പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയില്‍. വി.വി. ഗിരിക്കുശേഷം ശബരിമല സന്ദര്‍ശിക്കുന്ന രാഷ്ട്രപതിയാണ് മുര്‍മു. വി.വി.ഗിരിയുടെ സന്ദര്‍ശനത്തിനുശേഷം അഞ്ച്പതിറ്റാണ്ട് പിന്നിടുമ്പോഴാണ് മറ്റൊരു രാഷ്ട്രപതി സന്നിധാനത്തേക്കെത്തുന്നത്. ഗിരി എത്തുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും കൊടും കാടായിരുന്നു ശബരിമല. ഇന്ന് വലിയ മാറ്റങ്ങളുണ്ട്. സംവിധാനങ്ങളും വിപുലമായി. ജീപ്പ് അടക്കം സംവിധാനമുണ്ട്. മുര്‍മുവിന്റെ മലകയറ്റം ജീപ്പിലാണ്. സംസ്ഥാന പോലീസിനൊപ്പം സുരക്ഷയ്ക്കായി കേന്ദ്രസേനയും ശബരിമലയില്‍ ഉണ്ട്. ഉള്‍വനങ്ങളിലും പാതകളിലും വനംവകുപ്പും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

വി.വി. ഗിരിക്കുശേഷം സന്നിധാനത്തെത്തുന്ന രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു. 1973 ഏപ്രില്‍ 10നാണ് അന്നത്തെ രാഷ്ട്രപതി വി.വി. ഗിരി ആദ്യമായി ശബരിമല സന്ദര്‍ശിച്ചത്. രാവിലെ 11ന് സന്നിധാനത്തേക്കെത്തിയ വി.വി. ഗിരിയെ 1001 കതിന മുഴക്കിയാണ് വരവേറ്റത്. ഉച്ചകഴിഞ്ഞ് 2.15 വരെ അദ്ദേഹം സന്നിധാനത്ത് ചെലവഴിച്ചു. രാഷ്ട്രപതിയുടെ മകനും അന്ന് കോണ്‍ഗ്രസ് എംപിയുമായിരുന്ന ശങ്കര്‍ ഗിരി, മറ്റു മക്കളായ ഭാസ്‌കര്‍ ഗിരി, മല്ലിക് ഗിരി എന്നിവരും ഒപ്പമുണ്ടായിരുന്നു. ദേവസ്വം ബോര്‍ഡ് ഓഫീസിനു മുകളില്‍ ദേശീയ പതാകയും ഉയര്‍ത്തിയിരുന്നു. പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ചൂരല്‍ കസേരയിലാണ് അദ്ദേഹത്തെ കൊണ്ടുപോയത്. ഇതോടെയാണ് ശബരിമലയില്‍ ഡോളി സമ്പ്രദായം ആരംഭിച്ചത്. രാഷ്ട്രപതിയുടെ മക്കള്‍ കാല്‍നടയായാണ് മല കയറിയത്.

1962ല്‍ കേരള ഗവര്‍ണറായിരിക്കേ, വി.വി. ഗിരിയും ഭാര്യ സരസ്വതി ഗിരിയും ശബരിമലയിലെത്തിയിരുന്നു. ഇതിനുശേഷം അദ്ദേഹം കേന്ദ്രവുമായി ബന്ധപ്പെട്ട് ശബരിമല വികസനത്തിന് കൂടുതല്‍ വനഭൂമിലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. നിലവില്‍ വാഹനത്തില്‍ മല കയറാന്‍ അനുമതിയില്ലെങ്കിലും സുരക്ഷയടക്കം കണക്കിലെടുത്താണ് മുര്‍മുവിനായി വാഹനസൗകര്യം ഒരുക്കുന്നത്. ഇതോടെ വാഹനത്തില്‍ മലകയറുന്ന ആദ്യ തീര്‍ത്ഥാടകയായും ദ്രൗപദി മുര്‍മു മാറും. സന്നിധാനത്തേക്ക് സാധനങ്ങള്‍ ട്രാക്ടറില്‍ എത്തിക്കുന്നുണ്ടെങ്കിലും ഭക്തര്‍ കാല്‍നടയായിട്ടാണ് മലകയറ്റം. രോഗികള്‍ അടക്കമുള്ളവരെ ഡോളിയിലാണ് സന്നിധാനത്തേക്ക് എത്തിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി മാസങ്ങള്‍ക്കുളളില്‍ ശബരിമല ദര്‍ശനത്തിനെത്താനാണ് സാധ്യത. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലം കഴിഞ്ഞുള്ള മാസപൂജ സമയത്ത് നരേന്ദ്ര മോദി എത്താനാണ് സാധ്യത. നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തിയത് ചൊവ്വാഴ്ചയാണ്. വൈകീട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. രാജ്ഭവനിലായിരുന്നു താമസം താമസം. ബുധനാഴ്ച 9.35-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും. റോഡ് മാര്‍ഗം പമ്പയിലെത്തും. തുടര്‍ന്ന് പ്രത്യേക വാഹനത്തില്‍ സന്നിധാനത്തും.

ശബരിമല ദര്‍ശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ ആര്‍ലേക്കര്‍ നല്‍കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും. 23-ന് -10.30-ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.50-ന് ശിവഗിരിയില്‍ ശ്രീനാരായണ ഗുരുമഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പാലാ സെയ്ന്റ്‌തോമസ് കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. അന്ന് കുമരകത്താണ് താമസം. 24-ന് എറണാകുളം സെയ്ന്റ്‌തേരാസസ് കോളേജിലെ ചടങ്ങില്‍ പങ്കെടുത്തശേഷം ഡല്‍ഹിക്ക് മടങ്ങും.