തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് ശബരിമലയെന്ന് കേട്ടാല്‍ പേടിയാണ്. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന താക്കോല്‍ സ്ഥാനം അവര്‍ക്ക് പ്രതിസന്ധികളുടെ കസേരയാണ്. ശബരിമലയില്‍ ജോലി ചെയ്യാതിരിക്കാന്‍ സ്വയം വിരമിച്ച് പോയവര്‍ പോലമുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ ചുരുക്കമായേ ശബരിമലയില്‍ ജോലിക്ക് എത്താറുണ്ട്. എക്‌സിക്യൂട്ടീവ് ഓഫീസറും അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറും അസി അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുമാണ് ഇവിടെ പ്രധാനികള്‍. ലക്ഷങ്ങള്‍ കൈക്കൂലി കൊടുത്താണ് ഈ പദവികളില്‍ ഒരോ വര്‍ഷവും ഓരോരുത്തര്‍ എത്തുന്നത്. ഇത്തരം അഴിമതി നിയമനങ്ങളുടെ ബാക്കി പത്രമാണ് ശബരിമലയിലെ സ്വര്‍ണ്ണ പാളി വിവാദം. ഇപ്പോഴത്തെ അന്വേഷണത്തിലും ഇത് തെളിയുന്നുണ്ട്.

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ഉദ്യോഗസ്ഥ വീഴ്ച്ചയ്ക്ക് തെളിവുകള്‍ നിരത്തി ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. 2019ല്‍ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണ്ണപ്പാളി, ചെമ്പു പാളി എന്ന് റിപ്പോര്‍ട്ട് നല്‍കിയത് ഉദ്യോഗസ്ഥരെന്ന് റിപ്പോര്‍ട്ടുണ്ട്. അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജു ,എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് എന്നിവര്‍ക്കെതിരെയാണ് കണ്ടെത്തല്‍. മുരാരി ബാബു 2024 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍ സ്വര്‍ണ്ണപ്പാളി നവീകരണത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് ദേവസ്വം ബോര്‍ഡ് നിരാകരിച്ചുവെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്നു മുരാരി ബാബു. 2023ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട നെയ് തേങ്ങ അഭിഷേകവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് 2024ല്‍ മുരാരി ബാബു കത്ത് നല്‍കിയത്.

ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയില്‍ കൊണ്ടുപോയി തിരികെ കൊണ്ടുവന്നപ്പോള്‍ മഹസര്‍ തയാറാക്കിയതു വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയെടുത്തതിനു വിജിലന്‍സ് കേസില്‍ പ്രതിയായ ഉദ്യോഗസ്ഥനായിരുന്നു. ഇതേ വിജിലന്‍സ് കേസില്‍ അറസ്റ്റിലായ മറ്റൊരു ഉദ്യോഗസ്ഥന്റെ പേരും മഹസറില്‍ ഉണ്ട്. അതായത് ഈ സമയം അവിടെ ജോലി ചെയ്തിരുന്നവര്‍ അത്ര സുതാര്യതരായിരുന്നില്ല. നിലയ്ക്കലിലെ ദേവസ്വം മെസിലേക്കും അന്നദാനത്തിനുമായി 2018-19 ല്‍ കൊല്ലത്തെ കരാറുകാരനില്‍ നിന്നു പലചരക്കും പച്ചക്കറിയും വാങ്ങിയ ഇടപാടിലാണ് അഴിമതി നടന്നത്. വ്യാജ രേഖകള്‍ വഴി 50 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ വി.എസ്. രാജേന്ദ്രപ്രസാദും ജെ.ജയപ്രകാശുമാണ് മഹസറും തയ്യാറാക്കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം സിപിഎം പ്രതിനിധി പി.എം തങ്കപ്പന്റെ പ്രൈവറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ വി.എസ്.രാജേന്ദ്രപ്രസാദ്. 2019 സെപ്റ്റംബറില്‍ പാളികള്‍ തിരികെ കൊണ്ടുവന്നു സന്നിധാനത്തു സ്ഥാപിച്ചപ്പോള്‍ മഹസര്‍ തയാറാക്കിയത് ഈ ഉദ്യോഗസ്ഥരായിരുന്നു. മഹസറില്‍ പേരുള്ള 12 പേരില്‍ ഒരാള്‍ ഇതേ വിജിലന്‍സ് കേസില്‍ അറസ്റ്റിലായ നിലവില്‍ ആലുവയില്‍ ജോലി നോക്കുന്ന നിലയ്ക്കല്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ജെ. ജയപ്രകാശ് ആണ്.

