പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് എത്തുമ്പോള്‍ മുഖത്ത് നിറയുന്നത് 'ചമ്മല്‍'. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ സുവര്‍ണാവസരമായി പ്രതിപക്ഷവും ബിജെപിയും ഉപയോഗിക്കുകയാണെന്ന് പ്രശാന്ത് ആരോപിച്ചു. ആഗോള അയ്യപ്പ സംഗമത്തിന് എല്ലാ മേഖലയില്‍നിന്നും കിട്ടിയ പിന്തുണ കാരണമാണ് ദേവസ്വംബോര്‍ഡിനെതിരെ ആരോപണങ്ങളുയര്‍ത്തുന്നതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 1998 മുതലുള്ള ദേവസ്വവുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ സമഗ്രാന്വേഷണം നടത്താന്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നും പി.എസ്.പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന് വരുത്താനാണ് പ്രശാന്തിന്റെ ശ്രമം. പക്ഷേ പ്രശാന്തിന്റെ പഴയൊരു പ്രസ്താവന ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രശാന്തിനെതിരെ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പ്രചരിച്ചിരുന്നു. ആ കുറിപ്പുള്ള വസ്തുകളെല്ലാം ശരിയാകുന്ന തരത്തിലാണ് പിന്നീട് കാര്യങ്ങളെത്തിയത്. ആഗോള അയ്യപ്പ സംഗമത്തിന് മുമ്പാണ് ആ കുറിപ്പ് പ്രചരിച്ചത്. ഏതായാലും ഹൈക്കോടതിയുടെ ഇടപെടല്‍ കാരണം സ്വര്‍ണ്ണത്തിന്റെ കണക്ക് അടക്കം പ്രശാന്ത് പുറത്തു പറയുകയാണ്.

'ദേവസ്വം മന്ത്രിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. 1998-ലാണ് വിജയ് മല്യ സ്വര്‍ണം പൂശുന്നത്. അന്ന് മുതല്‍ ഇതുവരെയുള്ള കാലഘട്ടത്തില്‍ നടന്ന സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടാന്‍ പോകുന്നത്. അത് സ്വര്‍ണത്തിന്റെ തൂക്കത്തിന്റെ കാര്യത്തിലും ഇത്തരത്തിലുള്ള അവതാരങ്ങളുടെ കാര്യത്തിലും അന്വേഷണം വേണം. ഹൈക്കോടതിയില്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഇക്കാര്യം ആവശ്യപ്പെടും' പ്രശാന്ത് പറഞ്ഞു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തണവ സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് നവീകരണത്തിന് കൊണ്ടുപോയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ സ്വര്‍ണം കൊടുത്തിവിട്ടിട്ടില്ല. അദ്ദേഹത്തോട് ചെന്നൈയിലേക്ക് വരാനാണ് പറഞ്ഞിരിക്കുന്നത്. 38 കിലോയുള്ള 14 പാളികളിലായി 397 ഗ്രാം സ്വര്‍ണമാണ് ഉള്ളത്. ഇതില്‍ 12 പാളികളാണ് കൊണ്ടുപോയത്. അതിലെ സ്വര്‍ണത്തിന്റെ അളവ് 281 ഗ്രാം ആണ്. നവീകരണത്തിന് 10 ഗ്രാം സ്വര്‍ണം ഉപയോഗിച്ചു. കോടതി ഉത്തരവനുസരിച്ച് തിരിച്ചുകൊണ്ട് വന്നു. നവീകരണത്തിന് ശേഷം 14 പാളികളിലായി 407 ഗ്രാം സ്വര്‍ണം ഉണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സേവനം ദേവസ്വംബോര്‍ഡ് വീണ്ടും തേടിയതിന് കാരണമുണ്ടെന്നും പി.എസ്.പ്രശാന്ത് വിശദീകരിച്ചു.

