- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി നിര്‍ണ്ണായകമാകും; വിശദ ചോദ്യം ചെയ്യല്‍ നടക്കും; സ്വര്‍ണം പൂശുന്നതിന്റെയും അന്നദാനത്തിന്റെയും വഴിപാടുകളുടെയും പേരില്‍ വ്യാപക പണപ്പിരിവ്; വിവാദ നായകന് പോലീസ് നിരീക്ഷണത്തില്‍; വിശദ അന്വേഷണം നടന്നേക്കും
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി, താങ്ങുപീഠം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍പ്പെട്ട ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി നിര്‍ണ്ണായകമാകും. വിശദ ചോദ്യം ചെയ്യല്‍ നടക്കും. സ്വര്‍ണം പൂശുന്നതിന്റെയും അന്നദാനത്തിന്റെയും വഴിപാടുകളുടെയും പേരില്‍ വ്യാപക പണപ്പിരിവ് നടത്തിയിട്ടുണ്ട്. സ്വര്‍ണപ്പാളി ബെംഗളൂരുവില്‍ കൊണ്ടുപോയത് പണപ്പിരിവിനുവേണ്ടിയാണെന്നാണ് സൂചന. ബെംഗളൂരുവിലായിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി വ്യാഴാഴ്ച ഉച്ചയ്ക്ക് വെഞ്ഞാറമ്മൂട് കാരേറ്റിലുള്ള വീട്ടിലെത്തി. ഇയാള്‍ പോലീസ് നിരീക്ഷണത്തിലാണ്.
ശബരിമലയുമായി അടുത്തബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ധനികരായ അയ്യപ്പഭക്തരില്‍നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി സ്ഥിരമായി പണം വാങ്ങിയിരുന്നു. ദേവസ്വം ബോര്‍ഡിലെ ചിലര്‍ക്കും ഇതില്‍ പങ്കുണ്ട്. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വര്‍ണപ്പാളി ശബരിമല ശ്രീകോവിലിന്റെ വാതിലെന്നപേരില്‍ ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തില്‍ പൂജിച്ചിരുന്നു. ബെംഗളൂരുവില്‍ പലിശയ്ക്ക് പണം കടംകൊടുക്കുന്നയാളെന്ന കാര്യവും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. എട്ടുവര്‍ഷംമുന്‍പ് മണ്ഡലകാലത്ത് കീഴ്ശാന്തിയുടെ പരികര്‍മികളിലൊരാളായാണ് ശബരിമലയില്‍ എത്തുന്നത്. പിന്നീട് ശബരിമലയില്‍ വിലകൂടിയ സമര്‍പ്പണം നടത്താനുള്ള ഇടനിലക്കാരനായി.
ശബരിമല ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചു വിടണമെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍. വി. ബാബു ആവശ്യപ്പെട്ടു. ശബരിമലയുമായി ബന്ധപ്പെട്ടു നടന്ന എല്ലാം അഴിമതിക്കും ക്രമക്കേടിനും ദേവസ്വം ബോര്‍ഡ് ഉത്തരവാദിയാണ്. വെറും ഒരു വ്യക്തിയെ മാത്രം പഴിചാരി രക്ഷപ്പെടാന്‍ ബോര്‍ഡിനാകില്ല. ഉദ്യോഗസ്ഥ വീഴ്ചയെന്നു ബോര്‍ഡ് പ്രസിഡന്റ് പറയുന്നതു ചിലരെ രക്ഷപ്പെടുത്താനാണ്. ദേവസ്വം ബോര്‍ഡിന്റെയും പ്രസിഡന്റിന്റെയും ഒത്താശയില്ലാതെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പോലുള്ള ഒരു വ്യക്തിക്ക് സ്വര്‍ണപ്പാളി ബംഗളൂരുവില്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്നും വി.ബാബു പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം മറച്ചുവയ്ക്കാനാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. 1999 ല്‍ വിജയ് മല്യ പൂശിയ സ്വര്‍ണം 2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോകുന്നു. നാലര കിലോ കുറച്ചു തിരികെ കൊണ്ടുവരുന്നു. സ്വര്‍ണം നഷ്ടപ്പെട്ടതു ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും അംഗങ്ങള്‍ക്കും അറിയാം. എന്നാല്‍ ഇക്കാര്യം ദേവസ്വം ബോര്‍ഡ് പൊതുസമൂഹത്തോടു മറച്ചുവച്ചു. ചിലരെയൊക്കെ സംരക്ഷിക്കാനാണു ദേവസ്വം ബോര്‍ഡിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും സിഐടിയു യൂണിയനും നയിക്കുന്ന ദേവസ്വം ബോര്‍ഡാണ് ഇപ്പോഴുള്ളത്. ദേവസ്വം ബോര്‍ഡുകളുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെയും അഴിമതിക്കുമെതിരയും ഹിന്ദു ഐക്യവേദി പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കും. നവംബര്‍ മാസത്തില്‍ ശബരിമല സംരക്ഷണ ജാഗരണ പരിപാടികള്‍ നടത്തുമെന്നും ആര്‍. വി. ബാബു പറഞ്ഞു.
ണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം ശബരിമലയിലെ സ്വര്‍ണപ്പാളി കൊടുത്തുവിടാന്‍ പാടില്ലായിരുന്നെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കു വീഴ്ച സംഭവിച്ചെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതികരിച്ചിട്ടുണ്ട്. അയ്യപ്പസംഗമത്തെ എതിര്‍ത്തവരാണ് വിവാദത്തിനു പിന്നില്‍. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ശ്രമമെന്നും പ്രശാന്ത് പറഞ്ഞു. എന്നാല്‍, ആരോപണം ഉന്നയിച്ചയാള്‍ തന്നെ പ്രതിയാകുന്ന സ്ഥിതിയാണുള്ളത്. ശബരിമല എന്ന പവിത്രമായ ആരാധനാലയത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി മുന്നോട്ടു പോകാന്‍ സാധിക്കില്ല. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കാര്യത്തില്‍ മാത്രമല്ല, കഴിഞ്ഞ 26 വര്‍ഷങ്ങളിലെ കാര്യങ്ങളിലെല്ലാം സമഗ്രമായ അന്വേഷണം നടത്തണമെന്നു കോടതിയോട് ആവശ്യപ്പെടും.
ക്ഷേത്രമുതല്‍ അറ്റകുറ്റപ്പണി നടത്താന്‍ ക്ഷേത്രത്തിനു പുറത്ത് കൊണ്ടുപോകുന്നതില്‍ തെറ്റില്ല. ശബരിമലയിലെ അവസാനവാക്ക് തന്ത്രിയുടേതാണ്. സ്വര്‍ണം ആവരണം ചെയ്യാന്‍ മെര്‍ക്കുറി ഉപയോഗിക്കുന്നതില്‍ അന്താരാഷ്ട്ര നിയന്ത്രണമുണ്ട്. ഇതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ 2017ല്‍ നിയമം പാസാക്കിയിട്ടുണ്ട്. താന്‍ പ്രസിഡന്റായശേഷം അഞ്ചുതവണ കൊടിമരം പ്ലേറ്റിംഗിനായി ചെന്നൈയില്‍ കൊണ്ടുപോയിട്ടുണ്ട്. ശബരിമലയില്‍ 15 വര്‍ഷം മുന്പുണ്ടായിരുന്ന അന്തരീക്ഷമല്ല ഇന്ന്. ഗുണപരമായ വലിയ മാറ്റം ശബരിമലയില്‍ ഉണ്ടായെന്നും പ്രശാന്ത് പറഞ്ഞു.