ശബരിമല ക്ഷേത്രത്തിലെ സമ്പത്തിന്റെ ഔദ്യോഗിക സംരക്ഷകനായ തിരുവാഭരണം കമ്മിഷണറോ ഗുണമേന്മയും അളവും തിട്ടപ്പെടുത്തേണ്ട ദേവസ്വം സ്മിത്തോ വിജിലന്‍സ് ഉദ്യോഗസ്ഥനോ മഹസറില്‍ ഒപ്പുവച്ചില്ല. മഹസറില്‍ ജയപ്രകാശിന്റെ പേരു ചേര്‍ത്തിട്ടുണ്ടെങ്കിലും ഒപ്പു വയ്ക്കാതിരുന്നു. ഇതും സംശയമാകുന്നു. അഴിമതി കേസില്‍ പെട്ട ജയപ്രകാശിനെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കരുതെന്ന് ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറും അംഗങ്ങളായ സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശമുണ്ടായിരുന്നു. ഇതു മറികടന്ന് തിരിച്ചെടുക്കുകയായിരുന്നു. ഈ നടപടി തിരുത്തണമെന്ന് കെ. രാധാകൃഷ്ണന്‍ ദേവസ്വം മന്ത്രിയായിരിക്കെ വകുപ്പ് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും പുതിയ മന്ത്രി വന്നതോടെ അതെല്ലാം മാറി മറിഞ്ഞു. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണു തിരിച്ചെടുത്തതെന്നായിരുന്നു ബോര്‍ഡിന്റെ വിശദീകരണം. രാജേന്ദ്രപ്രസാദ് പിന്നീട് സര്‍വീസില്‍ നിന്നു വിരമിച്ചു.

2018-ലെ മണ്ഡല- മകരവിളക്ക് കാലത്ത് നിലയ്ക്കലില്‍ മെസിലേക്ക് പച്ചക്കറിയും പലചരക്ക് സാധനങ്ങളും വാങ്ങുന്നതിനായി കരാര്‍ നല്‍കിയ ശേഷം കോടികളുടെ തട്ടിപ്പു നടത്താന്‍ ശ്രമിച്ചുവെന്നതായിരുന്നു ആരോപണം. 30,00,903 രൂപയുടെ സാധനങ്ങള്‍ നല്‍കിയപ്പോള്‍ 8, 28,000രൂപ ചെക്കായും ബാക്കിതുക പണമായും നല്‍കാമെന്നാണ് അറിയിച്ചിരുന്നത്. പണം വാങ്ങാന്‍ വിസമ്മതിച്ച കോണ്‍ട്രാക്ടര്‍ വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയില്‍ 1.50 കോടിയോളം രൂപ വൗച്ചര്‍ എഴുതി കൈക്കലാക്കിയതായി കണ്ടെത്തി. ഇക്കാര്യം ചൂണ്ടികാട്ടി കോണ്‍ട്രാക്ടറായ കൊല്ലം സ്വദേശി ജയപ്രകാശ് ദേവസ്വം ബോര്‍ഡില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്ന് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ സംസ്ഥാന വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ജോലിയില്‍ നിന്ന് മാറ്റിനിറുത്തുകയും ചെയ്തു. തുടര്‍ന്ന് എ. പത്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡ് ഇവരെ ജോലിയില്‍ തിരിച്ചെടുക്കുകയും, ദേവസ്വം മാന്വല്‍ ലംഘിച്ച് ഇരുവരെയും ശബരിമലയുടെ കസ്റ്റോഡിയനായ എക്‌സിക്യുട്ടീവ് , അസി. എക്‌സിക്യുട്ടീവ് ഓഫീസര്‍ പദവികളില്‍ നിയമിക്കുകയും ചെയ്യുകയായിരുന്നു.