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ 40 വര്‍ഷത്തെ വാറണ്ടിയുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരിലാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സേവനം തേടേണ്ടി വന്നത്. വെറും 10 ഗ്രാമാണ് ഇയാള്‍ സ്പോണ്‍സറായി തന്നിരിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു. വിവാദങ്ങളില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെയും പ്രശാന്ത് രംഗത്തെത്തി. 'പ്രതിപക്ഷ നേതാവ് കാര്യങ്ങള്‍ പറയുമ്പോള്‍ പഠിച്ച് പറയണം. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ഒളിക്കാനും മറക്കാനുമില്ല. ദേവസ്വം ബോര്‍ഡ് ഇതുവരെ അവര്‍ ഭരിച്ചിട്ടില്ലെന്ന രീതിയിലാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത്. ദേവസ്വം വിജിലന്‍സിനെ പേടിച്ച് ഇറങ്ങി ഓടിയ ദേവസ്വംബോര്‍ഡ് മെമ്പര്‍ ഉണ്ട് ഇവിടെ. അതിന്റെ ചരിത്രമൊന്നും ഞങ്ങളെ കൊണ്ട് പറയിപ്പിക്കേണ്ട' പ്രശാന്ത് പറഞ്ഞു. ഇതിനിടെയിലും പ്രശാന്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. അതിനിടെ ആഗോള അയ്യപ്പ സംഗമമാണ് ഈ വിവാദങ്ങളെ ആളിക്കത്തിപ്പിച്ചതെന്ന വാദം സിപിഎമ്മില്‍ സജീവമാണ്. ഇതിന് സര്‍ക്കാര്‍ ഇറങ്ങിയത് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

ആഗോള സംഗമത്തിന് മുമ്പ് വാട്സാപ്പില്‍ പ്രചരിച്ച കുറിപ്പ് ചുവടെ

ശബരിമല ശ്രീകോവിലിനു മുന്‍വശത്തെ ദ്വാരക പാലകരുടെ സ്വര്‍ണ്ണ ആവരണം ശബരിമലയില്‍ നിന്നും കടത്തിയതിനു പിന്നില്‍ ആസൂത്രിതമായ ഗൂഡാലോചനയോ?

സെപ്തംബര്‍ 7-ാം തിയതി ചന്ദ്രഗ്രഹണത്തിനു തൊട്ടു മുമ്പായാണ് ശബരിമല ശ്രീകോവിലിന്റെ ഇരു വശങ്ങളിലേയും ദ്വാരപാലകരുടെ സ്വര്‍ണ്ണം പൊതിഞ്ഞ ആവരണങ്ങള്‍ അറ്റകുറ്റപണികള്‍ക്കെന്ന പേരില്‍ ഇളക്കിയെടുത്ത് സംസ്ഥാനത്തിനു പുറത്തേക്ക് ചെന്നൈയിലേക്ക് കടത്തിയത്.

ഇതു സംബന്ധിച്ച ആരോപണങ്ങളും ആക്ഷേപങ്ങളും മാദ്ധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ വിവാദത്തില്‍ നിന്നു തലയൂരാന്‍ ദേവസ്വം ബോര്‍ഡ് പഴിയെല്ലാം തന്ത്രിയുടെ മേലേക്ക് ചാരുകയാണ്.

തന്ത്രി ആവശ്യപ്പെട്ടതുകൊണ്ടാണ് ദ്വാരപാലകരുടെ സ്വര്‍ണ്ണ ആവരണം അറ്റകുറ്റപണികള്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതത്രേ

ശബരിമല ശ്രീകോവിലുമായി ബന്ധപ്പെട്ട എല്ലാ അറ്റകുറ്റപ്പണികളും കിഴക്കെ മണ്ഡപത്തില്‍ വച്ച് ഹൈക്കോടതി നിയോഗിച്ച ശബരിമല സ്പെഷല്‍ കമ്മീഷണറുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മാത്രമാണ് നടക്കാറുള്ളത്.

ശബരിമല ശ്രീകോവിലിന് ചോര്‍ച്ചയുണ്ടായപ്പോഴും, ശ്രീകോവിലിന്റെ പ്രധാന വാതിലിന് അറ്റകുറ്റപ്പണികള്‍ ആവശ്യമായി വന്നപ്പോഴുമൊക്കെ വിദഗ്ധ സംഘത്തെ ശബരിമലയിലേക്ക് ക്ഷണിച്ചു വരുത്തി സന്നിധാനതു വച്ചു തന്നെയാണ് അറ്റകുറ്റപണികള്‍ നടത്തിയത്.

