പത്തനംതിട്ട: ശബരിമലയില്‍ വന്‍ പ്രതിസന്ധി. ലോവര്‍ തിരുമുറ്റത്തെ തിരക്ക് കണ്ട് ഞാന്‍ തന്നെ ആശങ്കപ്പെടുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ചന്ദ്രാനന്ദന്‍ റോഡ് വഴി ആളുകള്‍ ചാടിയെത്തുന്നു. എല്ലാ അര്‍ത്ഥത്തിലും പോലീസ് പരാജയപ്പെട്ടുവെന്ന സൂചനയാണ് ജയകുമാര്‍ നല്‍കുന്നത്. വൃശ്ചികം രണ്ടാം തീയതി സാധാരണ സന്നിധാനത്ത് കാണാത്ത തിരക്കാണ് ഉള്ളതെന്നും സമ്മതിച്ചു. പമ്പയിലേക്ക് ഭക്തരെ വിടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് പോലീസിന് കത്തും നല്‍കി. പമ്പയില്‍ വലിയ ഭക്തജനകൂട്ടമുണ്ട്. പത്തും പതിനഞ്ചും മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഉണ്ടെന്നും ജയകുമാര്‍ തന്നെ പറയുന്നു. ദേവസ്വം ജീവനക്കാര്‍ മെസ് സ്വകര്യമില്ല. ശുചിമുറികള്‍ വൃത്തിയാക്കാന്‍ സംവിധാനമില്ല. കുടിവെള്ള വിതരണത്തിനും പ്രശ്‌നമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സമ്മതിക്കുന്നു. അതായത് വമ്പന്‍ പ്രതിസന്ധിയിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. എല്ലാം സുഗമമാണെന്ന് പോലീസ് പറയുമ്പോഴാണ് ഇത്. ക്യൂകോംപ്ലക്‌സിന്റെ ഉദ്ദേശം നിറവേറ്റിയിട്ടില്ലെന്നും ജയകുമാര്‍ പറയുന്നു. അവധി ദിവസങ്ങളാകുമ്പോള്‍ ഇനിയും തിരക്ക് കൂടും. ഈ സ്ഥിതിഗതിയെ എങ്ങനെ നേരിടുമെന്ന ചോദ്യം ഈ ഘട്ടത്തില്‍ പ്രസക്തമാണ്.

ശബരിമലയില്‍ ഭക്ത ക്ഷേമത്തിനെന്നോണം കെ ജയകുമാറിനെ മണ്ഡല തീര്‍ത്ഥാടനത്തിന് തൊട്ടു മുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കിയിട്ടും പുറത്തേക്ക് വരുന്നത് ദുരിത വാര്‍ത്തകള്‍ മാത്രം. 15 മണിക്കൂറോളം ക്യൂ നില്‍ക്കണം. തീര്‍ത്ഥാടനത്തിന്റെ തുടക്കത്തില്‍ ഭക്തജന പ്രവാഹമാണ് സന്നിധാനത്തേക്ക്. ശബരിമലയില്‍ കൊള്ള നടത്തിവര്‍ പിടിയിലായതോടെ വിശ്വാസികള്‍ക്ക് ആവേശത്തോടെ മല ചവിട്ടുകയാണ്. വലിയ തോതില്‍ മലയാളികളും എത്തുന്നു. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ പ്ലാസ്റ്റിക് നിരോധനത്തിന് ബദല്‍ ഇല്ലാത്തത് വലിയ പ്രതിസന്ധിയായിട്ടുണ്ട്. കുടിവെള്ളമില്ലാതെ വലയുകയാണ് ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്നവര്‍. എല്ലാ പോയിന്റുകളിലും കുടിവെള്ളം നല്‍കാനുള്ള സംവിധാനം കുറവുണ്ട്. ഭക്തര്‍ക്ക് ബിസ്‌കറ്റ് നല്‍കുന്ന തരത്തിലെ ലഘുഭക്ഷണ വിതരണമെന്ന പദ്ധതിയും അവതാളത്തിലായി. മുമ്പ് ഇതെല്ലാം സ്‌പോണ്‍സര്‍മാരാണ് നല്‍കിയിരുന്നത്. നിലവിലെ വിവാദങ്ങളോടെ സ്‌പോണ്‍സര്‍മാര്‍ക്ക് ആശങ്കകള്‍ പലതാണ്. ഇതും ബിസ്‌കറ്റ് വിതരണത്തെ ബാധിച്ചിട്ടുണ്ട്. പോലീസിനെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന പ്രസ്താവനയാണ് ജയകുമാറിന്റേത്. ആള്‍ക്കൂട്ട നിയന്ത്രണത്തില്‍ വലിയ പിഴവുണ്ടാകുന്നുവെന്നണ് ജയകുമാര്‍ പറയാതെ പറയുന്നത്.

