തിരുവനന്തപുരം: ഇനിയെങ്കിലും ശബരിമലയിലെ സ്വര്‍ണ്ണപാളിയിലെ കള്ളത്തരം പുറത്തു വന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇടപെടല്‍ മൂലമെന്ന് ആരും വീമ്പു പറയരുത്. അത് കണ്ടെത്തിയത് ആരെന്ന് വെളിപ്പെടുത്തുകയാണ് സിപിഎം നേതാവ് എകെ ബാലന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയത് അയ്യപ്പന്റെ ഇടപെടല്‍മൂലമെന്ന് എ.കെ. ബാലന്‍ പറഞ്ഞു വയ്ക്കുകയാണ്. യുഎഡിഎഫ് കാലത്ത് ശബരിമലയിലെ പരികര്‍മ്മി ആയിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി. തട്ടിപ്പില്‍ ഇടതുപക്ഷക്കാര്‍ ഉണ്ടെങ്കില്‍ അവരെ കഴുത്തിന് പിടിച്ച് പുറത്താക്കുമെന്നും എ.കെ. ബാലന്‍ പറഞ്ഞു. അതായത് വിശ്വാസികളുടെ പൊതു ചര്‍ച്ചയാണ് ബാലനും പറയുന്നത്. ശബരിമലയിലെ എല്ലാ കള്ളവും പുറത്തെത്തിച്ചത് 'അയ്യപ്പ സ്വാമികളുടെ' ഇടപെടല്‍ ഫലമാണെന്ന് വിശ്വാസ സമൂഹം പറയുന്നുണ്ട്. ഇത് തന്നെയാണ് സിപിഎം നേതാവും പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന നേതാവാണ് ബാലന്‍.

'ആഗോള അയ്യപ്പസംഗമത്തിന് രണ്ട് ലക്ഷ്യമായിരുന്നു. ഭക്തജനങ്ങളെ ഉപയോഗപ്പെടുത്തി സന്നിധാന പരിസരം എങ്ങനെ വികസിപ്പിക്കാം എന്നതും ഭക്തജനങ്ങളുടെ സാന്നിധ്യം കണക്കിലെടുത്ത് അവരുടെ വരവും പോക്കും എങ്ങനെ എളുപ്പമാക്കാം എന്നതുമായിരുന്നു. ഇവ സംഗമത്തില്‍ ചര്‍ച്ച ചെയ്ത് 1500 കോടിയോളം രൂപയുടെ പദ്ധതി തയ്യാറാക്കിയതില്‍ വിശ്വാസസമൂഹം സര്‍ക്കാരിനൊപ്പമായിരുന്നു. അതിന്റെ ഭാഗമായാണ് എന്‍എസ്എസും എസ്എന്‍ഡിപിയും അനുകൂല നിലപാടെടുത്തത്. സര്‍ക്കാരിന്റെ ഉത്തമവിശ്വാസത്തിലുള്ള പ്രവൃത്തിയെ മനസ്സില്‍ കണ്ടുകൊണ്ടാണ് അവര്‍ ഈ നിലപാട് എടുത്തത്. വിശ്വാസ സമൂഹം സര്‍ക്കാരിന് അനുകൂലമാകുന്ന ഘട്ടത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അത് പൊളിക്കാനുള്ള ശ്രമം നടത്തി. സന്നിധാനത്ത് ഉണ്ടായിരുന്ന പ്രധാനപ്പെട്ട കവാട സ്തൂപത്തിന്റെ പീഠം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് അയ്യപ്പ സംഗമം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പച്ചനുണ അദ്ദേഹം പറഞ്ഞു. പക്ഷെ, അത് അദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നുതന്നെ കണ്ടുപിടിച്ചു. ദ്വാരപാലക സ്തൂപവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പീഠം കട്ട് അത് സര്‍ക്കാരിന്റെ തലയില്‍ വെക്കാനുള്ള അദ്ദേഹത്തിന്റെ കുത്സിതശ്രമത്തെ ഇല്ലാതാക്കിയത് അയ്യപ്പന്റെ ഇടപെടലാണ്. അല്ലാതെ ഇങ്ങനെ കണ്ടുപിടിക്കില്ലായിരുന്നു-ബാലന്‍ പറഞ്ഞു. അതായത് പിണറായി സര്‍ക്കാരിനെ ശബരിമല ധര്‍മ്മശാസ്താവ് രക്ഷിച്ചുവെന്നാണ് ബാലന്‍ പരോക്ഷമായി പറയുന്നത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിച്ച എല്ലാ പരികര്‍മ്മികളേയും നിയമത്തിന് മുമ്പില്‍ സര്‍ക്കാര്‍ കൊണ്ടുവരും. പ്രതികള്‍ ആരായാലും പിടികൂടും. സിപിഎമ്മോ ബിജെപിയോ കോണ്‍ഗ്രസോ ആയാലും നിയമത്തിന് മുമ്പില്‍ കൊണ്ടുവരും, എ.കെ. ബാലന്‍ വ്യക്തമാക്കി. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പരികര്‍മ്മിയാക്കിയത് ഉമ്മന്‍ ചാണ്ടിയുടെ കാലത്തായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതായത് ശബരിമലയിലും അ്യ്യപ്പിനിലും വിശ്വാസം അര്‍പ്പിക്കുകയാണ് സിപിഎം. അയ്യപ്പന്റെ വീരകഥകള്‍ പലതുണ്ട്. അവിടെ എത്തി കള്ളം കാണിക്കുന്നവര്‍ എല്ലാം കഷ്ടതയിലാകുമെന്നും വിശ്വസിക്കുന്നവരുണ്ട്. അയ്യപ്പന്റെ മുതല്‍ കക്കുന്നവരെ അയ്യന്‍ വെറുതെ വിടില്ലെന്ന വിശ്വാസ ചിന്തയാണ് ബാലനും പുതിയ പ്രസ്താവനയിലൂടെ ചര്‍ച്ചയാക്കുന്നത്. വിശ്വാസികള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുമെന്ന സിപിഎം പ്രഖ്യാപനം കൂടിയായി ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പപാളിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശക്തമായ നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 2019 കാലത്ത് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബി മുരാരി ബാബുവിനെ സസ്പെന്‍ഡു ചെയ്തിരുന്നു.