ഇത് ബഹു. ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതി പോലും വാങ്ങാതെ, ശബരിമല സ്പെഷല്‍ കമ്മീഷണറെപ്പോലും അറിയിക്കാതെ തന്ത്രി മഹേഷ് മോഹനരോട് കോടതി അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സമ്മതം വാങ്ങിയതെന്ന് തന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ശബരിമല ക്ഷേത്രത്തിന്റെ പാരമ്പര്യ കാരാണ്മ അവകാശിയായ ചെങ്ങന്നൂര്‍, മുണ്ടന്‍കാവ്, താഴമണ്‍ മഠത്തിലെ കുടുംബ കാരണവരും, മുഖ്യ തന്ത്രിയും കണ്ഠരര് മോഹനരാണ്.

കുടുംബത്തിലെ താന്ത്രി കാവശാശിയായ മറ്റൊരു തന്ത്രി കണ്ഠരര് രാജീവരാണ്.

ഇവര്‍ രണ്ടു പേരോടും ശബരിമലയിലെ ദ്വാരപാലകരുടെ സ്വര്‍ണ്ണ ആവരണം ഇളക്കി മാറ്റി അറ്റകുറ്റപണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോകുന്ന കാര്യം അറിയിച്ചിരുന്നില്ല.

1201 ചിങ്ങം 1 മുതല്‍ ഒരു വര്‍ഷത്തേക്കുള്ള ശബരിമലയിലെ താന്ത്രികാവകാശം താഴമണ്‍ കുടുംബത്തിലെ കാരണവരും, മുഖ്യ തന്ത്രിയുമായ കണ്ഠര് മോഹനര്‍ ക്കാണ്.

അദ്ദേഹത്തിന്റെ ടേണില്‍ മകന്‍ കണ്ഠര് മഹേഷ് മോഹനര് തന്ത്രിയുടെ ആള്‍പ്പേരായി ശബരിമലയിലെ താന്ത്രിക ചുമതലകള്‍ നിര്‍വ്വഹിക്കുന്നു എന്നു മാത്രമേയുള്ളു.

ശബരിമലയിലെ താന്ത്രികാവകാശം കണ്ഠര് മോഹനര് തന്ത്രിക്കും, കണ്ഠ രര് രാജീവര് തന്ത്രിക്കുമാണ്.

ഇവരുടെ ടേണുകളില്‍ മക്കളായ കണ്ഠര് മഹേഷ് മോഹനരും,

കണ്ഠര് ബ്രഹ്‌മദത്തനും ശബരിമലയില്‍ വന്ന് താന്ത്രിക ചുമതലകള്‍ നിര്‍വ്വഹിക്കുന്നത് തങ്ങളുടെ പിതാക്കന്മാരുടെ പ്രതിനിധി (ആള്‍ പേര് ) ആയിട്ടാണ്.

2 വര്‍ഷത്തേക്ക് ദേവസ്വം ബോര്‍ഡ് ഭാരവാഹികളായി വരുന്ന പ്രസിഡന്റി നോ, അംഗങ്ങള്‍ക്കോ, ഒരു വര്‍ഷത്തേക്ക് എക്സിക്യൂട്ടീവ് ഓഫീസറായോ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായോ വരുന്നവര്‍ക്ക് ഇക്കാര്യങ്ങളൊന്നും അറിയാത്തതാണോ? അതോ അവര്‍ അറിയില്ലെന്ന് നടിക്കുന്നതാണോ?

ശബരിമലയിലെ മുഖ്യ തന്ത്രിയായിരുന്ന സര്‍വ്വാദരണീയനായ കണ്ഠരര് മഹേശ്വരരുടെ കണ്ണീരു വീണ സ്ഥലം കൂടിയാണ് ശബരിമല സന്നിധാനം

അകാരണമായി ഒരു കള്ളക്കേസില്‍ കുടുക്കി തന്റെ ഏക മകനായ കണ്ഠര് മോഹനരെ ശബരിമലയില്‍ നിന്നകറ്റി നിര്‍ത്തിയിട്ട് ഇപ്പോള്‍ രണ്ട് പതിറ്റാണ്ടുകളാവുന്നു.

തന്റെ മകന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ട് കാലങ്ങള്‍ ഏറെയായിട്ടും മോഹനര്‍ക്ക് അര്‍ഹമായ നീതി ലഭ്യമാക്കാത്തതില്‍ അദ്ദേഹം വളരെ ദുഖിതനായിരുന്നു

അത്യന്തം വേദനയോടെയാണ് അദ്ദേഹം നമ്മോടു വിട വാങ്ങിയത്..

