര്‍ണ്ണത്തിന്റെ കണക്ക് ഉള്‍പ്പെടെ എടുത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 28 വര്‍ഷമായി ചുമതല കൈമാറാത്ത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പ്രശ്നം കണ്ടപ്പോഴാണ് സ്വര്‍ണ്ണം പരിശോധിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി അടക്കമുള്ളവര്‍ പരിശോധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ഇതിനൊപ്പമാണ് മുന്‍ പ്രസിഡന്റുമാരെ ലക്ഷ്യമിട്ട് പത്മകുമാര്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. പതിനെട്ടാം പടിക്ക് മുകളില്‍ സ്ലൈഡിങ് റൂഫ് നിര്‍മ്മിക്കരുതെന്നു ദേവപ്രശ്നം വെച്ചപ്പോള്‍ പറഞ്ഞിരുന്നു. തന്റെ കാലത്ത് അത് പൊളിച്ചെന്നും അത് പിന്നീട് എങ്ങനെയാണ് പണിഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. ഇത് മാനുവല്‍ പാലിച്ചാണോ എന്നും അദ്ദേഹം സംശയം ഉന്നയിച്ചു. മുന്‍ പ്രസിഡന്റ് ജി. രാമന്‍ നായരുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ച പത്മകുമാര്‍, രാമന്‍ നായര്‍ പറയുന്നതിനൊന്നും താന്‍ മറുപടി പറയുന്നില്ലെന്ന് വ്യക്തമാക്കി. വിജയ് മല്യയെ പോലുള്ള ഒരാളിനെക്കൊണ്ട് പണി ചെയ്യിച്ച ആളല്ലേ രാമന്‍ നായര്‍ എന്നും അദ്ദേഹം ചോദിച്ചു.