- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശനിദോഷമകറ്റാനും ഐശ്വര്യ വര്‍ധനയ്ക്കും ഉപകരിക്കുമെന്ന പ്രചാരണം നടത്തി സ്വര്‍ണ്ണ പാളികള്‍ കോടി വിലയ്ക്ക് വിറ്റു! ആ പണം ഒരു കോടിയ്ക്ക് പ്രതിമാസം രണ്ടു ലക്ഷം നിരക്കില്‍ വട്ടി പലിശയ്ക്ക് നല്കി; ഇടായി വസ്തു വിലയാധാരം ചെയ്യുന്ന കരുതല്‍; കേരളത്തിലേക്ക് ഒഴുക്കിയത് 20 കോടി; ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ 2019-ല്‍ മറിച്ചുവിറ്റുവോ?
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ 2019-ല്‍ മറിച്ചുവിറ്റുവോ? കോടികളുടെ വിലയിട്ട് വിറ്റുവെന്നാണ് സൂചന. 20 കോടിയോളം രൂപ ഇതിന് ശേഷം കേരളത്തില്‍ മാത്രം വിവാദ 'സ്‌പോണ്‍സര്‍' പലിശയ്ക്ക് കൊടുത്തിട്ടുണ്ട്. രണ്ടു ശതമാനം പലിശയ്ക്കാണ് നല്‍കിയിട്ടുള്ളത്. അതായത് ഒരു കോടി കൊടുത്താല്‍ മാസം രണ്ടു ലക്ഷം പലിശ. വസ്തു എഴുതി വാങ്ങിയ ശേഷമാകും പണം നല്‍കുക. മൂന്ന് കൊല്ലത്തിന് അകം പലിശയും മൊതലും മുഴുവനായി നല്‍കിയാല്‍ വസ്തു തിരിച്ചെഴുതി നല്‍കും. ഇല്ലാത്ത പക്ഷം മൂന്ന് കൊല്ലത്തിന് ശേഷം ഇടിനായി വിലയാധാരം നല്‍കുന്ന ഭൂമി ഈ സ്‌പോണ്‍സര്‍ വില്‍ക്കും. തന്റെ പണം എടുത്ത ശേഷം ബാക്കി കടം വാങ്ങിയ ആളിന് തിരിച്ചു നല്‍കും. പക്ഷേ വില്‍പ്പന കണക്കുകളിലെ തട്ടിപ്പുകള്‍ കാരണം യഥാര്‍ത്ഥ വില തുക വസ്തു ഈടായി എഴുതി നല്‍കുന്ന ആള്‍ അറിയുക പോലുമില്ല. അതായത് വലിയ സാമ്പത്തിക ലാഭം ഇതിലൂടെയും നടക്കും.
സ്വര്‍ണ്ണ പാളികള്‍ കേരളത്തിനു വെളിയില്‍ ആര്‍ക്കോ നല്‍കിയെന്നാണ് സൂചന. പാളിയുടെയോ സ്വര്‍ണത്തിന്റെയോ വിപണിവിലയല്ല ഇതില്‍ പ്രധാനം. ശബരിമല ശ്രീകോവിലിന്റെ ഭിത്തിയിലെ ശില്പങ്ങളുടെ പാളി എന്ന നിലയില്‍ അമൂല്യമായ ഒരു വസ്തുവാണിത്. ഇത്തരം വസ്തുക്കള്‍ എന്തുവിലനല്‍കിയും വാങ്ങി വീട്ടില്‍ സൂക്ഷിക്കുന്ന ചിലരുണ്ട്. അവരില്‍നിന്ന് വന്‍തുകവാങ്ങി ഉണ്ണികൃഷ്ണന്‍പോറ്റി കൈമാറിയിരിക്കാമെന്നാണ് നിഗമനമെന്ന് മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ദേവസ്വം വിജിലന്‍സ് വെള്ളിയാഴ്ച ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉണ്ണികൃഷ്ണന്‍പോറ്റിയാണ് തിരിമറിക്കു പിന്നിലെന്ന ആരോപണവുമായി ദേവസ്വം ബോര്‍ഡ് സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയേക്കും. ഇതോടെ സ്വര്‍ണ പാളി കേസ് പുതിയ തലത്തിലെത്തും. ക്ഷേത്ര ശ്രീകോവിലില്‍ വര്‍ഷങ്ങളോളം ഇരുന്ന സ്വര്‍ണരൂപം, ശനിദോഷമകറ്റാനും ഐശ്വര്യവര്‍ധനയ്ക്കും ഉപകരിക്കുമെന്ന പ്രചാരണം നടത്തി വിറ്റെന്നാണ് വിലയിരുത്തല്‍.
