ശബരിമല: ആചാരങ്ങള്‍ എല്ലാം പാലിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്നിധാന ദര്‍ശനം. പമ്പയില്‍ പ്രത്യേകം തയ്യാറാക്കിയ ഭാഗത്ത് കൈകാലുകള്‍ കഴുകി പ്രതീകാത്മക സ്‌നാനം നടത്തിയാണ് കെട്ടു നിറച്ചത്. ഇരുമടി കെട്ടുമായി പമ്പാ ഗണപതിയേയും തൊഴുതു. രാഷ്ട്രപതിയെ അനുഗമിച്ച ഒഎസ്ഡിയും സുരക്ഷാ ഉദ്യോഗസ്ഥരും കെട്ടു നിറച്ചു. അവരും ഇരുമുടിയുമായാണ് സന്നിധാനത്തേക്ക് പോയത്. ദേവസ്വം ബോര്‍ഡിന്റെ ജീപ്പില്‍ മലകയറി സന്നിധാനത്ത് എത്തി. അതിന് ശേഷം പതിനെട്ടാം പടിയും കയറി. കേരളാ പോലീസിന്റെ പ്രത്യേക സേനയാണ് ഭക്തരെ പതിനെട്ടാം പടി കയറാന്‍ സഹായിക്കാറുള്ളത്. എന്നാല്‍ രാഷ്ട്രപതിയെ കൈപിടിച്ച് പതിനെട്ടാം പടി കയറ്റിയത് ഒപ്പം അനുഗമിച്ച ഇരുമുടി കെട്ടേന്തിയ സുരക്ഷാ ഉദ്യോഗസ്ഥനാണ്. രാഷ്ട്രപതിയെ അനുഗമിക്കുമ്പോള്‍ വേണ്ട വസ്ത്രങ്ങള്‍ ധരിച്ചാണ് ഒഎസ്ഡിയും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും അനുഗമിച്ചത്. പതിനെട്ടാം പടി കയറിയെത്തിയ രാഷ്ട്രപതിയെ പൂര്‍ണ്ണ കുംഭം നല്‍കിയാണ് സ്വീകരിച്ചത്. പൂര്‍ണ്ണ കുംഭം തൊട്ടു വണങ്ങി വാങ്ങിയ രാഷ്ട്രപതി ധര്‍മ്മശാസ്താവിന് മുന്നില്‍ കണ്ണടച്ച് പാര്‍ത്ഥിച്ചു. ക്ഷേത്രത്തിനുള്ളില്‍ നിന്നുള്ള ദീപാരാധനയും വാങ്ങി കണ്‍നിറയെ അയ്യനെ തൊഴുത് അവര്‍ ആത്മനിര്‍വൃതിയണഞ്ഞു. എല്ലാ അര്‍ത്ഥത്തിലും ആചാരങ്ങള്‍ പാലിച്ചായിരുന്നു ക്ഷേത്ര ദര്‍ശനം. മാളികപുറത്തും രാഷ്ട്രപതി എത്തി. വിവി ഗിരിയ്ക്ക് ശേഷം സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയാണ് ദ്രൗപതി മുര്‍മു. അഞ്ചു പതിറ്റാണ്ടിന് ശേഷം വലിയ സുരക്ഷയൊരുക്കിയാണ് രാഷ്ട്രപതി സന്നിധാനത്ത് എത്തിയത്.

11.45നാണ് രാഷ്ട്രപതി പതിനെട്ടാം പടി കയറിയത്. പ്രത്യേക വാഹനത്തില്‍ 15 മിനിറ്റ് കൊണ്ടാണ് രാഷ്ട്രപതി ശബരിമലയില്‍ എത്തിയത്. രാഷ്ട്രപതിക്കൊപ്പം അംഗരക്ഷകരും ഇരുമുടി കെട്ടേന്തിയാണ് മല കയറിയത്. രാഷ്ട്രപതി അയ്യപ്പനെ തൊഴുന്ന സമയത്ത് പിന്നില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവനും ഉണ്ടായിരുന്നു. പമ്പയിലെത്തിയ രാഷ്ട്രപതി അവിടെ നിന്നും കെട്ടുനിറച്ചാണ് ശബരിമല കയറിയത്. രാഷ്ട്രപതി പടി കയറി കൊടിമരച്ചുവട്ടില്‍ എത്തുമ്പോള്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. ദര്‍ശനത്തിനു ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിലാണു ഭക്ഷണവും വിശ്രമവും. 3 വരെ അവിടെ ഉണ്ടാകും. രാഷ്ട്രപതിക്ക് ദേവസ്വം ബോര്‍ഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയില്‍ കൊത്തിയെടുത്ത അയ്യപ്പ രൂപം നല്‍കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുമുറ്റം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, രാഷ്ട്രപതി താമസിക്കുന്ന ദേവസ്വം ഗെസ്റ്റ്ഹൗസ് എന്നിവ പ്രത്യേക സുരക്ഷാ സംഘത്തിന്റെ നിയന്ത്രണത്തിലാണ്. മലകയറും മുന്‍പ് രാഷ്ട്രപതിക്ക് പമ്പാ സ്‌നാനം നടത്താന്‍ ത്രിവേണിയില്‍ ജലസേചന വകുപ്പ് താല്‍ക്കാലിക സ്‌നാനഘട്ടം ഒരുക്കിയിരുന്നു.