ശ്രീ. പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് ശബരിമലയില്‍ വച്ചു നടന്ന ദേവപ്രശ്ന ചിന്തയില്‍ വലിയ തന്ത്രിയുടെ ആത്മാവിന്റെ വേദനക്ക് പരിഹാരം ഉണ്ടാക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു.

കണ്ഠര് മോഹനരെ ശബരിമല തന്ത്രിയായി തിരികെ കൊണ്ടുവരുന്നതില്‍ ദേവഹിതവും അനുകൂലമായിരുന്നു.

അന്ന് കണ്ഠര് മോഹനരെ ശബരിമലയിലേക്ക് മടക്കി കൊണ്ടുവരാന്‍ ശ്രീ. പത്മകുമാറിന്റെ ബോര്‍ഡ് തീരുമാനിച്ചിരുന്നതുമാണ്..

പക്ഷേ...ഒന്നും സംഭവിച്ചില്ല..

പിന്നീട് ശബരിമലയുമായി ബന്ധപ്പെട്ട് അനിഷ്ടസംഭവങ്ങള്‍ പലതുമുണ്ടായി.

പ്രളയം

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍... തുടങ്ങി എത്രയോ പ്രശ്നങ്ങള്‍...?

ഇനിയിപ്പോള്‍ പമ്പയില്‍

അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍....?

ദേവസ്വംബോര്‍ഡിന്റെ ജീവിച്ചിരിക്കുന്ന എല്ലാ പ്രസിഡന്റന്മാരെയും, അംഗങ്ങളേയുമൊക്കെ ഇതിലേക്ക് ക്ഷണിക്കണം

ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റന്മാരായ ശ്രീ. ഗുപ്തന്‍

അഡ്വ. എം. രാജഗോപാലന്‍ നായര്‍

ശ്രീ. എ. പത്മകുമാര്‍,

ശ്രീ. എന്‍. വാസു

അഡ്വ. കെ. അനന്തഗോപന്‍ എന്നീ സി പി എം. നോമിനികളേയും, അഡ്വ. ജി. രാമന്‍ നായരേയും ക്ഷണിക്കേണ്ടതല്ലേ?

ഈ നിമിഷം വരെ ഇവരെ ആരെയും ക്ഷണിച്ചിട്ടില്ല എന്നാണറിയുന്നത്.

രാഷ്ട്രീയ പ്രേരിതമല്ല ഈ അയ്യപ്പസംഗമമെങ്കില്‍.....

മുന്‍ ദേവസ്വം വകുപ്പ് മന്ത്രിമാരായ

ശ്രീ. കെ. സി. വേണുഗോപാല്‍

ശ്രീ. ജി. സുധാകരന്‍

ശ്രീ. വി. എസ്. ശിവകുമാര്‍

ശ്രീ. കടന്നപ്പള്ളി രാമചന്ദ്രന്‍

ശ്രീ.കടകംപള്ളി സുരേന്ദ്രന്‍

ശ്രീ. കെ. രാധാകൃഷ്ണന്‍ എന്നിവരെയൊക്കെ ക്ഷണിക്കേണ്ടതല്ലേ?

ശബരിമലയിലെ മുഖ്യ തന്ത്രി കണ്ഠര് മോഹനരെയും, തന്ത്രി കണ്ഠര് രാജീവരെയും, തന്ത്രി കണ്ഠര് മഹേഷ് മോഹനരെയും തന്ത്രി കണ്ഠര് ബ്രഹ്‌മദത്തനെയും

ശബരിമലയിലെ മുന്‍ മേല്‍ശാന്തിമാരെ എല്ലാവരെയും പ്രതേകം ക്ഷണിച്ചു വരുത്തി ഈ അയ്യപ്പ സംഗമത്തില്‍ പങ്കെടുപ്പിക്കുകയല്ലേ ദേവസ്വം ബോര്‍ഡ് ചെയ്യേണ്ടത്?

ഇവിടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പ്രശാന്ത് പറയുന്നത് പച്ചക്കള്ളമാണ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡു രൂപീകൃതമായത് 1949- ആഗസ്റ്റ് മാസം 1-ാം തീയതിയാണ്. ആദ്യത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശ്രീ. മന്നത്തുപത്മനാഭനും, ആദ്യ മെമ്പറന്മാര്‍ ആര്‍.ശങ്കറുംആര്‍ ശങ്കരനാരായണ അയ്യരുമായിരുന്നു.

ഇന്നിപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകൃതമായിട്ട് 76 വര്‍ഷവും 42 ദിവസങ്ങളുമായി..

സാധാരണ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത് 74- വര്‍ഷങ്ങള്‍ കഴിയുമ്പോഴോ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുമ്പോഴോ ആണ്.

പ്ലാറ്റിനം ജൂബിലി കഴിഞ്ഞ് ഒരു വര്‍ഷവും 50 ദിവസവും കഴിയുമ്പോഴാണോ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത്.???

ഇവിടെ ശ്രീ. പ്രശാന്തിന് വ്യക്തമായ ഒരു അജണ്ട ഉണ്ടെന്നതാണ് സത്യം.

2025 നവംബര്‍ 14-ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുകയാണ്. വീണ്ടും ഒരു ടേം കൂടി തനിക്ക് കിട്ടുമെന്നാണ് അദ്ദേഹം തന്റെ അടുപ്പക്കാരായ എല്ലാവരോടും പറഞ്ഞു നടക്കുന്നത്. നെഗറ്റീവായാലും, പോസിറ്റീവായാലും തനിക്ക് പബ്ലിസിറ്റി കിട്ടണം , കുറെ റീല്‍ ചെയ്ത് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റണം, അതു മാത്രമാണ് അദ്ദേഹത്തിന്റെ താല്പര്യം

സര്‍ക്കാരിനെയും, ദേവസ്വം മന്ത്രിയെയും സുഖിപ്പിച്ചു നിര്‍ത്തി എങ്ങിനെയും ഒരു ടേം കൂടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി തുടരണം എന്നതു മാത്രമാണ് ഈ അയ്യപ്പ സംഗമത്തിനു പിന്നിലെ അദ്ദേഹത്തിന്റെ അജണ്ട.

കാര്യം എന്തായാലും ഈ അയ്യപ്പ സംഗമത്തിന് ഇറങ്ങിപ്പുറപ്പെട്ടതു മുതല്‍ ശബരിമലയിലെ യുവതീപ്രവേശന കാലത്തെ പ്രക്ഷോഭങ്ങളും പോലീസിന്റെ നരനായാട്ടും എല്ലാം വീണ്ടും സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായി ...

ചാരം മൂടിക്കിടന്ന പഴയ നാളുകളിലെ ഓര്‍മ്മകള്‍ മുഴുവന്‍ വീണ്ടും അയ്യപ്പ ഭക്തരുടെ മനസിലേക്ക് പതിന്മടങ്ങു ശക്തിയോടെ മടങ്ങിവന്നു കഴിഞ്ഞു.

22- ന് പന്തളത്തു നടക്കുന്ന വിശ്വാസസംഗമത്തോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാവുമെന്നുറപ്പാണ്.

കോണ്‍ഗ്രസ് കൂടാരം വിട്ട് സി.പി.എം ല്‍ എത്തിയത് സ്ഥാനമാനങ്ങള്‍ മോഹിച്ചു തന്നെയാണ്. അടുത്ത തവണ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നമ്മുടെ പ്രശാന്ത് സാര്‍ മറുകണ്ടം ചാടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഈ അയ്യപ്പ സംഗമം ശബരിമലയെ നന്നാക്കാനോ, ഭക് തരെ നന്നാക്കാനോ അല്ലെന്നുറപ്പാണ്.

പ്രശാന്ത് സാറിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ഒരു തവണ കൂടി തുടരുവാനുള്ള സാഹചര്യം ഒരുക്കുക.. ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരെ കബളിപ്പിച്ച് കുറച്ച് കാശുണ്ടാക്കുക.. തനിക്ക് വലിയ പബ്ളിസിറ്റി ഉണ്ടാക്കുക.. എന്നതൊക്കെയാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍

നവംബര്‍ 14 വരെ ഇനിയെന്തൊക്കെ കാണേണ്ടി വരുമോ ആവോ?

തുടരും....