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്ന ആദ്യദിവസങ്ങളില്‍ തന്നെ തിരക്ക് വര്‍ദ്ധിച്ച്, നിലയ്ക്കലില്‍ കെഎസ്ആര്‍ടിസി, പൊലീസ് ക്രമീകരണങ്ങളും താളം തെറ്റുന്നു. സന്നിധാനത്തേക്കുള്ള കെഎസ്ആര്‍ടിസി ബസുകളില്‍ കയറാന്‍ കഴിയാതെ തീര്‍ത്ഥാടകര്‍ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. മുന്‍ വര്‍ഷങ്ങളില്‍ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. അതാണ് തീര്‍ത്ഥാടകരുടെ തിക്കിനും തിരക്കിനും പ്രധാന കാരണം. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സന്നിധാനത്തും പമ്പയിലും തിരക്ക് നിയന്ത്രിക്കാന്‍ സാധാരണയായി ഉണ്ടാകാറുള്ള എന്‍ഡിആര്‍എഫ്, ആര്‍എഎഫ് തുടങ്ങിയ കേന്ദ്ര സേനകളുടെ അഭാവമാണ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നത്. തിരക്ക് ക്രമാധീതമായി വര്‍ദ്ധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയില്‍ നിയോഗിച്ചിട്ടില്ല. കേന്ദ്ര സേനകളെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് കത്ത് അയച്ചിരുന്നെങ്കിലും, മണ്ഡലകാലം തുടങ്ങുന്ന ദിവസം മുതല്‍ സേനകള്‍ ഉണ്ടാകേണ്ട പതിവ് ഇത്തവണ തെറ്റി.

ദര്‍ശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂര്‍ വരെ നീണ്ടു. നട തുറന്ന ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനം നടത്താനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തരുടെ പ്രവാഹമാണ്. വെര്‍ച്വല്‍ ക്യൂ സംവിധാനമുണ്ടെങ്കിലും കുട്ടികളും പ്രായമായ സ്ത്രീകളുമടക്കമുള്ള ഭക്തര്‍ മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കേണ്ട സ്ഥിതിയുണ്ട്.

സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാന്‍ പമ്പ മുതല്‍ നിയന്ത്രണ ക്രമീകരണം ഉണ്ടാകും. സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും പമ്പയില്‍ നിന്ന് തീര്‍ത്ഥാടകാരെ കടത്തി വിടുക. ദിനംപ്രതി 90,000 പേര്‍ക്കാണ് മല കയറാന്‍ അവസരമുള്ളത്. സത്രം വഴി, കാനന പാതയിലൂടെയും ഭക്തരെ കടത്തി വിടുന്നുണ്ട്. ആകെ പതിനെട്ടു മണിക്കൂര്‍ ആണ് ശബരിമലയില്‍ ദര്‍ശന സമയം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ തിരക്ക് ക്രമാതീതമായി വര്‍ധിക്കാന്‍ സാധ്യതയേറെയാണ്. ഇത് മുന്‍കൂട്ടി കണ്ട് വിപുലമായ സജ്ജീകരണങ്ങളൊരുക്കിക്കൊണ്ടിരിക്കുകയാണ്.

മണ്ഡല- മകരവിളക്ക് മഹോത്സവത്തിനായി നവംബര്‍ 16ന് നട തുറന്ന ശേഷം ഇന്നലെ വരെ 1,36,000 ത്തില്‍ അധികം പേര്‍ ദര്‍ശനം നടത്തിയതായി എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു. ആദ്യ ദിനം മാത്രം 55,000 ഓളം പേരാണ് ദര്‍ശനത്തിന് എത്തിയത്. തീര്‍ഥാടനകാലത്തേക്കായി 18,000 പോലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. നിലവില്‍ 3500 ഉദ്യോഗസ്ഥരെ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സുഗമവും സുരക്ഷിതവുമായ തീര്‍ഥാടനത്തിനായി പോലിസ് എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പറയുമ്പോഴും ചാനലുകള്‍ അടക്കം പുറത്തു വിടുന്ന പ്രതികരണങ്ങള്‍ ഭക്തരുടെ നിരാശയാണ് തെളിയിക്കുന്നത്. തീര്‍ഥാടകര്‍ നിര്‍ദേ ശങ്ങള്‍ പാലിച്ച് ദര്‍ശനം നടത്തി മടങ്ങണം. വിര്‍ച്ച്യല്‍ ക്യൂ ബുക്കിംഗിലൂടെയുള്ള 70,000 പേരേയും സ്‌പോട്ട് ബുക്കിംഗിലൂടെയുള്ള 20,000 പേരേയും ഉള്‍പ്പടെ പരമാവധി 90,000 തീര്‍ഥാടകര്‍ക്കാണ് ഒരു ദിവസം ദര്‍ശനം അനുവദിക്കുക. എന്നാല്‍ അതിന് അപ്പുറത്തേക്ക് ആളുകള്‍ എത്തുന്നുണ്ട്.

എല്ലാവര്‍ക്കും സുഗമമായ തീര്‍ഥാടനം ഉറപ്പാക്കുന്നതിനായി വിര്‍ച്യല്‍ ക്യൂ പാസ് അനുവദിച്ചിട്ടുള്ള ദിവസം തന്നെ ദര്‍ശനം നടത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കുടിവെള്ളത്തിനൊപ്പം ശുചിമുറികളുടെ പ്രതിസന്ധിയും ചര്‍ച്ചയാകുന്നുണ്ട്. സ്ഥാപിച്ച പല ബയോ ടോയിലറ്റുകളിലേക്കും വെള്ളത്തിന്റെ കണക്ഷന്‍ കൊടുക്കാത്തത് പ്രതിസന്ധിയാണ്.