നിലവില്‍ ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമീഷണറാണ്. ശില്‍പ്പപാളി സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ പേരിലുള്ള വാറന്റി റദ്ദുചെയ്ത് ബോര്‍ഡിന്റെ പേരിലാക്കും. ഇതിനായി ദേവസ്വം കമീഷണറെ ചൊവ്വാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം ചുമതലപ്പെടുത്തി. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും വീഴ്ച കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആദ്യംതന്നെ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പു തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു 2019 ജൂണ്‍ 17ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി കണ്ടെത്തിയിരുന്നു. ഇത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തിയാണ് നടപടി. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ സ്വര്‍ണപാളി നവീകരണത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷവും മുരാരി ബാബു കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഈ ആവശ്യം ബോര്‍ഡ് തള്ളി. ദേവസ്വം വിജിലന്‍സ് എസ്പിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടിയിലേക്ക് ബോര്‍ഡ് കടക്കും. ക്രമക്കേടില്‍ പങ്കുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അടക്കം നടപടി ആലോചിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

സംഭവം പ്രത്യേക ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ആവശ്യം അംഗീകരിച്ച് പ്രത്യേക അന്വേഷക സംഘത്തെ ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. എഡിജിപി എച്ച് വെങ്കടേഷിനാണ് അന്വേഷണ ചുമതല. ആറാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം, ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഉന്നത ബിജെപി നേതാക്കളുമായും ചില കോണ്‍ഗ്രസ് നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്ന് വിവരംപുറത്തുവന്നുവെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോടതികളെ സമീപിച്ച് തടസപ്പെടുത്താന്‍ നോക്കിയിട്ടും ആഗോള അയ്യപ്പ സംഗമം വിജയകരമായി നടക്കുമെന്നായപ്പോഴാണ് സ്വര്‍ണപീഠം കാണാനില്ലെന്ന ആരോപണവുമായി ഇയാള്‍ രംഗത്തുവന്നത്. ഉടന്‍ കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും അതേറ്റെടുത്ത് സര്‍ക്കാരിനെതിരെ പ്രചാരണായുധമാക്കി. പിന്നീട് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ബന്ധുവീട്ടില്‍നിന്ന് ഇത് കണ്ടെത്തി. നിലവിലെ വിവാദത്തിനു പിന്നില്‍ ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തിനായി ദുരുപയോഗിക്കാനുള്ള ഉന്നതതല ഗൂഡാലോചനയും സംശയിക്കുന്നുണ്ടെന്ന് സിപിഎം പറയുന്നു.