പാളി പുതുതായി സ്വര്‍ണം പൂശണമെങ്കില്‍ത്തന്നെ അത് സന്നിധാനത്തുവെച്ച് ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പുറത്തുകൊണ്ടുപോയത്, കടത്തിക്കൊണ്ടുപോകല്‍ തന്നെയായിരുന്നെന്ന് ഇതില്‍നിന്ന് വ്യക്തം. 2019 ജൂലായ് നാണ് സ്വര്‍ണംപൊതിഞ്ഞ പാളികള്‍ സ്വര്‍ണംപൂശാനായി സന്നിധാനത്തുനിന്ന് അഴിച്ചെടുക്കുന്നു. 14 ഭാഗങ്ങളാണ് അന്നുണ്ടായിരുന്നത്. ഈ പാളികള്‍ ചെന്നൈയില്‍ ചില വീടുകളിലേക്കും പിന്നീട് ഹൈദരാബാദിലേക്കും കൊണ്ടുപോയെന്നാണ് സൂചന. വിശ്വാസമൂല്യം മുതലെടുത്ത് അവിടെവെച്ച് വന്‍തുകയ്ക്ക് വിറ്റെന്നാണ് കരുതുന്നത്. മൊത്തമായി കച്ചവടംചെയ്യാനുള്ള സാധ്യത കുറവാണ്. പ്രത്യേകം മാറ്റി എടുക്കാവുന്ന രീതിയിലായതിനാല്‍ അങ്ങനെത്തന്നെ 'വീതംവെപ്പ്' നടന്നിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍ എന്ന് മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്യുന്നു.
സന്നിധാനത്തില്‍നിന്ന് അഴിച്ചെടുത്തതെന്ന മട്ടില്‍ 39 ദിവസം കഴിഞ്ഞാണ് സ്വര്‍ണംപൂശാനായി പാളി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിക്കുന്നത്. ചെന്നൈയിലെത്തിയത് പൂര്‍ണമായും ചെമ്പായിരുന്നെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ എംഡിയും അഭിഭാഷകനും പറഞ്ഞത് പാളി മാറ്റിയെന്നതിനെ സാധൂകരിക്കുന്നു. ഇവിടെയെത്തിക്കാന്‍ എന്തുകൊണ്ടാണ് ഇത്രയും കാലതാമസം ഉണ്ടായതെന്ന ചോദ്യത്തിന് ഉണ്ണികൃഷ്ണന്‍പോറ്റിക്കോ അന്നത്തെ ദേവസ്വം അധികാരികള്‍ക്കോ ഉത്തരം നല്‍കാനായിട്ടില്ല. 39 ദിവസത്തിനിടെ എവിടെവെച്ചെങ്കിലും പുതിയ പാളിയുണ്ടാക്കിയിരിക്കാനാണ് സാധ്യത. പഴയപാളിയുടെ പകര്‍പ്പില്‍ മൂശ തയ്യാറാക്കി അതേപോലെ പുതിയ ചെമ്പുപാളിയുണ്ടാക്കി സ്വര്‍ണംപൂശിയെന്നാണ് നിഗമനം.
ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) പ്രാഥമിക വിവരശേഖരണം തുടങ്ങി. അന്വേഷണം ഔദ്യോഗികമായി ആരംഭിക്കാന്‍ ദേവസ്വം വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ടു കിട്ടണം. ഇത് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിന് പിന്നാലെ അന്വേഷണം തുടങ്ങും. ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കുമ്പോള്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു ഹൈക്കോടതി ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫിസര്‍ക്കു നല്‍കിയ നിര്‍ദേശം. ഈ റിപ്പോര്‍ട്ട് ഇന്നുതന്നെ എസ്‌ഐടിക്കു കൈമാറിയേക്കും.
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കരുതെന്നു കോടതിയുടെ നിര്‍ദേശമുള്ളതിനാല്‍ കരുതലോടെയാണ് എസ്‌ഐടിയുടെ നീക്കങ്ങള്‍. വിഷയവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ ഏതു പൊലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന പരാതികളിലും എസ്‌ഐടിയാകും തുടരന്വേഷണം നടത്തുക. ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ.ടി.ശങ്കരന്റെ നേതൃത്വത്തില്‍ ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുപ്പും ഉടന്‍ ആരംഭിക്കും.