- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദ്വാരപാലക സ്വര്‍ണ്ണ പാളി നേരിട്ട് പരിശോധിച്ച് ദേവസ്വം വിജിലന്‍സ്; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട നെയ് തേങ്ങ അഭിഷേകവുമായി ബന്ധപ്പെട്ട വിവാദം പാഠമായില്ല; പാളി സ്പോണ്‍സറുടെ കൈയ്യില്‍ കൊടുക്കാന്‍ ശുപാര്‍ശ നല്‍കിയത് മുരാരി ബാബു; കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരും; രണ്ടു പേരെ സസ്‌പെന്റ് ചെയ്തേയ്ക്കും
തിരുവനന്തപുരം: ശബരിമല സ്വര്‍ണപാളി വിഷയത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഉദ്യോഗസ്ഥര്‍ സന്നിധാനത്ത് എത്തി. ദേവസ്വം വിജിലന്‍സിന്റെ നേതൃത്വത്തില്‍ രാവിലെ എട്ടിന് ശേഷം സ്ട്രോങ് റൂം തുറന്ന് പരിശോധന തുടങ്ങി. അടിയന്തിര ദേവസ്വം ബോര്‍ഡ് യോഗം ഇന്നും നാളെയുമായി ചേരും. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ 2019-ലും ഇക്കൊല്ലവും സ്വര്‍ണം പൂശിയതിനു പിന്നില്‍ ഒരു ഉദ്യോഗസ്ഥന്റെ ഇടപെടലുണ്ടായിരുന്നതായി വിജിലന്‍സിന്റെ കണ്ടെത്തലുണ്ട്. 2019-ല്‍ ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടണമെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയതും ഇദ്ദേഹം. ഈ ഉദ്യോഗസ്ഥനെതിരെ നടപടി വന്നേക്കും.
2019സ്വര്‍ണപ്പാളി അഴിക്കുംമുന്‍പ് ശബരിമല അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായിരുന്ന ഉദ്യോഗസ്ഥനിലേക്കാണ് വിജിലന്‍സ് വിരല്‍ ചൂണ്ടുന്നത്. പിന്നീട് എക്‌സിക്യുട്ടീവ് ഓഫീസറായി എത്തിയപ്പോഴായിരുന്നു വീണ്ടും സ്വര്‍ണംപൂശലിന് നീക്കം തുടങ്ങിയത്. സ്വര്‍ണംപൂശുന്നത് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കാമെന്ന ശുപാര്‍ശ ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിനു മുന്നില്‍വെച്ചതും ഇദ്ദേഹമായിരുന്നു. വാറന്റി ഉള്ളതിനാല്‍ സ്വര്‍ണം പൂശുന്നതിന് ബോര്‍ഡ് അനുമതി നല്‍കിയെങ്കിലും പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ പറ്റില്ലെന്ന നിലപാട് എടുക്കുകയായിരുന്നു. ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ ഡെപ്യൂട്ടി കമ്മിഷണറാണ്. ഇയാളെ സസ്‌പെന്റ് ചെയ്യാന്‍ സാധ്യത ഏറെയാണ്.
ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ഉദ്യോഗസ്ഥ വീഴ്ച്ചയ്ക്ക് തെളിവുകള്‍ നിരത്തി ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. 2019ല്‍ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണ്ണപ്പാളി, ചെമ്പു പാളി എന്ന് റിപ്പോര്‍ട്ട് നല്‍കിയത് ഉദ്യോഗസ്ഥരെന്ന് റിപ്പോര്‍ട്ടുണ്ട്. അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജു, എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് എന്നിവര്‍ക്കെതിരെയാണ് കണ്ടെത്തല്‍. മുരാരി ബാബു 2024 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍ സ്വര്‍ണ്ണപ്പാളി നവീകരണത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് ദേവസ്വം ബോര്‍ഡ് നിരാകരിച്ചുവെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്നു മുരാരി ബാബു. 2023ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട നെയ് തേങ്ങ അഭിഷേകവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് 2024ല്‍ മുരാരി ബാബു കത്ത് നല്‍കിയത്. മുരാരി ബാബുവിനെതിരെ നടപടി വന്നേക്കും. 2019 സെപ്റ്റംബറില്‍ പാളികള്‍ തിരികെ കൊണ്ടുവന്നു സന്നിധാനത്തു സ്ഥാപിച്ചപ്പോള്‍ മഹസര്‍ തയാറാക്കിയത് ഈ ഉദ്യോഗസ്ഥരായിരുന്നു. മഹസറില്‍ പേരുള്ള 12 പേരില്‍ ഒരാള്‍ ഇതേ വിജിലന്‍സ് കേസില്‍ അറസ്റ്റിലായ നിലവില്‍ ആലുവയില്‍ ജോലി നോക്കുന്ന നിലയ്ക്കല്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ജെ. ജയപ്രകാശ് ആണ്. ജയപ്രകാശിനെതിരേയും നടപടി വന്നേക്കും.
2019-ല്‍ ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണംപൂശാന്‍ തന്ത്രിയുടെ അനുമതി കിട്ടിയിട്ടുണ്ടെന്നും സ്‌പോണ്‍സറായി ഉണ്ണികൃഷ്ണന്‍ പോറ്റി എന്നൊരാള്‍ ഉണ്ടെന്നും ബോര്‍ഡ് ഭരണാധികാരികളെയും കമ്മിഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയും അറിയിച്ചതാണ് ക്രമക്കേടിന്റെ തുടക്കം. ശില്പങ്ങള്‍ ചെമ്പുപാളി പൊതിഞ്ഞതാണെന്ന് മഹസര്‍ തയ്യാറാക്കുകയും ചെയ്തു. ഈ മഹസര്‍ അന്നത്തെ എക്‌സിക്യുട്ടീവ് ഓഫീസര്‍, ദേവസ്വം ബോര്‍ഡ് സെക്രട്ടറി എന്നിവര്‍ കണ്ടെങ്കിലും മാറ്റമൊന്നും വരുത്തിയില്ല. ഇതിലും ഗൂഢാലോചന നടന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം പാളികള്‍ കൊടുത്തുവിടാമെന്ന കത്ത് ഈ ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയശേഷം കമ്മിഷണറും സെക്രട്ടറിയും കണ്ടെങ്കിലും അത് തടഞ്ഞില്ല. അതിനുശേഷമാണ് ഈ കത്ത് എ. പദ്മകുമാര്‍ പ്രസിഡന്റായ ദേവസ്വം ബോര്‍ഡിന്റെ പരിഗണനയിലേക്ക് വരുന്നത്.
ബോര്‍ഡിന്റെ തീരുമാനം ഇങ്ങനെയായിരുന്നു: 'ചെമ്പുപാളികളില്‍ സ്വര്‍ണം പൂശുന്നതിന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പിലും ഉത്തരവാദിത്വത്തിലും തിരുവാഭരണം കമ്മിഷണറുടെ നേതൃത്വത്തില്‍ നടപടി ഉണ്ടാകണം.' സ്വര്‍ണപ്പാളിക്കുപകരം ചെമ്പുപാളിയെന്ന നിലപാട് ബോര്‍ഡിന്റെ തീരുമാനത്തില്‍വരെയുണ്ടായി.