പമ്പയിലെത്തി പമ്പാസ്‌നാനത്തിന് ശേഷം കെച്ചുനിറച്ചത് പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്. ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് ഹെലികോപ്ടറില്‍ പത്തനംതിട്ടയിലേക്ക് പോയി.. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്ടര്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാര്‍ എംഎല്‍എ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദ് എന്നിവരും സ്വീകരിക്കാനെത്തി. പൊലീസിന്റെ ഫോഴ്‌സ് ഗൂര്‍ഖാ വാഹനത്തിലാണ് സന്നിധാനത്തേക്ക് എത്തിയത്. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ നല്‍കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശബരിമലയില്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിയിരുന്നു.

വി.വി. ഗിരിക്കുശേഷം ശബരിമല സന്ദര്‍ശിക്കുന്ന രാഷ്ട്രപതിയാണ് മുര്‍മു. വി.വി.ഗിരിയുടെ സന്ദര്‍ശനത്തിനുശേഷം അഞ്ച്പതിറ്റാണ്ട് പിന്നിടുമ്പോഴാണ് മറ്റൊരു രാഷ്ട്രപതി സന്നിധാനത്തേക്കെത്തുന്നത്. ഗിരി എത്തുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും കൊടും കാടായിരുന്നു ശബരിമല. ഇന്ന് വലിയ മാറ്റങ്ങളുണ്ട്. സംവിധാനങ്ങളും വിപുലമായി. ജീപ്പ് അടക്കം സംവിധാനമുണ്ട്. 1973 ഏപ്രില്‍ 10നാണ് അന്നത്തെ രാഷ്ട്രപതി വി.വി. ഗിരി ആദ്യമായി ശബരിമല സന്ദര്‍ശിച്ചത്. രാവിലെ 11ന് സന്നിധാനത്തേക്കെത്തിയ വി.വി. ഗിരിയെ 1001 കതിന മുഴക്കിയാണ് വരവേറ്റത്. ഉച്ചകഴിഞ്ഞ് 2.15 വരെ അദ്ദേഹം സന്നിധാനത്ത് ചെലവഴിച്ചു. രാഷ്ട്രപതിയുടെ മകനും അന്ന് കോണ്‍ഗ്രസ് എംപിയുമായിരുന്ന ശങ്കര്‍ ഗിരി, മറ്റു മക്കളായ ഭാസ്‌കര്‍ ഗിരി, മല്ലിക് ഗിരി എന്നിവരും ഒപ്പമുണ്ടായിരുന്നു. ദേവസ്വം ബോര്‍ഡ് ഓഫീസിനു മുകളില്‍ ദേശീയ പതാകയും ഉയര്‍ത്തിയിരുന്നു. പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ചൂരല്‍ കസേരയിലാണ് അദ്ദേഹത്തെ കൊണ്ടുപോയത്. ഇതോടെയാണ് ശബരിമലയില്‍ ഡോളി സമ്പ്രദായം ആരംഭിച്ചത്. രാഷ്ട്രപതിയുടെ മക്കള്‍ കാല്‍നടയായാണ് മല കയറിയത്.

1962ല്‍ കേരള ഗവര്‍ണറായിരിക്കേ, വി.വി. ഗിരിയും ഭാര്യ സരസ്വതി ഗിരിയും ശബരിമലയിലെത്തിയിരുന്നു. ഇതിനുശേഷം അദ്ദേഹം കേന്ദ്രവുമായി ബന്ധപ്പെട്ട് ശബരിമല വികസനത്തിന് കൂടുതല്‍ വനഭൂമിലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. നിലവില്‍ വാഹനത്തില്‍ മല കയറാന്‍ അനുമതിയില്ലെങ്കിലും സുരക്ഷയടക്കം കണക്കിലെടുത്താണ് മുര്‍മുവിനായി വാഹനസൗകര്യം ഒരുക്കുന്നത്. ഇതോടെ വാഹനത്തില്‍ മലകയറുന്ന ആദ്യ തീര്‍ത്ഥാടകയായി ദ്രൗപദി മുര്‍മു മാറി. സന്നിധാനത്തേക്ക് സാധനങ്ങള്‍ ട്രാക്ടറില്‍ എത്തിക്കുന്നുണ്ടെങ്കിലും ഭക്തര്‍ കാല്‍നടയായിട്ടാണ് മലകയറ്റം. രോഗികള്‍ അടക്കമുള്ളവരെ ഡോളിയിലാണ് സന്നിധാനത്തേക്ക് എത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മാസങ്ങള്‍ക്കുളളില്‍ ശബരിമല ദര്‍ശനത്തിനെത്താനാണ് സാധ്യത. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലം കഴിഞ്ഞുള്ള മാസപൂജ സമയത്ത് നരേന്ദ്ര മോദി എത്താനാണ് സാധ്യത. ഈ സാഹചര്യത്തില്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം സുരക്ഷാ ഏജന്‍സികള്‍ക്ക് ശബരിമലയെ അടുത്തറിയാനുള്ള അവസരം കൂടിയായി മാറി.